ഷില്ലോംഗ്: രാജ്യത്ത് സമീപകാല തിരഞ്ഞെടുപ്പുകളിൽ എല്ലാം വൻ മുന്നേറ്റമുണ്ടാക്കി ബിജെപി കുതിക്കുന്നതിനിടെ വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് വൻ വിജയം ഉണ്ടാകുമെന്ന് അധ്യക്ഷൻ അമിത് ഷാ. മേഘാലയയിൽ കോൺഗ്രസ് സർക്കാർ വീഴുമെന്നും അമിത്ഷാ വ്യക്തമാക്കി. മേഘാലയയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ നിലംപതിക്കും. 2018ൽ കോൺഗ്രസ് സർക്കാർ അധികാരമൊഴിയുമെന്നും തുടർന്നു ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി സർക്കാർ മേഘാലയയുടെ വികസനത്തിനുവേണ്ടി പ്രവർത്തിക്കും. ടൂറിസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളുടെ വികസനത്തിനു സർക്കാർ പ്രധാന്യം നൽകും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി ബിജെപി പദ്ധതികൾ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ ഡൽഹിയിലും ഗുവഹാത്തിയിലും ബംഗ്ലാവുകൾ നിർമ്മിക്കുന്നു. എന്നാൽ ബിജെപി അധികാരത്തിൽ എത്തിയാൽ മേഘാലയയിലെ ജനങ്ങൾക്കു വേണ്ടി വീടുകൾ നിർമ്മിക്കും - അമിത് ഷാ കൂട്ടിച്ചേർത്തു.