ന്യൂഡൽഹി: ത്രിപുരയും മേഘാലയയും നാഗാലാൻഡിലും മുന്നേറ്റം നടത്തിയ ബിജെപി ഇനി ലക്ഷ്യമിടുന്നത് കേരളവും ബംഗാളും ഒഡിഷയും. ഇക്കാര്യം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ വ്യക്തമാക്കി. ബിജെപിയുടെ സുവർണകാലഘട്ടം ഇനിയും ആരംഭിച്ചിട്ടില്ലെന്ന പറഞ്ഞു കൊണ്ടാണ് ഇനി ഏതൊക്കെ സംസ്ഥാനങ്ങളാണ് കേരളം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കേരളത്തിലും ബംഗാളിലും ഒഡിഷയിലും കൂടി ഭരണം പിടിക്കുമ്പോൾ മാത്രമേ ബിജെപിയുടെ സുവർണ കാലഘട്ടം ആരംഭിക്കൂ എന്നും അമിത് ഷാ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഒരു ഭാഗത്തും യോജിച്ചവരല്ല ഇടതുപക്ഷമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം ജനങ്ങൾ അവരെ ബംഗാളിൽനിന്ന് കെട്ടുകെട്ടിച്ചു. ഇപ്പോഴിതാ ത്രിപുരയിൽനിന്നും അവർ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ബിജെപിയുടെ വളർച്ചയുടെ ലക്ഷണമാണ് ഇതെന്നും അമിത് ഷാ പറഞ്ഞു. നിലവിൽ ഇന്ത്യ മുഴുവനും നിറഞ്ഞുനിൽക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഹിന്ദി ബെൽറ്റിൽ മാത്രമുള്ള പാർട്ടിയാണ് ബിജെപിയെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. അതു തെറ്റാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഈ ജനവിധി കേരളത്തിലെയും ബംഗാളിലെയും ബിജെപി പ്രവർത്തകർക്കും ആവേശം പകരുന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ അക്രമരാഷ്ട്രീയത്തിൽ മടുത്തു കഴിയുന്നവരാണ് ഇവിടുത്തെ ജനങ്ങളെന്നും ഷാ പറഞ്ഞു.

ലഡാക്കിലും കേരളത്തിലും തങ്ങൾക്കിപ്പോൾ സ്വന്തമായി എംപിമാരുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 'ഇന്ത്യ മുഴുവൻ വ്യാപിച്ചിട്ടുള്ള പാർട്ടിയാണ് ഇപ്പോൾ ബിജെപി. ഞങ്ങൾക്ക് ലഡാക്കിലും ഇങ്ങേയറ്റത്ത് കേരളത്തിലും എംപിമാരുണ്ട്. അങ്ങേയറ്റത്തുകൊഹിമയിലും ഇങ്ങേയറ്റത്ത് കച്ചിലും ഞങ്ങളുടെ സർക്കാരുകളാണു ഭരിക്കുന്നത്' അമിത് ഷാ പറഞ്ഞു. കർണാടകയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം മാത്രമാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് വ്യക്തമാക്കുന്ന വാർത്തകളും പുറത്തുവന്നു.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ഇരകളായി കൊല്ലപ്പെട്ട ബിജെപിആർഎസ്എസ് പ്രവർത്തകർക്കായി ഈ വിജയം സമർപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞതോടെ അമിത് ഷാ ലക്ഷ്യമിടുന്നത് കേരളമാണെന്നത് വ്യക്തമാണ്. അതേസമയം അമിത് ഷായുടെ ലക്ഷ്യങ്ങളിൽ തമിഴ്‌നാടിനെ കുറിച്ച് മൗനം പാലിച്ചതും ശ്രദ്ധേയമാണ്. ബിജെപിക്ക് കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞാൽ പോലും തമിഴ്‌നാട്ടിൽ നേരിട്ട് അത് അസാധ്യമാണെന്നാണ് ഷായും കരുതുന്നത്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിൽ ഏതെങ്കിലും ദ്രാവിഡ കക്ഷികളെ ഒപ്പം നിർത്താനാകും അദ്ദേഹം കരുതുന്നത്.

ബംഗാളിലെ പ്രതിപക്ഷത്തിന്റെ റോളിലേക്ക് ബിജെപി ഇതിനോടകം മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടെ മമത പ്രഭാവത്തെ ചെറുക്കാനുള്ള ശ്രമങ്ങളെല്ലാം ശക്തമാക്കിയിട്ടുണ്ട് അമിത് ഷാ. ഒഡിഷയിലും ബിജെപി പ്രതീക്ഷ കൈവിടുന്നില്ല. എന്നാൽ, കേരളത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. 50 ശതമാനം ന്യൂനപക്ഷങ്ങൾ കേരളത്തിൽ കോൺഗ്രസിനും സിപിഎമ്മിനും ലീഗിനും ഒപ്പമാണ് നിലകൊള്ളുന്നത്. എന്നാൽ ന്യൂനപക്ഷങ്ങൾ 80 ശതമാനമുള്ള മേഘാലയയിലും നാഗാലാൻഡിലും ഹിന്ദു പാർട്ടിയായ ബിജെപി വിജയിച്ചെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടാ എന്ന ചോദ്യവും ശക്തമാണ്.

