ബെംഗളൂരു: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ബാബാ രംദാസ് സർക്കാർ മെഡിക്കൽ കോളജിൽ 74 കുട്ടികൾ മരിച്ച ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തള്ളി.

ഗോരഖ്പൂരിൽ ഒരപകടമാണ് നടന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇങ്ങനെയൊരു ദുരന്തം രാജ്യത്ത് ആദ്യമായല്ല സംഭവിക്കുന്നതെന്നും അമിത് ഷാ ബെംഗളൂരുവിൽ പറഞ്ഞു.

അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ പൊതുജനത്തിന് ലഭ്യമാക്കും. രാജി ആവശ്യപ്പെടുന്ന കോൺഗ്രസിന്റെ ഭരണകാലത്തും, വലിയ ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്. കുട്ടികൾ കൂട്ടത്തോടെ മരിച്ച വേളയിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാൻ യോഗി ആദിത്യനാഥ് ഉത്തരവിട്ടത് വിവാദമാക്കേണ്ട കാര്യമില്ല. ജന്മാഷ്ടമി ആഘോഷവും ദുരന്തവും തമ്മിൽ ബന്ധമില്ല.

ജന്മാഷ്ടമി ആഘോഷിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടമാണ്. അത് സർക്കാരിന്റെ ആഘോഷമല്ല. ഗോരഖ്‌നാഥ് മഠാധിപതി ആയതിനാൽ ഗോരഖ്പുരിലെ ജന്മാഷ്ടമി ആഘോഷത്തിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.