മെക്സിക്കോയേക്കാൾ വലുപ്പമുള്ളതും ഉരുക്കിയ കാർബൺ മിശ്രിതം നിറഞ്ഞതുമായ വമ്പൻ തടാകം അമേരിക്കയുടെ അടിയിൽ കണ്ടെത്തി. ഉപരിതലത്തിൽ നിന്നും 350 കിലോമീറ്റർ താഴെയാണിത് നിലകൊള്ളുന്നത്. ഈ തടാകം ഭൂമിക്ക് പുറത്തേക്ക് വരുന്ന സാഹചര്യമുണ്ടായാൽ അമേരിക്കൻ ഭൂഖണ്ഡം തന്നെ ഇല്ലാതാകുന്ന അവസ്ഥയായിരിക്കും സംജാതമാകുന്നത്. കൂടാതെ അപകടകരമായ കാലാവസ്ഥാ മാറ്റങ്ങൾക്കും ഇത് വഴിയൊരുക്കിയേക്കാം. ഏഴ് ലക്ഷത്തോളം ചതുരശ്രകിലോമീറ്ററിലാണിത് വ്യാപിച്ച് കിടക്കുന്നത്. ഭൂമിയിൽ എത്രത്തോളം കാർബണണാണ് അടങ്ങിയിരിക്കുന്നതെന്ന നമ്മുടെ കണക്കുകൂട്ടലുകളെ തന്നെ മാറ്റി മറിക്കുന്ന കണ്ടുപിടിത്തമാണിത്. ഇതിന് മുമ്പ് കണക്ക് കൂട്ടിയതിനേക്കാൾ എത്രയോ അധികം കാർബൺ ഭൂമിയുടെ അന്തർഭാഗത്തുണ്ടെന്ന് ഇതിലൂടെ വ്യക്തകമായിരിക്കുന്നത്.

ഈ തടാകം നേരിട്ട് കാണാൻ വേണ്ടി ഭൂമി തുരന്ന് അവിടം വരെയെത്തുകയെന്നത് അസാധ്യമാണ്. അതിനാൽ ഒരു സംഘം ഗവേഷകർ ഒരു പറ്റം സെൻസറുകൾ ഉപയോഗിച്ച് ഇതിന്റെ ചിത്രം പെയിന്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലങ്ങളെ വ്യാഖ്യാനിക്കാൻ മാത്തമാറ്റിക്കൽ ഇക്വേഷനുകളെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ലണ്ടനിലെ റോയൽ ഹോളോവേ യൂണിവേഴ്സിറ്റിയിലെ ജിയോളജിസ്റ്റുകളാണീ പഠനം നടത്തിയിരിക്കുന്നത്. ഇതിനായി അവർ 583 സെസ്മിസ് സെൻസറുകളുടെ വലിയ നെറ്റ് വർക്കിനെ ഉപയോഗിച്ചിട്ടുണ്ട്. അതിലൂടെ ഭൂമിയുടെ കമ്പനങ്ങൾ കണക്കാക്കി ഈ തടാക ഭാഗത്തിന്റെ ചിത്രം സൃഷ്ടിക്കുകയായിരുന്നു.

അപ്പർ മാന്റിൽ എന്നറിയപ്പെടുന്ന ഭൂമിയുടെ ഈ അന്തർഭാഗത്ത് അത്യധികമായ ഊഷ്മാവാണുള്ളത്. ഇവിടെ ഖരാവസ്ഥയിലുള്ള കാർബണേറ്റിനെ ഉരുക്കാൻ കെൽപുള്ള താപമാണുള്ളത്. ഇതിലൂടെ സവിശേഷമായ സെസ്മിക് പാറ്റേണുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഈ തടാകത്തിൽ വലിയ അളവിലുള്ള ഉരുകിയ കാർബണാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇത് കാർബൺ ഡൈ ഓക്സൈഡും മറ്റ് വാതകങ്ങളും ഉൽപാദിപ്പിക്കുന്നുണ്ട്. പടിഞ്ഞാറൻ യുഎസിനടിയിലാണീ തടാകം സ്ഥിതി ചെയ്യുന്നത്. എർത്ത് പ്ലാനറ്ററി സയർസ് ലെറ്റേർസിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമിയുടെ ഉപരി മാന്റിലിൽ 100 ട്രില്ല്യൺ മെട്രിക് ടൺ സിഒ2 ഉണ്ടെന്നാണ് ശാസ്ത്രജ്ഞന്മാർ ഇപ്പോൾ വിശ്വസിക്കുന്നത്.

2011ലെ ആഗോള കാർബൺ എമിഷൻ 10 ബില്യൺ മെട്രിക് ടണ്ണാണെന്നാണ് യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി കണക്കാക്കിയിരുന്നത്. അഗ്‌നിപർവത സ്ഫോടനങ്ങളിലൂടെയും മറ്റും ഈ വലിയ അളവിലുള്ള കാർബൺ ഈ തടാകത്തിൽ നിന്നും ഭൂമിക്ക് പുറത്തേക്ക് വരാനും അത് അപകടകരമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വഴിയൊരുക്കുമെന്നുമാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. എന്നാൽ ഇത് കാലക്രമേണ വളരെ സാവധാനമേ സംഭവിക്കുകയുള്ളൂ. എന്നാൽ ഈ കാർബൺ പെട്ടെന്ന് പുറത്ത് വരുന്ന സാഹചര്യമുണ്ടായാൽ അത് വൻ ദുരന്തങ്ങൾക്കും വഴിയൊരുക്കുന്നതാണ്.

യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എർത്ത് സയൻസസിലെ ഡോ. സാഷ് ഹിയർ മജുംദാറാണീ പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന കാർബൺ മാന്റിലിൽ ഏതാണ്ട് ഒരു ബില്യൺ വർഷങ്ങളോളം നിലനിൽക്കുമെന്നും അതിനാൽ അടുത്ത കാലത്തൊന്നും ഇതു കൊണ്ട് ഭീഷണിയില്ലെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. എന്നാൽ അഗ്‌നിപർവത സ്ഫോടനങ്ങളിലൂടെ ഇത് പെട്ടെന്ന് പുറത്തെത്താൻ സാഹചര്യമുണ്ടായാലുണ്ടാകുന്ന അപകടം പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.