- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്ത് കേസിൽ അമിത്ഷാ സൂചിപ്പിച്ച ആ സംശയാസ്പദ മരണം ഏത്? കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ വിശദീകരിക്കുമെന്ന് വ്യക്തമാക്കി കെ സുരേന്ദ്രൻ; അന്വേഷണം ഇല്ലാതെ കടന്നുപോയത് ഇടത് എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകട മരണം; ഷായുടെ പരാമർശത്തിൽ വീണ്ടും സജീവ ചർച്ചയായി അബ്ദുൽ ഗഫൂറിന്റെ മരണം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ച ആരോപണങ്ങൾ പ്രചരണവിഷയമാക്കാൻ ഒരുങ്ങികയാണ് ബിജെപി. മുഖ്യമന്ത്രിയെ ഉന്നം വെച്ചുള്ള പ്രചരണം കൊഴിപ്പുക്കിമ്പോഴും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒരാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചെന്ന് ഷാ പറഞ്ഞിരുന്നു. ഇത് ആരാണെന്നാണ് അറിയേണ്ടത്. എന്നാൽ ബിജെപി നേതാക്കൾക്കും ആരാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദുരൂഹമായി മരിച്ചത് എന്നതിൽ വ്യക്തതയില്ലെന്നതാണ് വാസ്തവം.
രാജ്യത്തിന്റെ അഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ ഈ ആരോപണം ഉന്നയിച്ചത്. ഇനി ഇതേക്കുറിച്ച് പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അമിത് ഷാ വെറുതെ ആരോപണം ഉന്നയിക്കില്ല. സ്വർണക്കടത്തിലെ ദുരൂഹമരണത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. മറുപടിയില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും മുന്നറിയിപ്പു നൽകി.
അതേസമയം അമിത്ഷാ ഉദ്ദേശിച്ച ദുരൂഹ മരണം ഇടതു എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരന്റേതാണെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്നും പ്രചരിപ്പിക്കുന്നത്. കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൾ ഗഫൂർ വാഹനാപകടത്തിൽ മരിച്ചത് 2018 ഒക്ടോബറിലാണ്. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാരാട്ട് മുഹമ്മദിന്റെ മകൻ അപ്പക്കാട്ടിൽ അബ്ദുൽ ഗഫൂർ മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈ അപകടത്തിന് പിന്നിൽ ഗൂഢാലോചന എന്തെങ്കിലും ഉണ്ടന്ന ആരോപണം അന്നുയർന്നിരുന്നു. എന്നാൽ, പൊലീസ് അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. കൊടുവള്ളി മാഫിയയ്ക്ക് ഈ മരണവുമായി ബന്ധമുണ്ടെന്ന ആക്ഷേപം അന്നുയർന്നിരുന്നു.
രണ്ടര വർഷം മുമ്പ് വയനാട്ടിൽ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എൻ.ഐ.എയ്ക്ക് വിശാദാംശങ്ങൾ തേടിയിരുന്നു. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ മുഖ്യപ്രതി കെ.ടി. റമീസിന് ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷണംനടന്നു. ഇദ്ദേഹത്തിന്റെ മരണശേഷമാണ് കരിപ്പൂർ സ്വർണക്കടത്തുസംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വപ്ന സുരേഷും സന്ദീപ് നായരും ഉൾപ്പെടെയുള്ളവരുമായി കൈകോർത്തത്. ഇതാണ് സംശയങ്ങൾക്ക് ഇടനൽകിയതും.
ഭരണമുന്നണിയിലെ പ്രമുഖ നേതാവ് മുൻ കൈയെടുത്താണ് സ്വപ്നയെയും സന്ദീപിനെയും റമീസിനെയും റാക്കറ്റിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണ ഏജൻസികൾക്കു അന്ന് ലഭിച്ച വിവരം. സംഘത്തിന്റെ നേതൃത്വം പിന്നീട് ഇദ്ദേഹം ഏറ്റെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് കൊടുവള്ളിയിലെ എംഎൽഎയുടെ സഹോദരന്റെ മരണത്തിൽ ദുരൂഹത നിറയുന്നത്. കൊടുവള്ളിയാണ് സ്വർണ്ണ കടത്തിന്റേയും ഹവാല ഇടപാടുകളുടേയും കേന്ദ്രമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
പുലർച്ചെ 3.15 ഓടെ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ആയിരുന്നു ഗഫൂറിന്റെ മരണത്തിനിടയാക്കിയ അപകടം. വയനാട്ടിൽ നിന്നും വരികയായിരുന്ന ഇവർ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇവരെ കാറിൽ നിന്ന് പുറത്തെടുത്തെങ്കിലും ഗഫൂർ മരിച്ചിരുന്നു. അതേസമയം തന്റെ സഹോദരന്റേത് അപകട മരണമാണ് എന്നായിരുന്നു കാരാട്ട് റസാഖ് പ്രതികരിച്ചതും. എന്നാൽ, ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി ദൂരുഹ മരണത്തെ കുറിച്ച് പറയുമ്പോൾ ഈ അപകട മരണമാണ് വീണ്ടും സജീവ ചർച്ചയിൽ നിറയുന്നത്.
ശംഖുമുഖം പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞത്:
ഡോളർക്കടത്ത് കേസിലെ പ്രധാന പ്രതി നിങ്ങളുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന ആളാണെന്നത് ശരിയാണോ? സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയെ മാസം മൂന്ന് ലക്ഷം രൂപ നൽകി നിങ്ങൾ നിയമിച്ചത് ശരിയാണോ? നിങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറി ഈ പ്രതിക്ക് വ്യാജബിരുദത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകിയത് ശരിയാണോ? നിങ്ങളും നിങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിയും വിദേശയാത്രയിൽ പ്രതിയായ ഈ സ്ത്രീയെ സർക്കാർ ചെലവിൽ പങ്കെടുപ്പിച്ചുവോ? സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസിലെ സന്ദർശകയാണെന്ന ആരോപണം ശരിയാണോ? സ്വർണകടത്ത് ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സമ്മർദമുണ്ടായിട്ടുണ്ടോ? ആ നടപടി ശരിയാണോ? സംശയാസ്പദമായ ഒരു മരണം ഉണ്ടായി. അതിൽ ശരിയായ ദിശയിൽ അന്വേഷണം നടന്നോ? പൊതുജീവിതം നയിക്കുന്നവർ ചോദ്യങ്ങൾക്ക് സുതാര്യമായി മറുപടി പറയണം. എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല. മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാൻ അല്ല ചോദ്യങ്ങൾ ചോദിക്കുന്നത്. ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ മതി.
കേന്ദ്ര ഏജൻസികൾ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉന്നയിച്ച പരാമർശങ്ങൾക്ക് മറുപടി നൽകണമെന്ന ആമുഖത്തോടെയാണ് അമിത്ഷാ ചോദ്യശരങ്ങൾ ഉന്നയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