നത്ത മഴയുള്ള ഒരു രാത്രി. സമയം ഏകദേശം 8 മണി. ഞാനും വി. ഹരിലാലും (ഇപ്പോൾ മാതൃഭൂമിയിൽ), ശാസ്തമംഗലത്തെ ഹൈനസ് ഹോട്ടലിൽ ഇരിക്കുന്നു. ബിജു പങ്കജ് ഒപ്പമുണ്ടെന്നാണ് ഓർമ്മ. മഴ എന്ന് പറഞ്ഞാൽ പേമാരി തന്നെ. മണിക്കൂറുകളായി നിന്ന് പെയ്യുന്നു. ഒരു ഫോൺ കോൾ. അമ്പൂരിയിൽ ഉരുൾപൊട്ടൽ. ഒരു വീടിനുമുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. വീട്ടുകാർ ഉള്ളിൽ കുടുങ്ങി കിടക്കുന്നു. ഞാനും ഹരിയും ബിജുവും അന്ന് സൂര്യ ടിവിയിലാണ്. ഏഷ്യാനെറ്റും കൈരളിയും സൂര്യയും മാത്രമേ അന്ന് ചാനലുകളായുള്ളൂ. ഞാനും ഹരിയും അമ്പൂരിയിലേക്ക് പോകാൻ തീരുമാനിച്ചു. ഓഫീസിൽ നിന്ന് ക്യാമറാമാനുമായി വണ്ടി ഹോട്ടലിലേക്ക് വന്നു. ഞാനും ഹരിയും അമ്പൂരിയിലേക്ക് തിരിച്ചു. കാണാൻ പോകുന്ന ഭീകരകാഴ്ചകൾ എന്തൊക്കെയാണെന്ന് ഒരു ധാരണയും അപ്പോൾ ഉണ്ടായിരുന്നില്ല. വഴിയിൽ മുഴുവൻ കനത്ത മഴ. ചിലയിടങ്ങളിൽ മരങ്ങൾ വീണുകിടക്കുന്നു. ഫോണിൽ അപ്‌ഡേറ്റ് വരുന്നുണ്ടായിരുന്നു.

ഒരു കല്യാണ വീടിന്റെ മുകളിലാണ് ഉരുൾപൊട്ടി വീണത്. ധാരാളം പേര് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ അമ്പൂരിയിൽ എത്തി. പ്രധാനറോഡിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറിയാണ് അപകടസ്ഥലം. അവിടേക്കുള്ള വഴി നിറയെ ചെളിയും വെള്ളവും. മഴ അൽപ്പമൊന്നു ശമിച്ചിരുന്നു. ഞങ്ങൾ ചെളിയിൽ കൂടി ആയാസപ്പെട്ട് നടന്നു. കുറച്ചുനടന്നപ്പോൾ തന്നെ അപകടസ്ഥലം കാണാനായി. വീടൊന്നുമില്ല. ഒരു ചെളിക്കൂമ്പാരം. മണ്ണിനുമീതെ മരങ്ങൾ വീണുകിടക്കുന്നു. വീട് നിന്ന സ്ഥലത്തിന് തൊട്ടുപുറകിൽ ഒരു വലിയ മലയാണ്. ആ മലയിൽ നിന്നുമാണ് ഉരുൾപൊട്ടി ഒഴുകിയെത്തിയത്. ഏതാണ്ട് 40 പേർ മണ്ണിനടിയിലുണ്ടെന്ന് അവിടെക്കൂടിനിൽക്കുന്നവർ പറയുന്നു. ഞങ്ങൾ ചെല്ലുമ്പോൾ ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട്. ഏതാനും പൊലീസുകാരും കുറച്ച് നാട്ടുകാരും. കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ചിലർ ചെളി നീക്കുന്നു. മറ്റുചിലർ മലയിൽ നിന്നും ഒഴുകിയെത്തിയ വന്മരങ്ങൾ വൃഥാ വെട്ടിനീക്കാൻ ശ്രമിക്കുന്നു. വെള്ളം എവിടെനിന്നോ അലറിപ്പാഞ്ഞത്തുന്ന ശബ്ദം കേൾക്കാം. എവിടെയും ചെളി. മുട്ടറ്റം. ഭീകരമായ അന്തരീക്ഷം. വീടുനിന്ന ഭാഗത്ത് മുൻവശത്തായി ഒരു വാഹനം തകർന്നുകിടക്കുന്നു.

