കൊല്ലം: 'എനിക്ക് ഒരു അച്ഛനെയും അമ്മയേയും വേണം'. അമ്പിളിയെക്കാൾ ഇഷ്ടം മകനെയാണ്. സന്തോഷകരമായ ഒരു കുടുംബത്തിനൊപ്പമാവണം ഇനിയുള്ള കാലം. വിവാഹം ആലോചിച്ച് ആദിത്യൻ ജയൻ ചവറയിലെ വീട്ടിലെത്തിപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു എന്ന് അമ്പിളീ ദേവിയുടെ പിതാവ് ബാല ചന്ദ്രൻ പിള്ള മറുനാടനോട് പറഞ്ഞു. ഇതു കേട്ടപ്പോൾ നല്ലൊരു മനസ്സിന്റെ ഉടമയായിരിക്കും എന്ന് കരുതി. കൂടാതെ ആദ്യ വിവാഹം ഒഴിഞ്ഞത് തന്റെ ചില പിടിവാശികൾ മൂലമാണെന്നും തെറ്റ് ചതന്റെ ഭാഗത്താണെന്ന് തിരിച്ചറിയാൻ വൈകിയെന്നും പറഞ്ഞു. എല്ലാം മനസ്സിലാക്കി മകൾക്ക് നല്ലൊരു ഭർത്താവാകാനും ആദ്യ വിവാഹത്തിലെ കുഞ്ഞിന് ഒരു അച്ഛനാവാനും കഴിയുന്ന ആളാണ് എന്ന് വിശ്വസിച്ചതുകൊണ്ടാണ് വിവാഹം നടത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു വിവാഹം കഴിച്ചിരുന്നു എന്നു മാത്രമുള്ള വിവരമാണ് അറിയാമായിരുന്നത്. മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെ ഒരു വിവരം ലഭിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഈ വിവാഹം നടക്കില്ലായിരുന്നു. അമ്പിളി ആദിത്യന്റെ സ്നേഹ നാടകത്തിൽ വീണു പോയതാണ് ഈ ചതിയിൽപ്പെടാൻ കാരണം. ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞതിന് ശേഷം മറ്റൊരു ആലോചനയെത്തിയിരുന്നു. വിവാഹം കഴിഞ്ഞാൽ വിദേശത്തേക്ക് കൊണ്ടു പോകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മകനെ അവിടേക്ക് കൊണ്ടു പോകാൻ കഴിയില്ല എന്ന് അറിഞ്ഞതോടെ ആ വിവാഹം അമ്പിളി തന്നെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ആദിത്യൻ വിവാഹ ആലോചനയുമായെത്തുന്നത്. ഇരുവർക്കും തമ്മിൽ അടുത്തറിയാവുന്നവരായതിനാൽ എതിർപ്പില്ലായിരുന്നു. കൂടാതെ ഈ വിവാഹം കഴിച്ചു കഴിയുമ്പോൾ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്നേഹം ലഭിക്കും എന്നു കൂടി പറഞ്ഞതോടെ മനസ്സിൽ നന്മയുള്ളയാളാകും എന്നുകൂടി തെറ്റിദ്ദരിച്ചു. അങ്ങനെയാണ് വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞതിന് ശേഷം ബന്ധുക്കളെയും നാട്ടുകാരെയും എല്ലാം കയ്യിലെടുത്തു. സൗമ്യമായ സംസാരവും ബഹുമാനവുമൊക്കെ മറ്റുള്ളവരിൽ മതിപ്പുളവാക്കുകയും ചെയ്തു. വൈകിയാണെങ്കിലും മകൾക്ക് നല്ലൊരു ഭർത്താവിനെ ലഭിച്ചതിൽ ഞങ്ങളെല്ലാവരും അതിയായി സന്തോഷിച്ചു. എന്നാൽ വളരെ പെട്ടെന്നായിരുന്നു ആദിത്യന്റെ സ്വഭാവത്തിൽ മാറ്റം വന്നത്. ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല. എന്നാൽ ഒരു ദിവസം വീടിന് പുറത്ത് വച്ച് അമ്പിളിയെ അടിച്ചു എന്നറിഞ്ഞതോടെയാണ് പ്രശ്നം ഗുരുതരമാണെന്ന് അറിഞ്ഞത്. ഗർഭിണിയായി ഇരുന്ന സമയമായിരുന്നു അത്. അതിനാൽ എങ്ങനെയും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തി. എന്നാൽ പിന്നീട് കൂടുതൽ രൂക്ഷമാകുകയായിരുന്നു എന്ന് ബാലചന്ദ്രൻ പിള്ള പറഞ്ഞു.

