തിരുവനന്തപുരം: ജിഷവധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായ പ്രതി അമിറുൽ ഇസ്ലാമിനെ കാക്കനാട് ജയിയിൽ പാർപ്പിക്കുന്നത് കർശന സുരക്ഷയോടെ. മറ്റു തടവുകാരുടെ പോലും ദൃഷ്ടിയിൽപ്പെടാത്തവിധം പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് ഇയാളെ തടവിലിട്ടത്. ഏറെ വിവാദം സൃഷ്ടിച്ച കേസായതിനാൽ മറ്റു തടവുകാരുടെ ആക്രമണം ഉണ്ടായേക്കുമെന്ന ഭയത്താൽ അമീറുലിനെ പാർപ്പിക്കാൻ പ്രത്യേകം തടവറ സജ്ജമാക്കുകയായിരുന്നു.

രണ്ട് നിരീക്ഷണ ക്യാമറകളും തടവുമുറി നിരീക്ഷണത്തിന് ഒരുക്കിയിരുന്നു. രണ്ട് ഉദ്യോഗസ്ഥർ മുഴുവൻസമയവും ഇതിനു മുന്നിൽ നിരീക്ഷണത്തിലുമുണ്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ ഇയാൾക്ക് പരിക്കേറ്റിട്ടില്ലെന്ന് മെഡിക്കൽ ഓഫീസർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഇയാളെ ജയിൽ അധികൃതർക്ക് കൈമാറിയത്. കോടതിയിലും പൊലീസിനെതിരെ പരാതികളില്ലെന്ന് അമിറുൽ ഇസ്ലാം മൊഴി നൽകിയത് അന്വേഷണ സംഘത്തിന്റെ വിജയമായി. ഇയാളുടെ ചിത്രം പുറത്തുവന്നാൽ അത് തിരിച്ചറിയൽ പരേഡിനെ ബാധിക്കുമെന്നതിനാൽ ജയിലിലെ ഉദ്യോഗസ്ഥർ മൊബൈലിൽ പ്രതിയുടെ പടമെടുക്കുന്നതും വിലക്കിയിട്ടുണ്ടെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.

അതേസമയം, കേസിൽ ഇന്ന് അമിറുൽ ഇസ്ലാമിന്റെ  തിരിച്ചറിയിൽ പരേഡ് നടക്കാനിരിക്കെ ഇയാൾ കഴിഞ്ഞ മൂന്നുദിവസത്തിനിടെ പൊലീസിന് നൽകിയ മൊഴികൾ പരസ്പര വിരുദ്ധമാണെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കുമ്പോൾ ഇയാളുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായാൽ അത് കേസിനെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നതിനാൽ പ്രതി കള്ളംപറയുന്നതായി വ്യക്തമായിട്ടും ആദ്യഘട്ട ചോദ്യംചെയ്യലിൽ പൊലീസ് കടുത്ത രീതികൾ സ്വീകരിച്ചില്ല. ഇടയ്ക്കിടെ മൊഴിമാറ്റുന്നതായി മനസ്സിലായിട്ടും തൽക്കാലം ചോദ്യംചെയ്യൽ രീതി മാറ്റേണ്ടെന്നായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. ഇയാളെ വീണ്ടും വീണ്ടും ചോദ്യംചെയ്യുന്ന രീതിയാണ് ആദ്യഘട്ടത്തിൽ സ്വീകരിച്ചത്. ഏറ്റവുമൊടുവിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നേരിട്ട് അമിറുൽ ഇസ്ലാമിനെ ചോദ്യംചെയ്തു.

ഇന്ന് തിരിച്ചറിയിൽ പരേഡ് നടത്തിയശേഷം വിശദമായ ചോദ്യംചെയ്യലിനും കൂടുതൽ തെളിവെടുപ്പിനുമായി വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അപ്പോൾ ചോദ്യംചെയ്യലിന്റെ രൂപവും ഭാവവും മാറുമെന്നും അതോടെ കൃത്യമായ വിവരങ്ങൾ പുറത്തുവരുമെന്നും പൊലീസ് വ്യക്തമാക്കുന്നു. കാഞ്ചീപുരത്തുവച്ച് കസ്റ്റഡിയിലെടുത്തശേഷം ആദ്യഘട്ട ചോദ്യംചെയ്യൽ അരങ്ങേറിയത് തൃശൂർ പൊലീസ് അക്കാദമിയിലാണ്. ഹിന്ദി അറിയില്ലെന്നും അസമീസ് മാത്രമേ അറിയൂ എന്നും പ്രതി തന്ത്രമെടുത്തതോടെ ചൊവ്വാഴ്ച പകൽ മുഴുവൻ പ്രതിയെ ചോദ്യംചെയ്യാനായില്ല. പിന്നീട് ദ്വിഭാഷിയുടെ സാന്നിധ്യത്തിൽ മാറിമാറി ചോദ്യംചെയ്തപ്പോൾ താൻതന്നെയാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചെങ്കിലും മറ്റുകാര്യങ്ങൾ മാറ്റിമാറ്റി പറയുകയായിരുന്നു.

