തൃശൂർ: ചേറ്റുവയിൽ പിടികൂടിയ ആംബർ ഗ്രിസ് വിഷയത്തിൽ പലവിധത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. കടലിൽ നിന്നും കുട്ടിയതാണ് ആംബർ ഗ്രിസ് എന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ യഥാർഥ വില അറിവുണ്ടായിരുന്നില്ലെന്നും പ്രതികളായ റഫീഖും ഫൈസലും പറയുന്നു. അതേസമയം അത്തർ കച്ചവടക്കാരനായ ഹംസക്കാണ് ഇതേക്കുറിച്ച് എന്തെങ്കിലും ധാരണ ഉണ്ടായിരുന്നത് എന്നാണ പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

മലപ്പുറം സ്വദേശിയായ മത്സ്യത്തൊഴിലാളി കടലിൽ പോയപ്പോൾ തിരയിൽ ഒഴുകി നടന്നിരുന്ന ആംബർ ഗ്രിസ് കാണുകയായിരുന്നെന്നാണ് പിടിയിലായവർ പറയുന്നത്. അത്തർ വ്യാപാരിയായ ഹംസയ്‌ക്കൊഴികെ മറ്റുള്ളവർക്കാർക്കും ഇതിന്റെ മൂല്യത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നും സൂചനയുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വിടാൻ കോടതി അനുവാദം നൽകി.

സുഗന്ധദ്രവ്യ നിർമ്മാണത്തിനുപയോഗിക്കുന്ന അമൂല്യ അസംസ്‌കൃത വസ്തുവായ ആംബർ ഗ്രിസുമായി പിടിയിലായ പ്രതികളെ ഫ്‌ളയിങ് സ്‌ക്വാഡിൽ നിന്ന് പട്ടിക്കാട് റേഞ്ച് ഓഫിസ് സംഘം വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഗുണ്ടൂരിൽ ആംബർ ഗ്രിസ് വിൽപന സംഘത്തെ കുടുക്കിയ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് ഇതേക്കുറിച്ചു വിവരം ലഭിച്ചതാണ് നിർണായകമായത്.

ആംബർ ഗ്രിസിന്റെ വിലയോ നിയമക്കുരുക്കുകളോ അറിയില്ലായിരുന്നു എന്നു റഫീഖും ഫൈസലും മൊഴിനൽകി. മത്സ്യത്തൊഴിലാളിയിൽ നിന്നു ഹംസയും കൂട്ടരും ആംബർ ഗ്രിസ് വാങ്ങിയത് മനസ്സിലാക്കി വനം വിജിലൻസ് സംഘം ആഴ്ചകളോളം വിലപേശി ഇവരെ കുടുക്കുകയായിരുന്നു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചതിനാൽ നാളെ അന്വേഷണ സംഘം ഇവരെ ഏറ്റുവാങ്ങി തെളിവെടുപ്പിനു കൊണ്ടുപോകും.

പ്രതികൾക്ക് ആംബർ ഗ്രിസ് കൈമാറിയയാൾ എന്നു സംശയിക്കുന്ന മത്സ്യത്തൊഴിലാളിയെ വനംവകുപ്പ് സംഘം ബന്ധപ്പെട്ടപ്പോൾ ലഭിച്ചത് കൗതുകം നിറഞ്ഞ മറുപടി. കടലിൽ ഒഴുകി നടക്കുന്ന പരന്ന, ഗന്ധമുള്ള, വിചിത്ര വസ്തു കണ്ടപ്പോൾ വെറുതേ വള്ളത്തിലിട്ടു കൊണ്ടുപോരുകയായിരുന്നു എന്നായിരുന്നു. അതേസമയം ഈ സംഭവത്തിൽ വനം വകുപ്പിന്റെ ഇടപെടൽ പലവിധത്തിലുള്ള ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. എന്തിനാണ് വനം വകുപ്പ് ഇത്തരമൊരു കാര്യത്തിൽ ഇടപെട്ടത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

വനംവകുപ്പ് ആസൂത്രിതമായി ഇവരെ കുടുക്കുകയായിരുന്നു.കടലിൽ കിടക്കുന്ന തിമിംഗലത്തിന്റെ കാര്യത്തിൽ വനംവകുപ്പിനെന്ത് കാര്യം എന്ന സംശയത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് 'അൺക്യുവേർഡ് ട്രോഫി' എന്ന നിയമ പ്രയോഗം. മുമ്പ് മോഹൻലാലിന്റെ ആനകൊമ്പ് കേസിൽ അടക്കം ചർച്ചയായത് ഈ നിയമമായിരുന്നു.

വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയുമൊക്കെ ശരീരമോ ശരീരഭാഗങ്ങളോ സംരക്ഷിച്ചു സൂക്ഷിക്കുന്ന അവസ്ഥയെ ആണ് വന്യജീവി നിയമത്തിൽ ട്രോഫി എന്നു വിശദീകരിക്കുന്നത്. ഇങ്ങനെ സൂക്ഷിക്കാൻ ലൈസൻസ് ആവശ്യമാണ്. തിമിംഗലം പുറന്തള്ളുന്ന ആംബർ ഗ്രിസും വനംവകുപ്പിന്റെ കണ്ണിൽ അൺക്യുവേർഡ് ട്രോഫി ആണ്. അതു ലൈസൻസില്ലാതെ കൈവശം വയ്ക്കുന്നതും വിൽക്കാൻശ്രമിക്കുന്നതുമെല്ലാം നിയമവിരുദ്ധമാണ്.

സുഗന്ധദ്രവ്യ നിർമ്മാണത്തിന് ആയിരം വർഷത്തിലേറെയായി ആംബർ ഗ്രിസ് ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ (ഫിക്‌സേറ്റീവ്) എന്ന നിലയിലാണ് ഇവയുടെ മൂല്യമേറുന്നത്. പതിറ്റാണ്ടുകൾ കടലിലൊഴുകി ഇവ സങ്കീർണ വാസനകൾ ആവാഹിക്കും. പുകയില, പഴകിയ തടി, കടൽപായൽ, ചന്ദനം തുടങ്ങിയ ഗന്ധങ്ങൾ കൈവരും. ആംബർ ഗ്രിസിനു സമാനമായ ഗന്ധമുള്ള ബദൽ രാസസംയുക്തങ്ങൾ നിർമ്മിക്കാൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞിട്ടുണ്ട്.