കണ്ണൂർ: ശബരിമല വിഷയത്തിൽ നാളെ ദേശീയ അധ്യക്ഷൻ അമിത് ഷാ നിലപാട് വിശദീകരിക്കുമെന്ന പ്രതീക്ഷയിൽ ബിജെപി സംസ്ഥാന നേതൃത്വം. ശബരിമയിൽ നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ തയ്യാറാകുമോ എന്നതിൽ നാളെ വ്യക്തത വരും. കണ്ണൂർ വിമാനത്താവളത്തിലെ അമിത് ഷായുടെ പറന്നിറങ്ങൽ ആഘോഷമാക്കാനാണ് ബിജെപിക്കാരുടെ തീരുമാനം.

ബിജെപി. ജില്ലാ കമ്മിറ്റി ഓഫീസിനു വേണ്ടി കണ്ണൂരിൽ നിർമ്മിച്ച മാരാർജി ഭവന്റെ ഉത്ഘാടനം നാളെ രാവിലെ 11 ന് അമിത്ഷാ നിർവ്വഹിക്കും. രാവിലെ 10.15 ന് പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി റോഡ് മാർഗ്ഗമാണ് ഉത്ഘാടന വേദിയിൽ ബിജെപി. അദ്ധ്യക്ഷനെത്തുക. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ആദ്യ യാത്രക്കാരനായും അമിത് ഷാ മാറും. സിപിഎമ്മിന്റെ കോട്ടയിലാണ് അമിത് ഷായുടെ വിമാനം ഇറക്കൽ. മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പിലെ ബിജെപി തീരുമാനവും നാളെ ഉണ്ടാകും. ഹൈക്കോടതിയിലെ ഹർജി തള്ളുന്ന കാര്യത്തിൽ സുരേന്ദ്രന് വേണ്ട നിർദ്ദേശവും അമിത് ഷാ നൽകും.

ഉത്ഘാടന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ രാഷ്ട്രീയ എതിരാളികളുടേയും മത തീവ്രവാദികളുടേയും അക്രമത്തിൽ കൊല്ലപ്പെട്ട ജില്ലയിലെ സംഘപരിവാർ പ്രവർത്തകരായ മുഴുവൻ ബലിദാനികളുടേയും കുടുംബാംഗങ്ങൾ എത്തും. ഉത്ഘാടനത്തിന് തൊട്ട് മുമ്പ് ഓഫീസ് മുറ്റത്ത് സജ്ജീകരിച്ച ബലിദാൻ സ്മൃതി കുടീരത്തിന്റെ അനാച്ഛാദനവും അമിത്ഷാ നിർവ്വഹിക്കും. തുടർന്ന് പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഉത്ഘാടന ചടങ്ങ് ആരംഭിക്കുക. ബിജെപി. ഓഫീസായ മാരാർജി ഭവന്റെ ഉത്ഘാടനത്തിന് ശേഷം പിണറായിയിൽ കൊല്ലപ്പെട്ട ബിജെപി. പ്രവർത്തകരായ ഉത്തമന്റേയും മകൻ രമിത്തിന്റേയും വസതി ദേശീയ പ്രസിഡണ്ട് അമിത് ഷാ സന്ദർശിക്കും. തുടർന്ന് 1.50 ന് കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തി തിരുവനന്തപുരത്തേക്ക് പോകും.

ബിജെപി ജില്ലാ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷം അമിത് ഷാ ശിവഗിരിയിലും പോകുന്നുണ്ട്. അവിടേയും പരിപാടിയിൽ പങ്കെടുക്കും. പാർട്ടി പതാക ഉയർത്തുന്നതോടെ കെട്ടിടത്തിന്റെ ഉത്ഘാടനം അമിത്ഷാ നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ഒ. രാജഗോപാൽ എം, എൽ. എ അദ്ധ്യക്ഷം വഹിക്കും. കെ.ജി. മാരാരുടെ പ്രതിമ അനാച്ഛാദനം ബിജെപി. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി. ശ്രീധരൻ പിള്ള നിർവ്വഹിക്കും. ഉത്ഘാടനത്തിന്റെ മുന്നോടിയായി ഇന്നലെ പാലുകാച്ചലും ഗണപതി ഹോമവും നടന്നു. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കർണ്ണാടക എം. പി. നളിൻകുമാർ കട്ടീൽ, ആർ.എസ്. എസ്. സഹ പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, സഹ. പ്രാന്ത. വിദ്യാർത്ഥി പ്രമുഖ്. വൽസൻ തില്ലങ്കേരി, ബിജെപി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, മറ്റ് നേതാക്കളായ സി.കെ. പത്മനാഭൻ, എം. ഗണേശൻ, കെ. രഞ്ജിത്ത്, പി.സത്യ പ്രകാശ്, പി.പി. സുരേഷ് ബാബു, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

കണ്ണൂർ താളിക്കാവിലാണ് പുതിയ ബഹുനില മന്ദിരം നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളുള്ളതുമായ ഓഫീസാണിത്. തെരഞ്ഞെടുപ്പ് വാർ റൂം, വീഡിയോ കോൺഫറൻസിങ് സംവിധാനം, മിനി കോൺഫറൻസ് ഹാൾ, പോഷക സംഘടനാ ജില്ലാ അധ്യക്ഷന്മാർക്കുള്ള ഓഫീസുകൾ, അതി വിശാലമായ ലൈബ്രറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള ഓഫീസാണിത്.താഴത്തെ നിലയിൽ ലൈബ്രറിയും ജില്ലാ ഭാരവാഹികളുടെ ഓഫീസും ഒന്നാം നിലയിൽ മിനി കോൺഫറൻസ് ഹാൾ, രണ്ടാം നിലയിൽ തെരഞ്ഞെടുപ്പു വാർറൂം. ഇവിടെ മൂന്നു മുറികളിലാണ് കമ്പ്യൂട്ടറുകളും കമ്പ്യൂട്ടർ വിദഗ്ധരും സജ്ജമാവുക. വീഡിയോ കോൺഫറൻസിംഗിനും രാജ്യത്തെ ഏത് കോണിലും നടക്കുന്ന സംഭവങ്ങൾ അപ്പപ്പോൾ തന്നെ വിലയിരുത്താനും ഉന്നത നേതാക്കളുമായി ആശയ വിനിമയം നടത്താനുമുള്ള സൗകര്യം ഇവിടെയുണ്ട്.

മൂന്നാമത്തെ നിലയിലാണ് കോൺഫറൻസ് ഹാളും സ്റ്റേജും ഒരുക്കിയിരിക്കുന്നത്. ഇവിടെ 250 പേർക്കിരിക്കാവുന്ന സൗകര്യമുണ്ട്. പാർട്ടിയുടെ സംഘടനാപരമായ പ്രധാന പരിപാടികൾ ഇവിടെ വച്ചാകും നടക്കുക. 9 സെന്റ് സ്ഥലത്ത് രണ്ടര കോടി രൂപ ചെലവിലാണ് മാരാർജി മന്ദിരം പൂർത്തിയാവുന്നത്. 10,700 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീർണം. ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ കെ.രഞ്ജിത്താണ് നിർമ്മാണ കമ്മിറ്റി കൺവീനർ. ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.