എറണാകുളം: എല്ലാവർക്കും നന്ദി. എന്റെ മകൾക്ക് നീതി ലഭിക്കാൻ ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ജിഷയുടെ ഘാതകന് കോടതി വിധിച്ച വധശിക്ഷയറിഞ്ഞ് നിറ കണ്ണുകളോടെയാണ് ജിഷയുടെ അമ്മ രാജേശ്വരി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മകളുടെ ഘാതകന് വധശിക്ഷ കിട്ടിയ സന്തോഷം കൊണ്ടും സ്വന്തം മകൾക്ക് വന്ന ദുര്യോഗം ഓർത്തിട്ടും ആ വാക്കുകൾ ആദ്യം ഇടറി പിന്നെയാണ് ജിഷയുടെ അമ്മ മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിച്ച് തുടങ്ങിയത്.

ഈ ലോകത്ത് ഇനി ഒരു അമ്മമാർക്കും ഇങ്ങനെ ഒരു വിധി ഉണ്ടാവാൻ പാടില്ല. മകളുടെ ഘാതകന് വധശിക്ഷ വിധിച്ച നീതി പീഠത്തെ ദൈവത്തെ പോലെ കാണുന്നെന്നും രാജേശ്വരി പറഞ്ഞു. അമീർ ഉൾ ഇസ്ലാമിന് ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ ശിക്ഷ കിട്ടി. എന്റെ മകൾക്ക് വേണ്ടി നില കൊണ്ട എല്ലാവർക്കും നന്ദി. ജിഷയുടെ കൊലയാളിയെ പിടികൂടാൻ ഒരുപാട് കഷ്ടപ്പെട്ട പൊലീസുകാർക്കും നന്ദി.

ഒരമ്മമാർക്കും ഈ ലോകത്ത് ഇനി ഇങ്ങനെ ഒരു കൊലപാതകികൾ ഉണ്ടാവാൻ പാടില്ല. സൗമ്യയ്‌ക്കോ ജിഷ്ണുവിനെ ഉണ്ടായതു പോലെ ഒരു വിധി ഇനി ആർക്കും ഉണ്ടാവാൻ പാടില്ല. ഇനി അങ്ങിനെ ഒരു കൊലപാതകിയുണ്ടായാൽ തന്നെയും അവരെ തൂക്കിക്കൊല്ലണം. ജഡ്ജിസാറിനെയും നീതി പീഠനത്തെയും ദൈവത്തെ പോലെ കാണുന്നു. എന്റെ കൊച്ചിനെ ക്രൂരമായി കൊന്ന അമീർ ഉൾ ഇസ്ലാമിനെ തൂക്കി കൊല്ലുന്നതിൽ കൂടുതൽ കൂടുതൽ സന്തോഷിക്കുകയാണെന്നും ജിഷയുടെ അമ്മ പ്രതികരിച്ചു.

എന്റെ മോന്റെ ആത്മാവിന് വേണ്ടി നിലകൊണ്ട ഈ ലോകത്തെ എല്ലാവരോടും ഉള്ള നന്ദി ഈ സമയത്ത് അറിയിക്കുന്നു. ആഗ്രഹിച്ചതു പോലെ തന്നെ അവന് വധശിക്ഷ നൽകിയതിന് ജഡ്ജിയോടും നീതി പീഠത്തോടും പൊലീസുകാരോടും എന്റെ മോൾക്ക് വേണ്ടി നിലകൊണ്ട എല്ലാവരോടും കൂടുതൽ കൂടുതൽ നന്ദി പറയുന്നു എന്നും രാജേശ്വരി നിറകണ്ണുകളോടെ പ്രതികരിച്ചു

കോടതി വിധി അനുകൂലമായതിൽ സന്തോഷമെന്ന് ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു ഒന്നരവർഷമായി ഇതിനു വേണ്ടി നില കൊണ്ട എല്ലാവർക്കും നന്ദി. വളരെ ഏറെ വിഷമത്തോടെയാണ് കോടതിയുടെ പടി കയറിയത്. എന്നാൽ ഇപ്പോൾ സന്തോഷം മാത്രമാണ്. അമീർ ഉൾ ഇസ്ലാമിന് തൂക്കുകയർ വിധിച്ചതിൽ വളരെ അധികം സന്തോഷം. അന്വേഷണ ഉദ്യോഗസഥർക്ക് നന്ദി അറിയിക്കുന്നു. അവന്റെ ശരീരം തൂക്കു കയറിൽ നിന്ന് മരിച്ച് പുറത്ത് വന്നാലേ കൂടുതൽ സന്തോഷമാകൂ എന്നും ദീപ പ്രതികരിച്ചു.

ജിഷയുടെ ഘാതകന് വധശിക്ഷ വിധിച്ചപ്പോൾ ഒരു തേങ്ങലോടെയാണ് ഗോവിന്ദച്ചാമി പീഡിപ്പിച്ചു കോന്ന സൗമ്യയുടെ മാതാവ് പ്രതികരിച്ചത്. ജിഷയ്ക്ക് കിട്ടിയ നീതിയിൽ സന്തോഷം പ്രകടിപ്പിച്ച അവർ സ്വന്തം മകൾക്ക് ലഭിക്കാതെ പോയ നീതിയിൽ കണ്ണീർ പൊഴിക്കുകയും ചെയ്തു. അമീർ ഉൾ ഇസ്ലാമിന്റെ വിധിയിൽ അഭിമാനമെന്നാണ് എഡിജിപി സന്ധ്യ പ്രതികരിച്ചത്.

അതിക്രൂരമായ കൊലപാതകം പൂർവ്വങ്ങളിൽ അപൂർവ്വം എന്നാണ് കോടതി വിലയിരുത്തിയത്. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഐപിസി 449 വകുപ്പ് പ്രകാരം ഏഴ് വർഷം കഠിനതടവും ഒപ്പം ആറു മാസത്തെ തടവും. അന്യായമായി തടഞ്ഞുവെച്ചതിന് 342 പ്രകാരം ഒരു വർഷത്തെ കഠിന തടവും ആയിരം രൂപ പിഴയും. ഐപിസി 376 എ പ്രകാരം പത്തുവർഷത്തെ കഠിന തടവും 25000 രൂപ പിഴയും, 376-ാം വകുപ്പ് പ്രാകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും, ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക് വധശിക്ഷയും വിധിച്ചു.

2016 ഏപ്രിൽ 28നാണ് ജിഷയെ മൃഗീയമായി പീഡിപ്പിച്ച് കൊല്ലുന്നത്. ആന്തരിക അവയവം പോലും പുറത്ത് വരുത്തിയ അരുംകൊല കേരളത്തിന്റെ ചരിത്രത്തിൽ പോലും കേട്ടിട്ടില്ല. ജിഷയുടെ ഘാതകന് വധശിക്ഷ കിട്ടണമെന്ന് കേരള ജനത ഒരു പോലെ ആഗ്രഹിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ജനം വളരെ ആകാംക്ഷയോടെയാണ ഇന്നത്തെ കോടതി വിധിയെ ഉറ്റു നോക്കിയത്. ഇനി ഒരു പെണ്ണിനും ഇങ്ങനെ ഒരു വിധി ഉണ്ടാവാതിരിക്കാൻ കേരളം ആഗ്രഹിച്ച വിധിതന്നെ കോടതി പുറപ്പെടുവിക്കുകയായിരുന്നു.