- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്പിളി ദേവിക്കും ആദിത്യനുമിടയിൽ വില്ലനായി മാറിയത് യുകെ മലയാളിയായ ഡാൻസർ; കേരളത്തിൽ സജീവ ചർച്ചയായ ദാമ്പത്യ കലഹത്തിൽ യുകെ മലയാളിയുടെ പേര് പുറത്തു വിട്ടത് ആദിത്യൻ തന്നെ; മെസഞ്ചറിലും ഫോണിലും ശല്യം ആയിരുന്നെന്നും വെളിപ്പെടുത്തൽ; സത്യത്തിൽ ആര് ആരെയാണ് ചതിച്ചത്?
ലണ്ടൻ: ടെലിവിഷൻ താര ദമ്പതികൾ വഴി പിരിയാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ കേരളത്തിലെ സെലിബ്രിറ്റികൾക്കിടയിൽ നിന്നും പുറത്തു വരുന്ന ചൂടൻ വിശേഷം. ക്ലൈമാക്സും ആന്റി ക്ലൈമാക്സും ട്വിസ്റ്റും ഒക്കെയായി ബ്ലോക്ക്ബസ്റ്റർ തിരക്കഥയെ വെല്ലുന്ന വെളിപ്പെടുത്തലാണ് താരദമ്പതികളായ അമ്പിളി ദേവിയും ഭർത്താവ് ആദിത്യയും കാമുകി എന്നാരോപിക്കപ്പെടുന്ന യുവതിയും ഒക്കെ പരസ്പരം പുറംലോകത്തോട് നടത്തികൊണ്ടിരിക്കുന്നത്.
ഇതിനിടയിൽ താനല്ല പ്രശ്നക്കാരൻ എന്ന് വ്യക്തമാക്കുന്നതിനായി അമ്പിളിദേവി ഒരേ സമയം രണ്ടു പുരുഷന്മാരുമായാണ് മനസ് പങ്കിട്ടത് എന്നാണ് ആദിത്യ പറയുന്നത്. ഈ രണ്ടാമൻ യുകെ മലയാളി ആണെന്നതാണ് ബ്രിട്ടീഷ് മലയാളി സമൂഹത്തെ തേടിയെത്തുന്ന വിശേഷം. ഇതോടെ ആരാണിയാൾ എന്ന അന്വേഷണമായി. എന്നാൽ ഒട്ടും വൈകാതെ കഥയിലെ വില്ലൻ വേഷം അണിയേണ്ടി വന്ന യുകെ മലയാളിയുടെ പേരും കഥാനായകനായ ആദിത്യ തന്നെ പുറത്തു വിട്ടിട്ടുണ്ട്.
യുകെയിലെ അറിയപ്പെടുന്ന നർത്തകൻ ആണ് ഇപ്പോൾ അമ്പിളിയും ഭർത്താവും പരസ്പരം പോരടിക്കുന്ന സംഭവത്തിലെ വില്ലനായി എത്തുന്ന യുവാവ്. ഇദ്ദേഹം യുകെയിൽ മലയാളി സമൂഹത്തിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയുമാണ്. ക്ലാസിക് നൃത്ത അദ്ധ്യാപകൻ കൂടിയായ ഈ യുവാവിന് യുകെയിൽ ഒട്ടേറെ ശിഷ്യരുമുണ്ട്. എന്നാൽ കഥയിൽ ഈ യുവാവ് വില്ലനല്ല എന്നാണ് അമ്പിളിയുടെ നിലപാട്.
ആദിത്യയുമായുള്ള വിവാഹത്തിന് മുൻപ് യുകെയിലെ യുവാവുമായി വിവാഹം ആലോചിച്ചിരുന്നു എന്നും സ്വാഭാവികമായി തങ്ങൾ വീഡിയോ ചാറ്റും നടത്തിയിട്ടുണ്ട് എന്നും നടി പറയുന്നു. ഇതിലിത്ര എന്ത് ആനക്കാര്യമാണ് എന്ന നടിയുടെ ചോദ്യത്തിന് ചാറ്റ് ചെയ്തതൊക്കെ യുവാവ് തനിക്ക് അയച്ചു തന്നിട്ടുണ്ട് എന്ന ആദിത്യയുടെ മറുപടിയാണ് വിജു (യഥാർത്ഥ പേരല്ല) വിനെ വില്ലനാക്കി മാറ്റുന്നത്.
മാത്രമല്ല നടിയും യുവാവും കൈമാറിയ ചിത്രങ്ങളൊക്കെ വിജു തനിക്ക് അയച്ചു തന്നിട്ടുണ്ട് എന്നും ആദിത്യൻ പറയുന്നു. ഇതേച്ചിത്രങ്ങളാണ് വിവാഹത്തിന് മുൻപ് നടി തനിക്കും അയച്ചു തന്നതെന്ന് അയാൾ പറയുമ്പോൾ ഈ കഥയിൽ ഉപകഥകളും രൂപം കൊള്ളുകയാണ്. അതേസമയം താൻ ആദിത്യയിൽ നിന്നും ഗർഭിണി ആയതോടെ നടൻ മറ്റൊരു യുവതിയെ കണ്ടെത്തുക ആയിരുന്നു എന്നാണ് അമ്പിളിയുടെ ആക്ഷേപം.
ഈ യുവതി ആദിത്യനിൽ നിന്നും ഗർഭിണിയായതാണ് തന്നെ ഇക്കാര്യങ്ങൾ പുറം ലോകത്തോട് വെളിപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നും ജീവിതത്തിൽ രണ്ടാം വിവാഹം വഴി രണ്ടാമതും താൻ ചതിക്കപ്പെട്ടുവെന്നും അമ്പിളി തുടരുന്നു. തന്റെ ജീവിതം പരാജയങ്ങളുടെ പരമ്പരയായി മാറുകയാണ് എന്നാണ് നടിയുടെ വിശദീകരണം.