അടുത്തകാലത്തായി കേരളം പിടിക്കാൻ വേണ്ടി അമിത് ഷായും മോദിയും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടെ കേരളത്തിലെ കത്തോലിക്കാ സഭയെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രിസ്ഥാനം നൽകിയതും. ഇത് കൂടാതെ കേന്ദ്രത്തിൽ ന്യൂനപക്ഷ പ്രതിനിധിയായ ജോർജ്ജ് കുര്യനെ ന്യൂനപക്ഷ കമ്മീഷൻ മെമ്പറാക്കുകയും ചെയ്തിരുന്നു. എന്നാൽ, പലപ്പോഴും കേരളത്തിലെ മുന്നേറ്റത്തിന് തടസമായി മാറിയത് മുസ്ലിം സമുദായത്തിന്റെ എതിർപ്പാണ്. ക്രൈസ്തവ സമൂഹത്തിൽ നിന്നും അത്രയ്ക്ക് വലിയൊരു എതിർപ്പ് നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ക്രൈസ്തവ സമുദായത്തെ ഒപ്പം നിർത്താൻ സാധിച്ചാൽ കേരളത്തിൽ ബിജെപി ഭരിക്കാൻ കെൽപ്പുള്ള കക്ഷിയായി മാറുമെന്നാണ് അമിത്ഷായുടെയു കൂട്ടരുടെയും കണക്കു കൂട്ടൽ.

ബിജെപിയുടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായി വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേദി മാറുകയും ചെയ്യുമെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ ബിജെപി ശക്തമായി പോരാട്ടം കാഴ്‌ച്ച വെച്ചിരുന്നു. 42,000 വോട്ട് നേടാൻ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ പിള്ളക്ക് സാധിച്ചു. ഈ മുന്നേറ്റം നിലനിർത്തിക്കൊണ്ട് തന്നെ ആഞ്ഞു ശ്രമിച്ചാൽ ഒ രാജഗോപാലിന് കൂട്ടായി ഒരു ബിജെപി സഹയാത്രികനെ നിയമസഭയിൽ എത്തും. അതിനുള്ള പരിശ്രമങ്ങളിലേക്ക് ആളും അർത്ഥവുമായി ബിജെപി ദേശീയ നേതൃത്വം പാഞ്ഞെത്തും എന്നതും വ്യക്തമാണ്. ശ്രീധരൻ പിള്ള തന്നെ വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്. ബിഡിജെഎസിന്റെ പിന്തുണ ഉറപ്പിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റു നൽകാനും ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപി സന്നദ്ധരായേക്കും.

സിപിഎം ഉള്ളിടത്ത് ബിജെപി ഇല്ല ഇതായിരുന്നു - ഇടതു മുന്നണിയുടെ പ്രധാന മുദ്രാവാക്യം. ബംഗാളിലും കേരളത്തിലും ത്രിപുരയിലും ബിജെപിയുടെ ശുഷ്‌കമായ സാന്നിധ്യമായിരുന്നു ഈ പ്രചരണത്തിന് കരുത്ത്. ത്രിപുരയിലെ തിരിച്ചടിയോടെ ഈ മുദ്രാവാക്യം ഉപയോഗിക്കാനാവാത്ത അവസ്ഥയിലുമാകും. ത്രിപുരയിൽ സിപിഎമ്മിനെ തകർത്തെറിഞ്ഞാണ് സിപിഎം അധികാരത്തിലെത്തിയത്. ഇത് കേരളത്തിലും ആവർത്തിക്കുമെന്ന ആത്മവിശ്വാസമാകും ഇനി അമിത് ഷാ അണികൾക്ക് പകർന്ന് നൽകുക. ചെങ്ങന്നൂരിലും ഇത് ആവേശം നിറയ്ക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കേരളത്തിലെ എൻഡിഎ ശക്തമാക്കാൻ വേണ്ടത് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ മുന്നണിയിലെ സ്ഥാനമാണെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ മാണിയുടെ കേരളാ കോൺഗ്രസിനെ ഏത് അർത്ഥത്തിലും ബിജെപി മുന്നണിയിലെടുക്കാനും ചരടു വലികൾ സജീവമാക്കും.

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഡിജെഎസിനെ ഒപ്പം നിർത്തുന്നതിനൊപ്പം ഒരു മുന്നണിയിലും ഇല്ലാതെ നിൽക്കുന്ന കെ എം മാണിയെയും ഒപ്പം കൂട്ടാവുന്നതാണ്. കെ എം മാണി ബിജെപിയെ ഇതുവരെ ഒരു ഘട്ടത്തിലും തള്ളിപ്പറഞ്ഞിട്ടില്ല. ദേശീയ രാഷ്ട്രീത്തിൽ മകൻ ജോസ് കെ മാണിക്കും ശോഭിക്കാൻ കഴിയുന്ന പദവി ലഭിച്ചാൽ മാണിയും മനം മാറ്റാൻ തയ്യാറായേക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മെത്രാന്മാർക്കും രാഷ്ട്രീയത്തിൽ സജീവമായ ഇടപെടിൽ നടത്താൻ സാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ മെത്രാന്മാരെ ഒപ്പം നിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ദേശീയ തലത്തിൽ തന്നെ നടക്കും എന്നതും വ്യക്തമാണ്.