- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ നമസ്തേ ട്രംപ്; അമേരിക്കൻസ് ട്രംപിന് പറഞ്ഞത് ബൈ ബൈ; പരിഹാസവുമായി ശിവസേന
മുംബൈ: യു.എസിലെ തിരഞ്ഞെടുപ്പ് സാഹചര്യം ബിഹാറിലേതിന് സമാനമാണെന്ന് ശിവസേന. മുഖപത്രമായ സാംമ്നയിലെ ലേഖനത്തിലാണ് ശിവസേന ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഡൊണാൾഡ് ട്രംപിന്റെ പരാജയത്തിൽനിന്ന് ഇന്ത്യയും ചില പാഠങ്ങൾ പഠിക്കുന്നത് നല്ലതാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. മോദി നടത്തിയ നമസ്തേ ട്രംപ് പരിപാടിയേയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ഇന്ത്യയിൽ നമ്മൾ ‘നമസ്തേ ട്രംപ്' എന്നുപറഞ്ഞുകൊണ്ടിരുന്നു. അതേസമയം അമേരിക്കയിലെ ജനങ്ങൾ അദ്ദേഹത്തോട് ബൈ ബൈ പറഞ്ഞുവെന്നും ശിവസേന പറഞ്ഞു.
അമേരിക്കയുടെ നേതൃപദവി വഹിക്കാൻ ട്രംപ് ഒരിക്കലും യോഗ്യനായിരുന്നില്ല. ഒരു വാഗ്ദാനം പോലും അദ്ദേഹം നടപ്പിലാക്കിയില്ല. അമേരിക്കൻ ജനത അവർ ചെയ്ത തെറ്റ് വെറും നാല് വർഷം കൊണ്ട് തിരുത്തി. ട്രംപിന്റെ പരാജയത്തിൽനിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാൻ സാധിക്കുമെങ്കിൽ അത് നല്ലതാവുമെന്നും സാമ്നയിലെ ലേഖനം പറയുന്നു. 'കോവിഡിനെക്കാളും ഭീകരമാണ് അമേരിക്കയിലെ തൊഴിലില്ലായ്മ എന്ന ദുരിതം. ഇതിന് പരിഹാരം കാണുന്നതിന് പകാരം അസംബന്ധങ്ങൾ പറയുന്നതിനാണ് ട്രംപ് പ്രാധാന്യം കൊടുത്തത്'
'ബിഹാറിലും ഭരണം ഏറ്റവും മോശം നിലയിലാണുള്ളത്. ഈ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ നയിക്കുന്ന എൻഡിഎയ്ക്ക് ഭരണം നഷ്ടമാവുകയാണ്. ഞങ്ങളൊഴികെ ഈ രാജ്യത്തും സംസ്ഥാനത്തും മറ്റൊരു ബദലില്ലെന്ന വ്യാമോഹം നേതാക്കളിൽ നിന്ന് കളയാനുള്ള പ്രവർത്തനങ്ങൾ ജനങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ശിവസേന സാമ്നയിലെ ലേഖനത്തിൽ പറയുന്നു.
ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. വളരെ ഊഷ്മളമായാണ് ട്രംപിനെ നാം സ്വാഗതം ചെയ്തത്. അത് മറക്കരുത്. തെറ്റായ ഒരാളുടെ കൂടെ നിൽക്കുന്നത് നമ്മുടെ സംസ്കാരമല്ലെങ്കിലും അതാണ് ഇപ്പോഴും ഇവിടെ തുടരുന്നത് എന്നും നമസ്തേ ട്രംപ് പ്രചാരണത്തെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ലേഖനം പറയുന്നു
മറുനാടന് ഡെസ്ക്