കൊച്ചി: എന്തിനാണ് മകളെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് അമീറുൾ ഇസ്ലാമിനോട് ചോദിച്ച് പൊട്ടിക്കരഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി. ആലുവ പൊലീസ് കഌബിൽ പ്രതിയെ ജിഷയുടെ അമ്മയും സഹോദരിയും മുൻപ് കണ്ടിട്ടുണ്ടോ എ്ന്നറിയാൻ അമീറുലിനെ ഇവർക്കുമുന്നിൽ എത്തിച്ചപ്പോഴാണ് പ്രതിയോട് രാജേശ്വരി മകളെ എന്തിനുകൊന്നെന്ന ചോദ്യമുയർത്തിയത്. മലയാളം പറഞ്ഞാൽ മനസിലാകുന്ന അമീറുൾ ഈ ചോദ്യത്തോട് പ്രതികരിക്കാതെ തലകുനിച്ച് ഇരിക്കുകയായിരുന്നു. ഇരുവരെയും മുമ്പ് കണ്ടിട്ടില്ലെന്ന് പിന്നീട് ഇരുവരും പൊലീസിനോട് സ്ഥിരീകരിച്ചു. അതേസമയം, കൊലപാതകം നടത്തിയശേഷം നാടുവിടാൻ അമീറുലിനെ സഹായിച്ചത് സഹോദരൻ ബദറുൽ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തി.

ഇന്നുച്ചക്ക് 12 മണിയോടെയാണ് അമീറുൾ ഇസ്ലാമിനെ തിരിച്ചറിയുന്നതിനായി ജിഷയുടെ അമ്മയെയും സഹോദരി ദീപയേയും ആലുവ പൊലീസ് ക്ലബിലെത്തിച്ചത്. ജിഷയുടെ അമ്മ അമീറുൾ ഇസ്ലാമിനെ തനിക്കറിയില്ലെന്ന് നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.അതിനിടെ, അമീറുൽ ഇസ്ലാമിനെ വട്ടോളിപ്പടിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൊലീസ് കസ്റ്റഡി അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേയാണ് കനത്ത സുരക്ഷാ സന്നാഹത്തോടെ പ്രതിയെ ആദ്യമായി പെരുമ്പാവൂരിൽ കൊണ്ടു വന്നത്. നാട്ടുകാർ തടിച്ചു കൂടിയത് മൂലം പ്രതി താമസിച്ച ലോഡ്ജിനകത്ത് കയറാൻ പൊലീസിന് കഴിഞ്ഞില്ല.

പൊലീസ് ക്ലബിൽ പ്രതിയുടെ ചോദ്യം ചെയ്യൽ ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് ഇതാദ്യമായി പ്രതി അമീറിനെ കൊലനടത്തിയ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടു വന്നത്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രാവിലെ ആറേകാലിനാണ് കനത്ത പൊലീസ് കാവലിൽ മുഖം മറച്ച് അമീറിനെ വീട്ടിലെത്തിച്ചത്. പൊലീസ് എത്തിയതോടെ സമീപത്തെ നാട്ടുകാരും തടിച്ചുകൂടി. എന്നാൽ വീട്ടിൽ അരമണിക്കൂർ നീണ്ട തെളിവെടുപ്പിനിടെ യാതൊരു വിധ അനിഷ്ട സംഭവവും ഉണ്ടായില്ല. താൻ ഏത് വഴിയാണ് വീട്ടിനുള്ളിൽ കയറിയതെന്നും കൃത്യം നടത്തിയത് എങ്ങിനെയെന്നും പ്രതി വിശദീകരിച്ചു.

