അഹമ്മദാബാദ്: തന്റെ മകൻ ജയ് ഷായ്‌ക്കെതിരെ ഉയർന്ന ആരോപണത്തിൽ മൗനം വെടിഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു.ജയ് ഷായുടെ കമ്പനിയുടെ വരുമാനത്തിൽ അവിശ്വസനീയ വർധനയുണ്ടായെന്ന വിവാദത്തിൽ കഴമ്പില്ല. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ അനധികൃതമായി ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ് ഷായുടെ ബിസിനസ് ഇടപാടിൽ അഴിമതിയുടെ ചോദ്യം തന്നെ ഉദിക്കുന്നില്ല. കമ്പനിയുടെ ആകെ വിറ്റുവരവ് ഒരു കോടിയാണ് എന്നു പറഞ്ഞാൽ ആ കമ്പനിയുടെ ലാഭം ഒരു കോടിയാണ് എന്നല്ല അർഥം.

ജയ് ഷായുടെ കമ്പനി 80 കോടിയുടെ വിറ്റുവരവ് ഉണ്ടാക്കിയപ്പോൾ കമ്പനിക്ക് 1.5 കോടിയുടെ നഷ്ടം സംഭവിച്ചു. ഇത്രയും വിറ്റുവരവുണ്ടാക്കി എന്നല്ലാതെ കമ്പനിക്ക് ലാഭമൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ജയ് ഷായുടെ കമ്പനി ചില ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ഈടില്ലാത്ത വായ്പ കരസ്ഥമാക്കിയെന്ന ആരോപണം അമിത് ഷാ നിഷേധിച്ചു. കമ്പനി നടത്തിയ എല്ലാ ഇടപാടുകളും ചെക്കുകൾ വഴിയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നടന്നോ എന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ലെന്നും അദ്ദേഹം ഇന്ത്യാ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.