പുറമെ നിന്നും നോക്കുമ്പോൾ ജനാധിപത്യത്തിൽ അധിഷ്ഠിതമായി മുന്നോട്ട് നീങ്ങുന്ന സമ്പന്നതയും സാംസ്‌കാരികതയും നിറഞ്ഞ മാതൃകാരാജ്യമാണ് അമേരിക്ക. എന്നാൽ ആ രാജ്യത്തിന്റെ യഥാർത്ഥ മുഖം തന്റെ ക്യാമറണ്ണുകളിലൂടെ ഒപ്പിയെടുത്ത് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ പ്രശസ്ത വാർഫോട്ടോഗ്രാഫറായ പീറ്റർ വാൻ അഗ്റ്റ്മെയിൽ. തെരുവിൽ ഉറങ്ങുന്ന കുട്ടികൾ...ഭക്ഷണത്തിനായി കൈ നീട്ടുന്ന യുവത്വം...വംശീയ വെറിയന്മാർ നിറഞ്ഞ തെരുവ്...ഏത് നിമിഷവും വെട്ടേറ്റ് പിടയുന്ന ജീവിതങ്ങൾ...ഇത്തരത്തിലുള്ള അമേരിക്കയുടെ അനേകം നേർ ചിത്രങ്ങളാണ് അദ്ദേഹം ഈ യാത്രയിലൂടെ പകർത്തിയിരിക്കുന്നത്.

അഗ്റ്റ്മെയിലിന്റെ പുതിയ പുസ്തകമായ ബുസിങ് അറ്റ് ദി സില്ലിലാണ് അമേരിക്കയെക്കുറിച്ചുള്ള പുതിയ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധങ്ങളുടെ സമയത്ത് അവയുടെ പൊള്ളുന്ന ചിത്രങ്ങൾ പകർത്താൻ വേണ്ടി നിരവധി വർഷങ്ങൾ ചെലവഴിച്ച ശേഷം അമേരിക്കയിൽ തിരിച്ചെത്തിയ ശേഷമാണ് അവിടുത്തെ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിരിക്കുന്നത്. തന്റെ രാജ്യത്തെ അടുത്തറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ യാത്രയെന്നാണ് അദ്ദേഹം തന്റെ വെബ്സൈറ്റിലൂടെ വിശദീകരിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ കലാപങ്ങളുടെയും യുദ്ധങ്ങളുടെയും നേർ ചിത്രങ്ങൾ പകർത്തി ലോകത്തിന് കാണിച്ച് കൊടുത്ത ഇദ്ദേഹം ഇപ്പോൾ സ്വന്തം രാജ്യത്തെ സാമ്പത്തിക ഉച്ചനീചത്വങ്ങൾ, വംശവെറി തുടങ്ങിയവയുടെ യഥാർത്ഥ ചിത്രങ്ങൾ പകർത്താനുള്ള ദൗത്യമാണേറ്റെടുത്തിരിക്കുന്നത്.

2009 മുതൽ 2016 വരെയുള്ള കാലത്ത് അമേരിക്കയിലുടനീളം നടത്തിയ യാത്രകൾക്കിടെ എടുത്ത ചിത്രങ്ങളാണ് പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിനെ റിഡ്ജ് ഇന്ത്യൻ റിസർവേഷൻ, മേരിലാൻഡ് , ബ്രൂക്ക്ലിൻ, ന്യൂയോർക്ക് , ന്യൂ ഓർലിയൻസ് തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം ഈ യാത്രക്കിടെ എത്തുകയും അതുല്യമായ ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു.താൻ അമേരിക്കയുടെ പുറം മോടിക്കടിയിലെ യാഥാർത്ഥ്യം കുഴിച്ച് പുറത്തെടുക്കുകയായിരുന്നു വെന്നാണ് അഗ്റ്റ്മെയിൽ പറയുന്നത്. വാഷിങ്ടൺ ഡിസി സ്വദേശിയാണ് ഇദ്ദേഹം.