സ്വേച്ഛാധിപതിയായ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ്- ഉൻ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താക്കീതുകളെയെല്ലാം കാറ്റിൽ പറത്തി തുടർച്ചയായി ആയുധപരീക്ഷണങ്ങളും യുദ്ധനീക്കങ്ങളുമായി മുന്നോട്ട് പോകാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. അത് അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കും മറ്റ് ചില രാജ്യങ്ങൾക്കുമുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. അമേരിക്ക വരെയെത്തി അവിടെ കനത്ത നാശം വിതയ്ക്കാൻ പ്രാപ്തിയുള്ള മിസൈലുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞാണ് സമീപകാലത്ത് കിം തുടർച്ചയായി ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നത്. ഇത് ലോകത്തിൽ ഒരു ആണവയുദ്ധത്തിന് തന്നെ തിരികൊളുത്തിയേക്കാമെന്ന ഭീഷണി വ്യാപകമായി ഉയരുന്നുമുണ്ട്. എന്നാൽ കിം ജോംഗിനെ അങ്ങിനെ കയറൂരി വിട്ടാൽ പറ്റില്ലെന്നും അണ്വായുധം ഉപയോഗിക്കാൻ ഉത്തരകൊറിയയെ അനുവദിക്കാതിരിക്കാൻ അമേരിക്കയും മറ്റും തിരക്കിട്ട നീക്കം ആരംഭിച്ചുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതിന്റെ ഭാഗമായി കിം ജോംഗിനെ വധിക്കാൻ അമേരിക്കയും ദക്ഷിണ കൊറിയയും പദ്ധതി തയ്യാറാക്കിയിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

അതായത് ആണവായുധം പ്രയോഗിക്കാൻ ഉത്തര കൊറിയ ശ്രമിച്ചാൽ അതിന് മുമ്പ് തന്നെ കിം ജോംഗിനെ വധിക്കാനാണ് യുഎസ് സ്പെഷ്യൽ ഫോഴ്സുകളും സൗത്തുകൊറിയയുടെ മിലിട്ടറിയും ഒരുങ്ങുന്നതെന്നാണ് സൂചന. തങ്ങളുടെ ദീർഘകാലമായുള്ള ശത്രുവിനെ എന്നെന്നേക്കുമായി നശിപ്പിക്കാൻ സൗത്തുകൊറിയൻ കമാൻഡിന് കീഴിൽ അമേരിക്കൻ മിലിട്ടറി തയ്യാറായിരിക്കുകയാണെന്നാണ് സൗത്തുകൊറിയൻ ഒഫീഷ്യൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉത്തരകൊറിയൻ സർക്കാരിനെ പൂർണമായും നശിപ്പിക്കാനും അവസാനം കിം ജോംഗിനെ വധിക്കാനുമാണിവർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് വേണ്ടി സൗത്തുകൊറിയൻ മിലിട്ടറി ഒരു സ്പെഷ്യൽ ബ്രിഗേഡിനെ യുഎസ് മിലിട്ടറിയുമായി ചേർന്ന് ഈ വർഷം അവസാനം സജ്ജമാക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത മുതിർന്ന സൗത്തുകൊറിയൻ ഒഫീഷ്യൽ സൗത്തുകൊറിയൻ ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ ഓപ്പറേഷനായി യുഎസ് സ്പെഷ്യൽ ഏജന്റുമാർ സൗത്തുകൊറിയൻ കമാൻഡിന് കീഴിൽ പ്രവർത്തിക്കുമെന്നും ലക്ഷ്യം നിറവേറ്റുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഉത്തരകൊറിയയുടെ വാർടൈം കമാൻഡ് സ്ട്രക്ചറിനെ തളർത്താനോ പൂർണമായി നശിപ്പിക്കാനോ വേണ്ടി തങ്ങൾ ഒരു സ്പെഷ്യൽ ബ്രിഗേഡിനെ തയ്യാറാക്കാൻ ഒരുങ്ങുന്നുവെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രി ഹാൻ മിൻ-കൂ പ്രഖ്യാപിച്ച് ഒരു ആഴ്ചക്കകമാണ് രണ്ടാമത്തെ ഭീഷണിയുമായി ദക്ഷിണ കൊറിയൻ സൈനിക ഒഫീഷ്യൽ രംഗത്തെത്തിയിരിക്കുന്നതെന്നത് ഗൗരവം വർധിപ്പിക്കുന്നു. ഇതിനായി താൻ ഒരു കിൽ ചെയിൻ സിസ്റ്റം ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധമന്ത്രി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ നോർത്തുകൊറിയൻ പ്രസിഡന്റിന് നേരെ കടുത്ത ആക്രമണം നടത്തുമെന്നും അദ്ദേഹം താക്കീത് നൽകിയിരുന്നു. ഈ ടാസ്‌ക് ഫോഴ്സ് കിം ജോംഗിനെ സ്ഥാനഭ്രഷ്ടനാക്കുകയും നോർത്തുകൊറിയൻ സർക്കാരിനെ നശിപ്പിക്കുമെന്നും ഈ ടാസ്‌ക്ഫോഴ്സിൽ 1000ത്തോളം സൈനികരെ ഇതിന് മാത്രമായി നിയോഗിക്കുമെന്നും പ്രതിരോധമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കിങ് ജോംഗ് 2017ൽ ആണവാക്രമണം നടത്തുമെന്ന് ദക്ഷിണകൊറിയൻ മിനിസ്റ്ററുടെ പ്രവചനമുണ്ടായതിന് ശേഷമാണ് പുതിയ പ്രതിരോധ തന്ത്രങ്ങൾ ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം സൈനികപരമായ പ്രകോപനങ്ങളുണ്ടാക്കുന്ന നീക്കങ്ങൾ ഉത്തരകൊറിയ നടത്താൻ സാധ്യതയേറെയാണെന്നാണ് ദക്ഷിണ കൊറിയൻ ഫോറിൻ ഒഫീഷ്യലായ യംഗ് ബ്യുൻഗ് സെ പറയുന്നത്. ഉത്തരകൊറിയൻ നേതാവ് ഗൗരവപരമായ ആണവാക്രമണ ഭീഷണി അമേരിക്കയ്ക്ക് നേരെ ഉയർത്തി അൽപം കഴിഞ്ഞ് അതിനെ പരിസിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. യുഎസിന്റെ ചില ഭാഗങ്ങളിൽ കടന്നെത്താൻ ശേഷിയുള്ള ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള അവസാനഘട്ടത്തിലെത്തിയെന്നാണ് നോർത്തുകൊറിയ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അതൊരിക്കലും സംഭവിക്കില്ലെന്നുമായിരുന്നു ട്രംപ് പരിഹസിച്ചത്. നോർത്തുകൊറിയൻ ഭീഷണികളെ അപലപിക്കാത്ത ചൈനയുടെ നടപടിയെ ട്രംപ് വിമർശിക്കുകയും ചെയ്തിരുന്നു.