കൊച്ചി: പിഞ്ചുകുഞ്ഞുമായി പോയ ആംബുലൻസിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാർ ഓടിച്ചയാളെ അറസ്റ്റ് ചെയ്തു. ആലുവ ഡിവൈ.എസ്‌പി. ഓഫീസിനു സമീപം പൈനാടത്ത് വീട്ടിൽ നിർമൽ ജോസി (27) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന കെ.എൽ. 17 എൽ 202 എന്ന ഫോർഡ് എക്കോ സ്‌പോർട്ട് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകുമെന്ന് ആലുവ ജോയിന്റ് ആർ.ടി.ഒ. സി.എസ്. അയ്യപ്പൻ പറഞ്ഞു. വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ആംബുലൻസിന് വഴി കൊടുക്കാതെ നിയമലംഘനം നടത്തിയതിനും മോട്ടോർ വാഹന വകുപ്പ് പ്രകാരം വാഹനത്തിന്റെ രജിസ്‌ട്രേഡ് ഉടമയ്‌ക്കെതിരേ കേസെടുത്തിട്ടുമുണ്ട്. വാഹന ഉടമയുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും നടപടിയുണ്ടാകുകയെന്ന് ജോയിന്റ് ആർ.ടി.ഒ. പറഞ്ഞു. ശ്വാസതടസ്സം മൂലം അത്യാസന്ന നിലയിലായ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിനു മുന്നിൽ മാർഗ തടസ്സമുണ്ടാക്കിയതിന് കാർ ഡ്രൈവർക്കെതിരേ എടത്തല പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സ്വകാര്യവാഹന ഉടമയ്ക്കെതിരെ സർക്കാർ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ പരാതി നൽകിയിരുന്നു. ഈ വിഷയം മറുനാടനാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ വീഡിയോ സ്‌റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ പല മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു.

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അല്ലപ്ര സ്വദേശി മധുവാണ് തന്റെ വാഹനത്തിന് മുന്നിൽ നാല് കിലോമീറ്ററോളം ദൂരം മാർഗ്ഗതടസ്സം സൃഷ്ടിടിച്ച വാഹന ഉടമയ്ക്കെതിരെ പൊലീസിലും ആർ റ്റി ഒ യ്ക്കും പരാതി സമർപ്പിച്ചത്. പ്രസവിച്ച ഉടൻ ശ്വാസതടസ്സം കാണപ്പെട്ടതിനേത്തുടർന്നാണ് കുഞ്ഞിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ ബന്ധുക്കളോട് നിർദ്ദേശിച്ചത്.ഉടൻ ബന്ധുക്കൾ കുഞ്ഞുമായി ആശുപത്രിയിലെ ആമ്പുലൻസിൽ കളമശേരിക്ക് ഇവിടെ നിന്നും പുറപ്പെട്ടു. ആലുവ ചുണംങ്ങംവേലി വരെ വേഗത്തിൽ പോകാൻ കഴിഞ്ഞെങ്കിലും ഇവിടെ നിന്നും മുന്നിൽ പ്രത്യക്ഷപ്പെട്ട കാർ പലപ്പോഴും മാർഗ്ഗ തടസ്സാമായി.

പിന്നിലുള്ളത് ആബുലൻസ് ആണെന്ന് വ്യക്തമായിട്ടും കൊച്ചിൻ ബാങ്ക് ജംഗ്ഷൻ എത്തുന്നത് വരെ കാർ ഡ്രൈവർ റോഡിൽ'അഭ്യാസപ്രകടനം'തുടർന്നു. ഇടക്ക് കൂടെയുണ്ടായിരുന്ന കുഞ്ഞിന്റെ ബന്ധുക്കൾ അലറിവിളിച്ച് വാഹനം മാറ്റാൻ ആവശ്യപ്പെട്ടിട്ടും കാർ ഡ്രൈവർ കൂട്ടാക്കിയില്ല. താൻ ഏറെ സാഹസപ്പെട്ടാണ് കൊച്ചിൻ ബാങ്ക് ജംഗ്ഷനിൽ വച്ച് ഈ വാഹനത്തെ മറികടന്നതെന്നും തക്കസമയത്ത് മെഡിക്കൽ കോളേജിൽ എത്തിച്ചതിനാലാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്താനായെതെന്നും മധു മറുനാടനോട് വ്യക്തമാക്കി.

സാധാരണ ഗതിയിൽ 20 മിനിട്ടുകൊണ്ട് പെരുമ്പാവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്താമെന്നും മുന്നിൽ വാഹനം തടസ്സമായതോടെ കുഞ്ഞിനെ കൊണ്ടുപോയപ്പോൾ 35 മിനിട്ടുകൊണ്ടാണ് ഇവിടെ എത്താനായതെന്നും മധു അറിയിച്ചു. വിവരം ബന്ധപ്പെട്ട അധികൃതരെ അറയിച്ചെന്നും ഇവരുടെ നിർദ്ദേശം പരിഗണിച്ചാണ് മാർഗ്ഗതടസം സൃഷ്ടിച്ച വാഹനത്തിനെതിരെ പൊലീസിലും ആർ റ്റി ഒ യ്ക്കും പരാതി സമർപ്പിച്ചിട്ടുള്ളതെന്നും മധു പറഞ്ഞിരുന്നു.

രാജഗിരി ആശുപത്രിക്കു മുന്നിൽനിന്ന് കൊച്ചിൻ ബാങ്ക് വരെ കിലോമീറ്ററുകളോളം ദൂരം ആംബുലൻസിന് തടസ്സം സൃഷ്ടിച്ച് കാർ ഓടിച്ചതായാണ് ആംബുലൻസ് ഡ്രൈവർ പരാതിപ്പെട്ടത്. കൊച്ചിൻ ബാങ്കിൽനിന്ന് എൻ.എ.ഡി. റോഡിലേക്ക് ആംബുലൻസ് തിരിഞ്ഞതോടെയാണ് കാറിന്റെ ശല്യം ഒഴിവായത്. ആംബുലൻസിന് വഴി നൽകാതെ മുന്നിൽ ചീറിപ്പാഞ്ഞു പോകുന്ന കാറിന്റെ ദൃശ്യം ആംബുലൻസിലിരുന്നയാളാണ് മൊബൈലിൽ പകർത്തിയത്. ഇതു കണ്ട ആലുവ ഡിവൈ.എസ്‌പി. കെ.ബി. പ്രഫുലചന്ദ്രനാണ് എടത്തല പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ സംഭവത്തിലെ പ്രതി നിർമൽ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. അതേസമയം കാർ കോടതിയിൽ ഹാജരാക്കുമെന്ന് എടത്തല എസ്.ഐ. പി.ജെ. നോബിൾ പറഞ്ഞു.