ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പിലെ മികച്ച വിജയം നരേന്ദ്ര മോദിക്ക് സമർപ്പിച്ച് ബിജെപി. മോദിയെ ജനം നേതാവായി അംഗീകരിച്ചതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിധിയെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. കോൺഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നുവെന്നും ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തായത് അതിന്റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. എതിരാളികൾ മോദി തരംഗത്തിൽ തകർന്നടിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനവിധി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച് വിശ്വാസം തിരികെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനവിധി അംഗീകരിക്കുന്നതായി സോണിയാ ഗാന്ധിയും വ്യക്തമാക്കി.

മഹാരാഷ്ട്ര,ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച നേട്ടമാണുണ്ടായത്. മഹാരാഷട്രയിൽ ഒരു ദശകം നീണ്ട കോൺഗ്രസ് എൻസിപി ഭരണത്തിന് അവസാനം കുറിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഹരിയാനയിൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിൽ വരുമ്പോൾ ഏറ്റവും വലിയ തകർച്ചയെ നേരിടുകയാണ് കോൺഗ്രസ്.