ന്യൂഡൽഹി: എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും സ്‌കൂളുകൾ നിർദ്ദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാവണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തിൽ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇതാദ്യമായാണ് അമിത് ഷാ ഹിജാബ് വിഷയത്തിൽ പ്രതികരിക്കുന്നത്. 'രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോടതി വിധി മാനിക്കാൻ എല്ലാവരും തയ്യാറാവണം. സ്‌കൂളുകൾ നിർദ്ദേശിക്കുന്ന വസ്ത്രം എല്ലാ മതത്തിൽപ്പെട്ടവരും ധരിക്കാൻ തയ്യാറാവണമെന്നാണ് വ്യക്തിപരമായ അഭിപ്രായം', അമിത് ഷാ പറഞ്ഞു.

ഹിജാബ് വിഷയത്തിൽ കർണാടക സർക്കാരും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. കർണാടക ഹൈക്കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെപി ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

അതേസമയം ഹിജാബ് മതാചാരത്തിന്റ ഭാഗമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തിൽ ഹിജാബ് വരില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ് എന്നും ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാർമ്മികതയില്ലെന്നും കർണാടക സർക്കാർ കോടതിയിൽ പറഞ്ഞു. കേസിൽ ഹൈക്കോടതിയിൽ നാളെയും വാദം തുടരും. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ കോളേജ് വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്.

അതിനിടെ ഹിജാബ് പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ധ്യാപികയും രാജി വച്ചു. കർണാടകയിലെ തുംകുരുവിലെ ജെയ്ൻ പിയു കോളേജിലെ അദ്ധ്യാപികയായ ചാന്ദിനിയാണ് ജോലി രാജി വച്ചത്. അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും ഹിജാബോ കാവി ഷാളോ മറ്റ് മത ചിഹ്നങ്ങളോ കോളേജിനുള്ളിൽ ധരിക്കരുതെന്നാണ് കർണാടകയിലെ കോളേജുകൾ പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ജെയ്ൻ പിയു കോളേജിൽ ഗസ്റ്റ് ലക്ചറായി ജോലി ചെയ്ത് വരികയാണ് ഞാൻ. ഈ മൂന്ന് വർഷത്തിനിടയിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷേ ഇന്നലെ രാവിലെ ഞങ്ങളുടെ പ്രിൻസിപ്പൽ ഞങ്ങളെ വിളിച്ചു, ഞങ്ങൾ ഹിജാബ് ധരിക്കരുതെന്നും മത ചിഹ്നങ്ങൾ കോളേജിൽ നിരോധിച്ചതായും അറിയിച്ചു'' - ചാന്ദിനി പറഞ്ഞു.

തന്റെ ആത്മാഹഭിമാനത്തെ ഹനിക്കുന്നതാണ് ഇത്, അതിനാൽ താൻ രാജിവയ്ക്കുന്നുവെന്നും ഹിജാബില്ലതെ താൻ കോളേജിൽ ജോലി ചെയ്യില്ലെന്നും ചാന്ദിനി പറഞ്ഞു. ചാന്ദിനി സ്വന്തം കൈപ്പടയിലെഴുതിയ രാജിക്കത്തും അവർ പുറത്തുവിട്ടു. അതേസമയം അദ്ധ്യാപികയോട് ഹിജാബ് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ കെ ടി മഞ്ജുനാഥ് പ്രതികരിച്ചു. കർണാടകയിലെ ഉടുപ്പിയിലാണ് ഹിജാബിന്റെ പേരിലുള്ള തർക്കം ആരംഭിച്ചത്. പിന്നീട് ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.