ഞങ്ങൾ അവിടെ നിന്നവരോട് സംസാരിച്ചു. സി ഡി തോമസ് എന്നയാളിന്റെ വീടാണത്. തോമസിന്റെ മകന്റെ മനസ്സമ്മതത്തിന്റെ തലേദിവസമായിരുന്നു അന്ന്. വീട്ടുകാരും ബന്ധുക്കളും ഒക്കെയായി ധാരാളം പേര് വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സന്തോഷത്തിന്റെ മുകളിലാണ് മരണം ഉരുളായി പെയ്തിറങ്ങിയത്. പതിയെ പതിയെ അമ്പൂരി ജനസാഗരമാകാൻ തുടങ്ങി. അറിഞ്ഞും കേട്ടും നാട്ടുകാർ അമ്പൂരിയിലേക്ക് ഒഴുകി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പേര് കൂടി. ഞങ്ങൾ സി ഡി തോമസിന്റെ വീടിനോടു ചേർന്ന, ഉരുൾപൊട്ടലിൽ തകരാത്ത ഒരു വീടിന്റെ ടെറസ്സിൽ കയറി നിൽപ്പായി. ദൃശ്യങ്ങൾ അവിടെനിന്നും പകർത്തിത്തുടങ്ങി. ആ ടെറസ്സിൽ നിന്നും ഞാൻ വീടിന്റെ പുറകിലേക്ക് നോക്കി. ഭീമാകാരമായ ഒരു മല തലയുയർത്തി നിൽക്കുന്നു. മറ്റൊരു ഉരുൾപൊട്ടലിൽ ഭീതി ആ സമയം അവിടെ നില നിന്നിരുന്നു.

മലയിൽ നിന്ന് കുത്തി ഒലിച്ചെത്തുന്ന വെള്ളം രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി.മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി. രക്ഷാപ്രവർത്തകർക്ക് എങ്ങുമെത്താൻ കഴിഞ്ഞില്ല. അത്രയ്ക്കുണ്ട് വീടിനുമേൽ പതിച്ച ചെളിയും മരങ്ങളും. അൽപ്പസമയത്തിനകം ജെ സി ബികൾ എത്തി. കൂടുതൽ പൊലീസും ഫയർഫോഴ്‌സും . അതോടെ മണ്ണുനീക്കൽ വേഗത്തിലായി. പുലർച്ചയോടെ മണ്ണിനടിയിൽ മനുഷ്യശരീരം ദൃശ്യമായി. തല മാത്രമാണ് പുറത്തുകണ്ടത്. തുറന്നിരുന്ന കണ്ണുകൾ ആ ദുരന്തത്തിന്റെ ഭയാനകത മുഴുവൻ ഉൾക്കൊള്ളുന്നതായിരുന്നു. ശ്രമപ്പെട്ട് ആ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തു. പിന്നീടങ്ങോട്ട് ഒരു ശവഘോഷയാത്ര തന്നെയായിരുന്നു. ഒന്നിന് പിറകേ ഒന്നായി മൃതദേഹങ്ങൾ പ്രത്യക്ഷപ്പെട്ടു. ജെ സി ബി ഉപയോഗിച്ച് മണ്ണുനീക്കുന്നതിനാൽ മൃതദേഹങ്ങൾ വികൃതമാകാനുള്ള സാധ്യത ഏറെയായിരുന്നു. അതിനാൽ സൂക്ഷിച്ചാണ് മണ്ണുനീക്കൽ പുരോഗമിച്ചത്. 15 ഓളം മൃതദേഹങ്ങൾ പുലർച്ചെ ആയപ്പോഴേക്കും പുറത്തെടുത്തു. ഹരി ആദ്യത്തെ ടേപ്പുകളുമായി അപ്പോഴേക്കും ഓഫീസിലേക്ക് പുറപ്പെട്ടു. ഞാൻ അമ്പൂരിയിൽ തുടർന്നു.


നേരം പുലർന്നപ്പോഴാണ് അപകടത്തിന്റെ ഭീകരമുഖം കൂടുതൽ വ്യക്തമായത്. വീടിനുപുറകിലുള്ള കുരിശുമലയുടെ വലിയൊരു ഭാഗം തന്നെ വളരെ ഉയരത്തിൽ നിന്ന് ഇടിഞ്ഞു വീണിരിക്കുകയാണ്. ചെളിയും വെള്ളവും മലയിൽ നിന്ന് അപ്പോഴും ഒഴുകിയെത്തുന്നു. വീണ്ടുമൊരു ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് പൊലീസ് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നുണ്ട്. മറ്റൊരു ദുരന്തത്തിന്റെ നിഴലിലാണ് ഞങ്ങളും നിൽക്കുന്നത്. വീണ്ടുമൊരു ഉരുൾപൊട്ടലുണ്ടായാൽ ഞങ്ങളുൾപ്പെടെ എല്ലാവരും ഒലിച്ചുപോകും. എന്നാലും ധൈര്യം സംഭരിച്ച് അവിടെനിന്നു. മൃതദേഹങ്ങൾ അപ്പോഴും പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പെൺകുട്ടിയുടെ ദേഹം... രണ്ടായി മുറിഞ്ഞ നിലയിൽ പുറത്തെടുക്കുന്നത് കണ്ടു. മഴ അപ്പോഴേക്കും ശമിച്ചിരുന്നു. ഞാൻ പതിയെ ടെറസ്സിൽ നിന്ന് താഴെയിറങ്ങി. വീടിരുന്ന സ്ഥലത്തേക്ക് നടന്നു.

