കടുത്തുരുത്തി: അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് അവധിക്കാലം ചെലവിടാൻ നാട്ടിലെത്തിയ കുടുംബത്തിനുണ്ടായ അപകടത്തിൽ മരിച്ച നാലുവയസ്സുകാരിയുടെ മൃതദേഹം അമേരിക്കയിൽ തന്നെ അടക്കം ചെയ്യാൻ ബന്ധുക്കളുടെ തീരുമാനം. മകളുടെ അന്ത്യനിദ്ര തങ്ങളുടെ സാമീപ്യമുള്ള ഇടത്തുതന്നെ വേണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തെ തുടർന്ന് ജെറീനയുടെ മൃതദേഹം ഷിക്കാഗോയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കൊട്ടാരക്കരയ്ക്കടുത്ത് ഇഞ്ചക്കാട്ട് അമ്പലം ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിലിലിടിച്ചുണ്ടായ അപകടത്തിൽ അമേരിക്കൻ മലയാളി ദമ്പതികളായ കോട്ടയം കടുത്തുരുത്തി ഇടക്കരയിൽ ജോമോൻ മാത്യുവിന്റെയും ഫിൽസിയുടെയും മകളാണ് ജെറീന. അപകടത്തിൽ മാതാപിതാക്കൾക്കും മറ്റു മക്കളായ ജൂഡ് ജൊഹാനോ, ഗെയ്ഡൻ എന്നിവർക്കും ഡ്രൈവർ ജോർജിനും പരിക്കേറ്റിരുന്നു.

അച്ഛന്റെയും അമ്മയുടെയും നാടുകാണാൻ ആദ്യമായി എത്തിയ ജെറീനയെയും മറ്റു കുട്ടികളെയും കൂട്ടി കുടുംബം തിരുവനന്തപുരത്തേക്ക് മ്യൂസിയംകാണാൻ വരുമ്പോഴാണ് ജെറീനയുടെ ജീവൻ പൊലിഞ്ഞ അപകടമുണ്ടായത്.

എംസി റോഡിൽവച്ച് നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ചില്ലുകൾ തകർന്ന് ജൂഡും ജെറീനയും പുറത്തേക്ക് തെറിച്ചുവീഴുകയും ജെറീന മീയണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.

ഫിസിയോതെറാപ്പിസ്റ്റായ ജോമോൻ മാത്യുവും നഴ്‌സായ ഫിൽസിയും അമേരിക്കയിൽ ഷിക്കാഗോയിൽ സ്ഥിരതാമസമാണ്. നാലുവർഷങ്ങൾക്കുശേഷമാണ് ജോമോനും കുടുംബവും നാട്ടിലെത്തിയത്. ജെറീന ജനിച്ചശേഷം ആദ്യമായാണ് ഇവർ വീട്ടിലെത്തിയത്. മകൾ ആദ്യമായി നാട്ടിലെത്തിയത് ദുരിതത്തിൽ കലാശിച്ചത് നാടിനെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തി.

മകളുടെ അന്ത്യവിശ്രമം തങ്ങൾ സ്ഥിരതമാസമാക്കിയ അമേരിക്കയിൽത്തന്നെ വേണമെന്ന മാതാപിതാക്കളുടെ ആഗ്രഹ പ്രകാരമാണ് മൃതദേഹം അമേരിക്കയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു.

അമേരിക്കൻ എംബസിയുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാനാകൂ. നടപടികൾ പൂർത്തിയാക്കി അടുത്തയാഴ്ച ആദ്യംതന്നെ മൃതദേഹം അമേരിക്കയിലെത്തിച്ചു സംസ്‌കാരം നടത്താനാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ബന്ധുക്കൾ വ്യക്തമാക്കി.