പത്തനംതിട്ട: കേരളത്തിൽ 71 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. റാന്നിയിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

യുഡിഎഫും എൽഡിഎഫും വികസനത്തെ തടസപ്പെടുത്തുന്നവരാണ്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവണം ഈ തിരഞ്ഞെടുപ്പെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിൽ ഒന്നിക്കുന്നവർ കേരളത്തിൽ പോരടിക്കുന്നതിന്റെ പൊള്ളത്തരം ജനം തിരിച്ചറിയണമെന്നും റാന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അമിത് ഷാ പറഞ്ഞു.

കേരളത്തിൽ ദലിത് വനിതകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ അമിത് ഷാ നിയമിച്ചു. എംപിമാരായ മീനാക്ഷി ലേഖി, അർജ്ജുന്റാം അഗർവാൾ, ഉദിത് രാജ് എന്നിവരാണ് സമിതി അംഗങ്ങൾ. ഇവർ ഏഴാം തീയതി മുതൽ മൂന്നു ദിവസം കേരളത്തിൽ പെരുമ്പാവൂരും വർക്കലയും അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിക്കും.

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മോദി നാളെ കേരളത്തിൽ എത്തുന്നുണ്ട്. പാലക്കാട്ടാണ് നാളെ മോദി എത്തുന്നത്. പെരുമ്പാവൂർ സംഭവം തെളിയിക്കുന്നത് കേരളത്തിൽ ക്രമസമാധാനനില പാടെ തകർന്നിരിക്കുന്നുവെന്നാണെന്ന് ബിജെപി ആരോപിക്കുന്നത്. കേരളത്തിൽ ദലിത് സമൂഹം ഭയപ്പെട്ടിരിക്കുകയാണെന്നും ഇവർക്ക് ഭയരഹിതമായി വോട്ടുചെയ്യുന്നതിന് കൂടുതൽ അർധസൈനിക വിഭാഗത്തെ കേരളത്തിലേക്കയക്കണമെന്നും കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡയുടെ നേതൃതത്തിലുള്ള സംഘം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോടാവശ്യപ്പെട്ടു. വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.