ന്യുഡൽഹി: ആത്മർത്ഥമായി ആഗ്രഹിച്ചാൽ വിജയം കൈവരിക്കുമെന്ന് ഉറച്ച ലക്ഷ്യമുണ്ടെങ്കിൽ ലോകം മുഴുവൻ കീഴടക്കാം എന്നതിന്റെ ഉദാഹരണമാണ് മുംബൈയിലെ ലേഡി സിംഹം എന്നറിയപ്പെടുന്ന എൻ അംബിക ഐ.പി.എസിന്റെ ജീവിതം. എൻ. അംബിക അത്തരമൊരു ധീരയായ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവർ വിജയം വരിച്ചു, അതിന് അവരെ സഹായിച്ചതോ അവരുടെ ഭർത്താവും.

അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്‌നാട്ടിലെ ദിണ്ടിക്കലിലെ ഒരു പൊലീസ് കോൺസ്റ്റബിളുമായുള്ള അവളുടെ വിവാഹം നടന്നത്. കളിച്ചുനടക്കേണ്ട പ്രായത്തിൽ തന്നെ വീട്ടിലെ ചുമതലകൾ ഏറ്റെടുക്കാൻ അവൾ നിർബന്ധിതയായി. പതിനെട്ടാം വയസ്സിൽ, ഐഗൻ, നിഹാരിക എന്നീ രണ്ട് പെൺമക്കളുടെ അമ്മയായി അവൾ. അംബികയുടെ ഭർത്താവ് തമിഴ് നാട് സർക്കാരിലെ പൊലീസ് കോൺസ്റ്റബിളായിരുന്നു. ഒരു വീട്ടമ്മയായി അവൾ ജീവിതം തള്ളിനീക്കുമ്പോഴും, ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു പരേഡ് പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ അവളെയും കൂടെക്കൂട്ടി അതിൽ അവിടത്തെ ഐ.ജിയും ഡിജിയും വിശിഷ്ടാതിഥികളായിരുന്നു.

ഡി.ജിക്കും ഐ.ജിക്കും ലഭിച്ച ആദരവും, ബഹുമാനവും അംബികയിൽ മതിപ്പുളവാക്കി. വീട്ടിൽ തിരിച്ചെത്തിയശേഷം അവൾ ഭർത്താവിനോട് ചോദിച്ചു ''ആരാണ് ഈ ഉദ്യോഗസ്ഥർ, അവർക്ക് എന്തിനാണ് ഈ വിഐപി പരിഗണന നൽകുന്നത്?'' ഇതുകേട്ട് ചിരിച്ചുകൊണ്ട് ഭർത്താവ് പറഞ്ഞു: ''അവർ ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥരാണ്.'' അപ്പോൾ മുതൽ അവൾക്കും ഒരു ഐപിഎസ് ഉദ്യോഗസ്ഥയാകണമെന്നുള്ള ആഗ്രഹം വളർന്നു. എന്നാൽ, ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ കാരണം അവൾക്ക് എസ്എസ്എൽസി പൂർത്തിയാക്കാൻ സാധിച്ചില്ല. എന്നാൽ, അവളുടെ ഭർത്താവ് അവളെ പിന്തുണച്ചു.

എസ്എസ്എൽസിയും, പിന്നീട് വിദൂര പി.യു.സിയും ബിരുദവും പൂർത്തിയാക്കാൻ അദ്ദേഹം അവളെ ഉപദേശിച്ചു. അതനുസരിച്ച് അവൾ അത് പഠിച്ചെടുത്തു. കുട്ടികളുടെയും, ഭർത്താവിന്റെയും കാര്യങ്ങൾ നോക്കുന്നതിനൊപ്പം അവൾ പഠനവും മുന്നോട്ട് കൊണ്ടുപോയി. അടുത്ത കടമ്പ സിവിൽ സർവീസ് പരീക്ഷയായിരുന്നു. അതിനായി ഏറ്റവും അടുത്ത കോച്ചിങ് ലഭിക്കുന്ന സ്ഥലം അന്വേഷിച്ചു. അത് ചെന്നൈയിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അവളുടെ ഭർത്താവ് അവൾക്ക് അവിടെ താമസസൗകര്യം ഒരുക്കുകയും, അവളുടെ ഐപിഎസ് കോച്ചിംഗിനായുള്ള മറ്റെല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. അങ്ങനെ ചെന്നൈയിൽ താമസിച്ച അവർ കോച്ചിങ് ക്ലാസുകളിൽ പങ്കെടുത്തു. എന്നാൽ എത്ര ശ്രമിച്ചിട്ടും അവൾക്ക് അത് നേടിയെടുക്കാനായില്ല. മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടപ്പോൾ, ഭർത്താവ് അവളെ ആശ്വസിപ്പിക്കുകയും തിരികെ വരാൻ ആവശ്യപ്പെടുകയും ചെയ്തു.

അപ്പോഴും പിന്മാറാൻ അവൾക്ക് മനസ്സ് വന്നില്ല. അംബിക ക്ഷമയോടെ പറഞ്ഞു, ''എനിക്ക് ഒരു വർഷം കൂടി തരൂ. ഞാൻ വീണ്ടും ശ്രമിക്കും, വിജയിച്ചില്ലെങ്കിൽ, ഞാൻ തിരിച്ചുവന്ന് ഏതെങ്കിലും സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യാം.'' അവളുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ട് നിൽക്കുന്ന ഭർത്താവ് അവളുടെ ഈ ആഗ്രഹത്തിനും സമ്മതം മൂളി. അവൾ അതികഠിനമായി പരിശ്രമിച്ചു. 2008 -ൽ ഐപിഎസ് ക്ലിയർ ചെയ്ത ശേഷം അംബിക പരിശീലനം പൂർത്തിയാക്കി. പരിശീലനത്തിനിടയിൽ, അവളുടെ ബാച്ച്മേറ്റ്സ് അവളുടെ ശ്രദ്ധയെ മാത്രമല്ല, അവളുടെ ധൈര്യത്തെയും പ്രശംസിച്ചു. അംബിക ഇപ്പോൾ നോർത്ത് മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നു.

നിരവധി സ്ത്രീകൾക്ക് ഒരു മാതൃകയാണ് അംബിക. അംബികയുടെ ധൈര്യം മാത്രമല്ല, അവളുടെ ഭർത്താവിന്റെ അപാരമായ ത്യാഗവും പിന്തുണയും ക്ഷമയും എടുത്ത് പറയേണ്ടതാണ്. ജീവിതത്തിൽ തളരാതെ മുന്നോട്ടുപോയ അംബികയും, ഒരു ഭാര്യയുടെ സ്വപ്നം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകിയ അംബികയുടെ ഭർത്താവും എല്ലാവർക്കുമൊരു പ്രചോദനമാണ്.