വാഷിങ്ടൻ: അഫ്ഗാനിസ്ഥാനിൽ യുഎസ് സൈന്യം നടത്തിയ ബോംബാക്രമണത്തിൽ തൊണ്ണൂറിലധികം ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ വ്യക്തമാക്കി. ഇതിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നും കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്ന് ജിഹാദികളാകാൻ പോയവരിൽ പലരും കൊല്ലപ്പെട്ടെന്നും സ്ഥിരീകരിക്കാത്ത റി്‌പ്പോർട്ടുണ്ട്.

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിലാണ് ഇത്രയധികം ഭീകരർ കൊല്ലപ്പെട്ടത്. മുപ്പതോളം പേർ മരിച്ചെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്. അണുബോംബല്ലാത്ത ഏറ്റവും വലിയ ബോംബ് ആണ് അമേരിക്ക ഉപയോഗിച്ചത്.

ഇതോടെ വിഷയം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയും ചെയ്തു. ഗൾഫ് യുദ്ധവേളയിൽ 2003ലാണ് ഈ ബോംബ് അഫ്ഗാൻ മേഖലയിൽ എത്തിച്ചത്. എന്നാൽ, യുദ്ധത്തിൽ ഇത് ഉപയോഗിച്ചില്ല. എന്നാൽ, എവിടെയാണ് ഈ ബോംബ് സൂക്ഷിച്ചിരുന്നതെന്നു വെളിപ്പെടുത്തിയിരുന്നില്ല.

'എല്ലാ ബോംബുകളുടെയും മാതാവ്' എന്നറിയപ്പെടുന്ന ജിബിയു43 ബോംബ്, അഫ്ഗാൻ യുദ്ധത്തിൽ ആദ്യമായാണ് യുഎസ് പ്രയോഗിച്ചത്. പാക്ക് അതിർത്തിക്കു സമീപം നൻഗഹർ പ്രവിശ്യയിൽ ഐഎസ് ഭീകരരുടെ ഒളിത്താവളങ്ങളായ ഗുഹകളാണ് ആക്രമിച്ചതെന്നും യുഎസിന്റെ എംസി130 വിമാനത്തിൽനിന്നാണ് ഇതു വർഷിച്ചതെന്നും പെന്റഗൺ വക്താവ് അറിയിച്ചു.

ഐഎസ് ഭീകരരെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം വൻ വിജയമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.

പത്തു മീറ്ററിലേറെ നീളം വരുന്ന ബോംബ് ആറടിയോളം ഭൂമിക്കടിയിലേക്കു തുരന്നിറങ്ങി സ്‌ഫോടനം നടത്തുന്നതാണ്. ഇതു ഭൂകമ്പസമാനമായ ആഘാതം സൃഷ്ടിക്കും. വിദൂരനിയന്ത്രിതമായ ഈ ബോംബ് വീഴുന്ന സ്ഥലത്തുനിന്നു ചുറ്റുപാടും വൃത്താകൃതിയിൽ ഒന്നര കിലോമീറ്ററോളം നാശം വിതയ്ക്കും.

11 ടൺ ഭാരം വരുന്നതാണു ജിബിയു43. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിരോഷിമയിൽ പ്രയോഗിച്ചതു 15 ടൺ ബോംബായിരുന്നു.