വിവാഹം നടക്കുമ്പോൾ സ്ത്രീധനമൊന്നും വാങ്ങിയിരുന്നില്ല. എന്നാൽ പിന്നീട് ലോൺ അടക്കാനായി പണം ആവശ്യപ്പെട്ടപ്പോൾ പണവും സ്വർണ്ണവും നൽകി. കപട സ്നേഹം കാട്ടിയാണ് വിവാഹം കഴിച്ച് ആദിത്യൻ ചതി ചെയ്തിരിക്കുന്നത്. മകളെ ശാരീരികമായി ഉപദ്രവിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും പൊലീസിൽ പരാതി നൽകാൻ ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നും ഭയമുണ്ട്. അതിനാൽ പൊലീസ് പ്രൊട്ടക്ഷന് വേണ്ടിയുള്ള നടപടിക്രമങ്ങൾക്കും ആലോചനയുണ്ട് എന്നും ബാല ചന്ദ്രൻ പിള്ള പറഞ്ഞു.

അമ്പിളി ദേവിക്കെതിരെ നടനും ഭർത്താവുമായ ആദിത്യൻ കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അമ്പിളിക്ക് വേറെയൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു ആദിത്യന്റെ ആരോപണം. ചില സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇതിനോട് അമ്പിളി ദേവിയും പ്രതികരിച്ചിട്ടുണ്ട്.

'അത്ര മോശം സ്ത്രീ ആയിരുന്നെങ്കിൽ എന്തിനാ കല്യാണം കഴിച്ചത്? ഷിജു മേനോന്റേത് പ്രപ്പോസൽ വന്നതാണ്. ഡിവോഴ്സ് കഴിഞ്ഞ ശേഷം എന്റെ ഡാൻസ് ടീച്ചർ വഴി ഒരു പ്രപ്പോസൽ വന്നിരുന്നു. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന ഷിജു മേനോൻ എന്ന് പറയുന്നയാളുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന റിലേഷനാണ്. പക്ഷേ പോകപ്പോകെ എന്റെ മകന്റെ ഒരു കാര്യം വച്ച്, കുഞ്ഞിനെക്കൊണ്ടുപോകാൻ പറ്റില്ലെന്ന് വന്നപ്പോൾ അത് അവിടെവച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങിയതാണ്.ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കിൽ എന്തായാലും കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അറിയാൻ പറ്റുമല്ലോ-അമ്പിളി ദേവി പറയുന്നു.

അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കിൽ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്.ഗർഭിണിയായിരുന്നപ്പോൾ പോലും... വായിൽ നിന്ന് വരുന്ന ഭാഷകൾ പോലും നമുക്ക്, മനുഷ്യർ പറയുമോ അങ്ങനെയൊക്കെ...എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിങ് റിലേഷനിൽ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോൾ വിശ്വസിച്ചുപോയി. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങൾ.'- അമ്പിളി ദേവി പറഞ്ഞു.

'ഞാനെന്ത് പറയാനാണ് ഇവനെക്കുറിച്ചൊക്കെ. ഞാൻ എത്ര തെറ്റാണെന്ന് പറഞ്ഞാലും എനിക്ക് പ്രയാസമില്ല. നമ്മുടെയൊക്കെ ജീവിതം കഴിയാറായതാ. നമ്മുടെ കുഞ്ഞുങ്ങൾ മോശം എന്ന് കേൾക്കുമ്പോൾ നമ്മുടെ ചങ്ക് തകർന്ന് പോകും. ഞാൻ എന്റെ മോനെ പോലെ സ്നേഹിച്ചതാ.ഒരുപാട് വിശ്വസിച്ചു. ആ വിശ്വാസമാണ് ആ പയ്യൻ മുതലെടുത്തത്.'- അമ്പിളി ദേവിയുടെ അമ്മ പറഞ്ഞു.