- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീരിൽ സമാധാനം തകർക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും; ഭീകരർക്ക് അമിത്ഷായുടെ താക്കീത്; സുരക്ഷാ ഏജൻസികൾ കൂടുതൽ ജാഗ്രത പാലിക്കണം; ആവശ്യമെങ്കിൽ സൈനിക ബലം കൂട്ടണമെന്നും അവലോകന യോഗത്തിൽ നിർദ്ദേശം
ശ്രീനഗർ: ജമ്മുകശ്മീരിലെ സുരക്ഷ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീർ താഴ്വരയിലെ സാധാരണക്കാർക്കു നേരെ വർദ്ധിച്ചു വരുന്ന ഭീകര പ്രവർത്തനങ്ങൾ ചെറുക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ച് അഞ്ച് മണിക്കൂർ നീണ്ട ഉന്നതതല സുരക്ഷാ അവലോകന യോഗത്തിൽ ചർച്ച ചെയ്തു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിൽ സുരക്ഷാ ഏജൻസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അമിത് ഷാ നിർദേശിച്ചു. തീവ്രവാദത്തെ തുടച്ച് നീക്കാൻ ആവശ്യമെങ്കിൽ സൈനിക ബലം കൂട്ടണമെന്നും കശ്മീരിൽ നടന്ന സുരക്ഷാ യോഗത്തിൽ അമിത് ഷാ വ്യക്തമാക്കി. ഭീകര പ്രവർത്തനത്തെ ഭാരതത്തിന്റെ മണ്ണിൽ നിന്നും തുടച്ച് നീക്കണമെന്നാണ് അമിത് ഷാ ആവശ്യപ്പട്ടത്.
നിലവിലെ സാഹചര്യം ആശ്വാസകരമാണെങ്കിലും ഭീകരരുടെ തുടർച്ചയായ നുഴഞ്ഞു കയറ്റത്തെ ഗൗരവമായി കാണേണ്ടതുണ്ട്. സൈന്യത്തിനും തദ്ദേശീയർക്കുമെതിരെ തുടരുന്ന ആക്രമണത്തെ കൂടുതൽ ശക്തമായി നേരിടണം. ആവശ്യമെങ്കിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും അമിത് ഷാ നിർദ്ദേശിച്ചു.
നിലവിൽ 50 കമ്പനി അർധ സൈനിക വിഭാഗത്തെ കൂടി കശ്മീരിൽ വിന്യസിച്ച വിവരം സേനാ കമാൻഡർമാർ യോഗത്തിൽ അമിത് ഷായെ അറിയിച്ചു. ഭീകരാക്രമണങ്ങളിൽ ഭയന്ന് കഴിയുന്ന ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് അമിത് ഷാ നിർദ്ദേശം നൽകി. ഏതൊക്കെ ശക്തികൾ ശ്രമിച്ചാലും കശ്മീരിന്റെ വികസനം തടസപ്പെടുത്താനാവില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
രാജ് ഭവനിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, സുരക്ഷ സേനയിലെയും പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ജമ്മുകശ്മീരിൽ നിന്നും ഭീകരരെ നിഷ്കാസനം ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും പ്രദേശത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും അധികൃർ അറിയിച്ചു.
മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് ആഭ്യന്തരമന്ത്രി ശ്രീനഗറിൽ എത്തിയത്. ജമ്മുകശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനു ശേഷമുള്ള അമിത് ഷായുടെ ആദ്യ സന്ദർശനമാണിത്. അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി പ്രദേശത്ത് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ അവലോകന യോഗത്തിന് മുൻപ് വീരമൃത്യുവരിച്ച ജമ്മുകശ്മീർ പൊലീസ് ഇൻസ്പെക്ടർ പർവേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെ അമിത് ഷാ സന്ദർശിച്ചു. പർവേസ് അഹമ്മദിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകിയുള്ള ഉത്തരവും കൈമാറി. സർക്കാർ പ്രഖ്യാപിച്ച മണ്ഡല പുനർനിർണ്ണയ നടപടികൾ പൂർത്തിയാക്കി ഉടൻ തെരഞ്ഞെടുപ്പിലേക്ക് പോകുമെന്നും പിന്നാലെ ജമ്മുകശ്മീരിന് സംസ്ഥാന പദവി നൽകുമെന്നും ഒരു പൊതുപരിപാടിയിൽ അമിത് ഷാ വ്യക്തമാക്കി. നേരത്തെ ജമ്മുകശ്മീരിലെ ഗുപ്കാര് സഖ്യവുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി ഈ ഉറപ്പ് നൽകിയിരുന്നു.
ന്യൂസ് ഡെസ്ക്