തുടർന്ന് പിൻവാതിലിലൂടെ പുറത്ത് കടന്ന സംഘം പ്രതിയേയും കൊണ്ട് സമീപത്തെ കനാലിന് അരികിലെത്തി. കൊലയക്ക് ശേഷം ശരീരം വൃത്തിയാക്കിയ സ്ഥലവും ചെരിപ്പ് ഉപേക്ഷിച്ച സ്ഥലവും ചൂണ്ടിക്കാണിച്ചു. 50 മീറ്റർ അകലെ കുറ്റിക്കാട് നിറഞ്ഞ പ്രദേശത്തേക്കും പ്രതിയെ എത്തിച്ചു. കൊലയ്ക്ക് ശേഷം പ്രതി ഭക്ഷണം കഴിച്ച ഹോട്ടലിലായിരുന്നു അടുത്ത തെളിവെടുപ്പ്. പിന്നീട് വൈദ്യശാലപ്പടിയിൽ പ്രതി താമസിച്ചിരുന്ന ലോഡ്ജിന് മുന്നിലെത്തി. പ്രതിയെ ജീപ്പിൽ നിന്ന് ഇറക്കിയതോടെ നാട്ടുകാർ ജീപ്പ് വളഞ്ഞു. ജനങ്ങളെ മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

പെരുമ്പാവൂർ കുറുപ്പംപടി റൂട്ടിൽ അൽപ്പനേരം ഗതാഗതവും തടസ്സപ്പെട്ടു. പ്രതിയേയും കൊണ്ട് ലോഡ്ജിനുള്ളിൽ പോകുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയതോടെ തിരികെ ജീപ്പിലേക്ക് കയറ്റി നേരെ ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ചാണ് ജിഷയുടെ അമ്മയും സഹോദരിയും പ്രതിയെ കണ്ടത്. ഇനി രണ്ട് ദിവസം കൂടി മാത്രമേ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ.

അമീറുലിനെ ആസാമിലേക്ക് രക്ഷപ്പെടാൻ സഹോയിച്ചത് സഹോദരൻ ബദറുൽ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തിയത് കേസിൽ കൂടുതൽ വഴിത്തിരിവുണ്ടാക്കുമെന്നാണ് സൂചന. കൊലയ്ക്കുശേഷം അമീറുൽ നേരെ പോയത് പത്ത് കിലോമീറ്റർ അകലെ വല്ലത്ത് താമസിക്കുന്ന സഹോദരന്റെ അടുത്തേക്കാണ്. ഇവിടെ വച്ചാണ് പ്രതി കുളിച്ച് വസ്ത്രങ്ങൾ മാറിയത്. അസമിലേക്ക് പോകാൻ അമീറിന് 2500 രൂപ നൽകിയ സഹോദരൻ ബദർ ഉൾ ഇസ്ലാം തന്നെയാണ് ആലുവ സ്‌റ്റേഷനിലേക്ക് പോകാൻ പ്രതിക്ക് ഓട്ടോറിക്ഷ വിളിച്ചു കൊടുത്തതുമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അമീർ കൊലപാതകം നടത്തിയാണ് വന്നതെന്ന് ബദർ ഉൾ ഇസ്ലാം അറിഞ്ഞോ എന്ന് പരിശോധിക്കുന്ന പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചാൽ കേസിൽ അയാളെയും പ്രതിയാക്കുമെന്ന് വ്യക്തമാക്കി. അമീറിനെ കൊണ്ടു പോയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന ഏപ്രിൽ 28ന് രാത്രി തന്റെ ഓട്ടോയിൽ കയറിയ പ്രതിയെ തിരിച്ചറിയൽ പരേഡിൽ ഈ ഓട്ടോറിക്ഷ ഡ്രൈവർ കൃത്യമായി തിരിച്ചറിഞ്ഞുവെന്നതും പൊലീസിന് കേസിൽ ഗുണകരമാകും. വല്ലത്ത് നിന്ന് പതിനേഴ് കിലോമീറ്റർ അകലെ ആലുവ സ്റ്റേഷനിലേക്ക് രാത്രി യാത്ര പോയതാണ് ഡ്രൈവർ പ്രതിയെ മറക്കാതിരിക്കാൻ കാരണം. പ്രതി അന്നേ ദിവസം ധരിച്ച വസ്ത്രത്തിന്റെ നിറവും ഡ്രൈവർ ശരിയായി ഓർത്തെടുത്തിരുന്നു. ഇതോടെ ഇയാൾ കേസിൽ പ്രധാന സാക്ഷിയുമാകും.