അവിടെ എനിക്ക് പരിചയമുള്ള ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെ കണ്ടു. അശോകൻ. തലേരാത്രി മുതൽ ആത്മാർഥമായി രക്ഷാദൗത്യത്തിലാണ് അദ്ദേഹം. മണ്ണുനീക്കി നീക്കി വന്നപ്പോൾ ഒരു അലമാര കണ്ടു. വലിയ കേടുപാടുകൾ ഇല്ല. അശോകന് അലമാരയിൽ നിന്ന് ഒരു കല്യാണക്കുറി കിട്ടി. തോമസ്സിന്റെ മകന്റെ വിവാഹ ക്ഷണക്കത്തായിരുന്നു അത്. അശോകൻ അത് എനിക്കുനല്കി. ഞാനതു കയ്യിൽ വെച്ചു. നേരം ഇഴഞ്ഞുനീങ്ങി. 10 മണി ആയപ്പോഴേക്കും 35 ഓളം മൃതദേഹങ്ങൾ പുറത്തെടുക്കാനായി. വൈകുന്നേരമായപ്പോൾ മൊത്തം 38 മൃതദേഹങ്ങൾ കിട്ടി. ഞാൻ ഓഫീസിലേക്ക് മടങ്ങി. അപ്പോഴും ദുരന്തത്തിന്റെ നേർക്കാഴ്ചയായി ആ കല്യാണക്കുറി എന്റെ കൈവശം ഉണ്ടായിരുന്നു.

ഗൃഹനാഥനായ സി ഡി തോമസ് മാത്രമാണ് ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. അദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദിവസങ്ങൾ കഴിഞ്ഞു. ആ കല്യാണക്കുറി എന്റെ കയ്യിൽ ഉണ്ട്. ഞാനതില് തീയതി നോക്കി. അപ്പോഴാണ് ഒരു വാർത്താ സാധ്യത എന്റെ മനസ്സിൽ വന്നത്. കല്യാണ ദിവസം ആശുപത്രിയിൽ പോയി സി ഡി തോമസിനെ കാണുക. കല്യാണക്കുറി കാണിക്കുക. തോമസ്സിന്റെ റിയാക്ഷൻ ഷൂട്ട് ചെയ്യുക. അങ്ങനെ കല്യാണ ദിവസമെത്തി. ഞാൻ ക്യാമറാമാനുമായി മെഡിക്കൽ കോളേജിൽ സി ഡി തോമസ്സിന്റെ മുറിയിലെത്തി. നിർവികാരനായിരുന്നു അദ്ദേഹം. അൽപ്പനേരത്തെ സംസാരത്തിനു ശേഷം ഞാനദ്ദേഹത്തെ എന്റെ കയ്യിലിരുന്ന കല്യാണക്കുറി കാണിച്ചു. നിർന്നിമേഷനായി തോമസ് അതിലേക്കു നോക്കിയിരുന്നു. പിന്നെയൊരു പൊട്ടിക്കരച്ചിൽ. ഉരുൾ പോലെ കണ്ണീർ പെയ്തു. ക്യാമറാമാൻ ആ നിമിഷങ്ങൾ പകർത്തി. ആശ്വസിപ്പിക്കാനാകാതെ ഞാൻ തരിച്ചിരുന്നു. ഏറെനേരത്തെ കരച്ചിലിനു ശേഷം തോമസ് ശാന്തനായി. ഇടറിയ സ്വരത്തിൽ തോമസ് ദുരന്തത്തെക്കുറിച്ച് സംസാരിച്ചു. എനിക്ക് വാർത്തയായി. കണ്ണുനനയിപ്പിക്കുന്ന ഒരു വാർത്ത.

ഇന്ന് ആ വാർത്തയുടെ മേക്കിംഗിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു കുറ്റബോധം. എല്ലാം നഷ്ടമായ ഒരു മനുഷ്യന്റെ കണ്ണീർ വാർത്തയ്ക്കുവേണ്ടി ഉപയോഗിച്ചല്ലോ എന്നോർത്ത്.