അതിനിടെ താൻ ഗർഭിണി ആയത് ആദിത്യനിൽ നിന്നുമല്ല എന്നാണ് ആരോപണ വിധേയയായ യുവതി അമ്പിളിക്ക് നൽകിയ ട്വിസ്റ്റ് നിറഞ്ഞ മറുപടി. തന്റെ ഭർത്താവിൽ നിന്നുമാണ് ഗർഭിണിയായതെന്നും ഈ യുവതി പറയുന്നു. ഇതോടെ കഥയിൽ ആരാണ് വില്ലൻ വേഷമണിയുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല ആര് ആരെ ചതിക്കുന്നു എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായി ഉയരുന്നുണ്ട്. ഈ സംഭവത്തിൽ ഇതുവരെ പ്രതികരണം നടത്താത്തത് യുകെ മലയാളിയായ യുവാവാണ്.
ഭാര്യയും ഭർത്താവും തന്റെ പേരിൽ കൊമ്പു കോർക്കുമ്പോഴും ഇയാൾ നിസഹായനായി നിശ്ശബ്ദനാകുകയാണ്. വിവാഹ ശേഷം തന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ യുകെയിൽ കൊണ്ടുവരാൻ കഴിയില്ല എന്ന് പറഞ്ഞതാണ് ഡാൻസറായ യുവാവുമായി ഉള്ള വിവാഹം ഉപേക്ഷിക്കാൻ കാരണം എന്നും അമ്പിളി പറയുന്നു. തന്റെ സുഹൃത്തായ ഡാൻസ് ടീച്ചർ വഴിയാണ് ഈ യുവാവിന്റെ ആലോചനാ എത്തിയതെന്നും നടി വ്യക്തമാക്കുന്നു.
എന്നാൽ ഇതൊന്നും വിശ്വസനീയം അല്ലെന്നും തങ്ങളുടെ വിവാഹ ശേഷവും യുകെയിൽ നിന്നും യുവാവ് നിരന്തരം ഫോണിലും മെസഞ്ചറിലും ശല്യം ചെയ്യാറുണ്ടായിരുന്നു എന്നും ആദിത്യൻ പറയുന്നു. ഇതേക്കുറിച്ചു ചോദിച്ചാൽ ആരാധകനാണ് എന്നാണ് അമ്പിളിയും അമ്മയും പറഞ്ഞിരുന്നത്. എന്നാൽ ഇരുവരും തന്നെ കബളിപ്പിക്കുക ആയിരുന്നു എന്നാണ് നടന്റെ പക്ഷം. പക്ഷെ ഇതേക്കുറിച്ചു ചോദിച്ചു നടൻ ക്രിമിനൽ സ്വഭാവം പുറത്തെടുക്കുക ആയിരുന്നുവെന്ന് നടിയും തിരിച്ചടിക്കുന്നു. രണ്ടു ഭർത്താക്കന്മാരിൽ നിന്നായി രണ്ടു മക്കളുടെ അമ്മയായ നടിയെ യുകെ മലയാളി യുവാവ് ഇപ്പോഴും കൈയൊഴിയാൻ തയ്യാറായിട്ടില്ല എന്നും ആദിത്യന്റെ വാക്കുകളിൽ സൂചനയുണ്ട്.
എന്നാൽ തന്റെ ഭാഗം ന്യായീകരിക്കുവാൻ വെറും ദുരാരോപണം ഉന്നയിക്കുകയാണ് അയാൾ ചെയ്യുന്നതെന്നു നടിയും പറയുന്നു. എന്തായാലും സിനിമ രംഗത്ത് തങ്ങളുടെ ക്ലീൻ ഇമേജിന് വേണ്ടി ഭാര്യയും ഭർത്താവും പരസ്പരം ചെളി വാരിയെറിയുന്ന വാചകക്കസർത്തുകൾ മാധ്യമ തലക്കെട്ടുകളിൽ നിറയുകയാണ്. ഇരുവർക്കുമിടയിൽ പൊതുസുഹൃത്തുക്കളാരും തന്നെ ഒരു വെടിനിർത്തൽ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല എന്നാണ് ഒടുവിൽ പുറത്തു വരുന്ന വിവരം. രണ്ടു വർഷം മാത്രമാണ് ദമ്പതികൾ ഒന്നിച്ചു കഴിഞ്ഞിട്ടുള്ളത്.
ആദ്യ ദാമ്പത്യം ഒൻപതു വർഷം തുടർന്ന ശേഷം ഇരുവരും പിരിയുക ആയിരുന്നു. തങ്ങൾ ആദിത്യനിലൂടെ ചതിക്കപ്പെടുക ആയിരുന്നുവെന്ന് നടിയുടെ അച്ഛന്റെ വെളിപ്പെടുത്തലും ഇന്നലെ പുറത്തു വന്നിരുന്നു. കേരള സ്റ്റേറ്റ് ടെലിവിഷൻ ബെസ്റ്റ് ആക്ട്രസ് അവാർഡ് നേടിയാണ് അമ്പിളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം കണ്ടെത്തിയത്.
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിൽ അമ്പിളി ചെയ്ത വേഷം ശ്രദ്ധ നേടിയിരുന്നു. ഇരുപതു വർഷം മുൻപ് സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായതോടെയാണ് അമ്പിളി സിനിമയുടെയും ടെലിവിഷൻ പരമ്പരകളുടെയും ലോകത്തേക്ക് യാത്ര തുടങ്ങുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.