ഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാരും അഭയാർത്ഥികളും അമേരിക്കയിലേക്ക് വരുന്നതിന് താൽക്കാലിക നിരോധനമേർപ്പെടുത്തി പുതിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൻ വിവാദം ഉയർത്തിയിരിക്കുകയാണല്ലോ. എന്നാൽ മറു വശത്ത് മറുവശത്ത് ആജന്മ ശത്രുക്കളായ റഷ്യയോട് കൂട്ട് കൂടി അത്ഭുതപ്പെടുത്താനും ട്രംപ് തയ്യാറാകുന്നു. എല്ലാം പങ്ക് വയ്ക്കുന്ന പങ്കാളികളാകാൻ പുട്ടിനെ ഫോണിൽ വിളിച്ചിരിക്കുകയയാണ് അമേരിക്കൻ പ്രസിഡന്റ്. ഇതിനെ തുടർന്ന് അമേരിക്കൻ നയങ്ങൾ തീരുമാനിക്കുന്ന അജ്ഞാത ശക്തികളെല്ലാം അസ്വസ്ഥരായിരിക്കുകയാണെന്നും സൂചനയുണ്ട്. ഇക്കാലമത്രയും അമേരിക്കൻ നയങ്ങളുടെ അടിസ്ഥാനമായിരുന്നു കടുത്ത റഷ്യൻ വിരോധം. എന്നാൽ ട്രംപിന്റെ ഭരണം തുടങ്ങിയത് മുതൽ ഇരു ശക്തികൾക്കുമിടയിലുള്ള വർഷങ്ങളുടെ വിരോധത്തിന്റെ മഞ്ഞുരുകാനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.

അധികാരമേറ്റെടുത്ത ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനുമായിട്ടുള്ള തന്റെ ആദ്യത്തെ ഔദ്യോഗിക ഫോൺ കാൾ ഇന്നലെയാണ് ട്രംപ് നടത്തിയത്. നാം സമാനരാണെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരടക്കമുള്ള അന്താരാഷ്ട്ര ഭീകരരെ തുരത്താൻ ഒരുമിച്ച് നീങ്ങാമെന്ന കാര്യത്തിൽ ഇരു നേതാക്കളും തീരുമാനമായെന്നും ക്രെംലിൻ പറയുന്നു. റഷ്യൻ-അമരിക്കൻ സഹകരണം സുസ്ഥിരമാക്കാനും വികസിപ്പിക്കാനും ഒന്ന് ചേർന്ന് പ്രവർത്തിക്കാനും ട്രംപും പുട്ടിനും തീരുമാനിച്ചെന്നും റിപ്പോർട്ടുണ്ട്. ഇരു നേതാക്കളും തങ്ങളുടെ സംസാരത്തിൽ ഒട്ടേറെ വിഷയങ്ങളെ സ്പർശിച്ച് കടന്ന് പോയിട്ടുണ്ട്. ഇറാനുമായുള്ള ആണവ കരാർ, ഉക്രയിനിലെയും ഇസ്രയേലി-ഫലസ്തീൻ കലഹം , കൊറിയൻ പെനിൻസുലയിലെ സംഘർഷങ്ങൾ, വ്യാപാര ബന്ധങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ്.

എന്നാൽ അന്താരാഷ്ട്ര തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തിന് തന്നെയാണ് അവർ മുൻഗണന നൽകിയിരിക്കുന്നത്.ഐഎസിനെ പൂർണമായും തുടച്ച് നീക്കുന്നതിനുള്ള കൂടുതൽ കാര്യക്ഷമമായ നീക്കങ്ങൾ ഒന്ന് ചേർന്ന് നടപ്പിലാക്കാനും ട്രംപും പുട്ടിനും ധാരണയായിട്ടുണ്ട്. സിറിയയിലെയും ഉക്രയിനിലെയും സംഘർഷങ്ങളുടെ പേരിൽ ഒബാമ ഭരണകൂടവും റഷ്യയും തമ്മിൽ സമീപകാലത്തുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഇരു പ്രസിഡന്റുമാരും യോജിപ്പിലെത്തിയിട്ടുണ്ട്. അധികം വൈകാതെ ഇരുവരും നേരിട്ട് കാണാൻ ഒരുങ്ങുകയാണ്. യുഎസ് റഷ്യ ബന്ധങ്ങൾ പുനഃസ്ഥാപിക്കാമെന്ന് ട്രംപ് നടത്തിയ വാഗ്ദാനത്തെ ക്രെംലിൻ സ്വാഗതം ചെയ്തു. ഉക്രയിൻ പ്രശ്നം , സിറിയൻ യുദ്ധം എന്നിവയുടെ പേരിൽ റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശീതസമരത്തിന് ശേഷമുള്ള ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് റഷ്യൻ ഹാക്കർമാർ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ഇരു ശക്തികളുടെയും ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയിരുന്നു. എന്തിനേറെ പറയുന്നു ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കിൽ വരെ എത്തിച്ചേർന്നിരുന്നു.

ജർമൻ ചാൻസലർ ഏയ്ജല മെർകൽ, ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ അബെ എന്നിവരുമായും ട്രംപ് ഇന്നലെ രാവിലെ സംസാരിച്ചിരുന്നു.നാറ്റോ മുതൽ ട്രാൻസ്-അറ്റ്ലാന്റിക് ബന്ധങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടായിരുന്നു മെർകലും ട്രംപും സംസാരിച്ചത്. മിഡിൽ ഈസ്റ്റ്, വടക്കെ ആഫ്രിക്ക,റഷ്യയുമായുള്ള ബന്ധം, ഉക്രയിൻ പ്രശ്നം തുടങ്ങിയ നിരവധി കാര്യങ്ങൾ ഇരു നേതാക്കളുടെയും സംസാരത്തിൽ കടന്ന് വന്നിരുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ മുൻ പ്രസ്താവയിൽ നാറ്റോ കാലഹരണപ്പെട്ടുവെന്നാണ് ട്രംപ് ആരോപിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ താൻ നാറ്റോയ്ക്ക് പുറകിൽ 100 ശതമാനവും നിലകൊള്ളുന്നുവെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയിരുന്നത്.