കത്തികൊണ്ടാണ് കൊല നടത്തിയതെന്നായിരുന്നു ആദ്യം പറഞ്ഞത്. പക്ഷേ, ഇത് എവിടെ ഒളിപ്പിച്ചുവെന്ന് വ്യക്തമായി പറഞ്ഞില്ല. പിന്നീട് ഒന്നിൽ കൂടുതൽ ആയുധമുണ്ടെന്നായി. അതിലൊന്ന് നീണ്ടു കൂർത്ത ആയുധമെന്നും മൊഴി നൽകി. മദ്യപിച്ചാണ് കൊല നടത്തിയതെന്ന മൊഴി പിന്നീട് മാറ്റി സ്വബോധത്തോടെയാണ് കൊല നടത്തിയതെന്നായി. അതുപോലെത്തന്നെയായിരുന്നു കുളിക്കടവിൽ വച്ച് ജിഷ കളിയാക്കിയെന്ന കഥയും. ഇത് ശരിയല്ലെന്നും ഇത്തരത്തിൽ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും നാട്ടുകാരും പറഞ്ഞതോടെ പ്രതി ഇക്കാര്യത്തിലും കള്ളം പറയുകയാണെന്ന് വ്യക്തമായി.

വ്യാഴാഴ്ച ഉച്ചവരെ തൃശൂർ പൊലീസ് അക്കാദമിയിലെ ചോദ്യംചെയ്യൽ തുടർന്നു. മുമ്പ് ന്യൂമാൻസ് കോളേജ് അദ്ധ്യാപകന്റെ കൈവെട്ടുകേസിലെ പ്രതികളെയും പൊലീസ് ചോദ്യംചെയ്ത് കേസ് തെളിയിച്ചത് ഇവിടെവച്ചായിരുന്നു. എന്നാൽ അമിറുലിനെ വിരട്ടുക മാത്രമായിരുന്നു ആദ്യഘട്ടത്തിൽ ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഇവിടെനിന്ന് ആലുവ പൊലീസ് ക്ലബിലേക്ക്‌  പ്രതിയെ മാറ്റി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകീട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ ഘട്ടങ്ങളിലെല്ലാം പ്രതിയുടെ ദേഹത്ത് ഒരു പോറൽപോലും ഏൽക്കരുതെന്ന നിർബന്ധം അന്വേഷണ സംഘത്തിനുണ്ടായിരുന്നു. കേസിൽ പ്രതിക്കനുകൂലമായ ഘടകം ഒന്നും ഉണ്ടാകരുതെന്ന് ഉറപ്പിക്കുകയായിരുന്നു പൊലീസ്. പ്രതിയെ സമൂഹത്തിനുമുന്നിൽ കാണിക്കാതിരിക്കുന്നതും ഇതേ ലക്ഷ്യത്തോടെയാണ്. തിരിച്ചറിയിൽ പരേഡുകൾക്കുശേഷം കോടതി അനുമതിയോടെയെ പ്രതിയെ മാദ്ധ്യമങ്ങൾക്കുമുന്നിൽ കാണിച്ചാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം

പ്രതി ആദ്യഘട്ട ചോദ്യംചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ അപഗ്രഥിക്കുകയാണ് അന്വേഷണസംഘം. ഇതിൽ ഏതെല്ലാം കാര്യങ്ങൾ കളവാണെന്നും ഏതെല്ലാം ശരിയാണെന്നും വിലയിരുത്തും. കേസിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും പിപി തങ്കച്ചന്റെ മകനുൾപ്പെടെ പങ്കുണ്ടെന്നും ജിഷയുടെ അച്ഛൻ പാപ്പുവും ജോമോൻ പുത്തൻ പുരയ്ക്കലുമെല്ലാം പറയുന്നതുൾപ്പെടെ ഇക്കാര്യത്തിൽ ഉയർന്നുവരുന്ന ആരോപണങ്ങളെല്ലാം പരിശോധിക്കാനാണ് പുതിയ തീരുമാനം. ഇപ്പോൾ മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ പലതും പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല. ഡിഎൻഎ പരിശോധനയിൽ അമിറുൽ ഇസ്ലാമിന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന കാര്യം മാത്രമേ പൊലീസ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളൂ. മറ്റു പ്രചരണങ്ങളെല്ലാം അന്വേഷണസംഘം തള്ളിക്കളയുന്നു. പ്രതി നൽകിയ മൊഴിയിൽ സത്യമേത് പതിരേത് എന്ന പരിശോധന നടത്തിയ ശേഷം ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട ചോദ്യംചെയ്യൽ ആരംഭിക്കും. അതോടെ കേസിന്റ പൂർണചിത്രം തെളിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.