ബംഗളൂരു: ബിജെപിയെ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാക്കിയത് അമിത് ഷായായിരുന്നു. രാജ്യം മുഴുവൻ ഓടി നടന്ന് പാർട്ടി കെട്ടിപ്പൊക്കി. മോദിയുടെ സർവ്വ സൈന്യാധിപനായ അമിത് ഷായ്ക്ക് പക്ഷേ സ്വന്തം തട്ടകത്തിൽ പിഴച്ചു.

ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെ തോൽപ്പിക്കാനായില്ല. ഇത് വലിയ തിരിച്ചടിയുമായി. കർണ്ണാടകത്തിലേക്ക് ഗുജറാത്തിൽ നിന്ന് എംഎൽഎമാരെ കടത്തിയായിരുന്നു പ്രതിസന്ധിയെ കോൺഗ്രസ് മറികടന്നത്. കർണ്ണാടകയിലെ കോൺഗ്രസുകാരുടെ ബുദ്ധിയായിരുന്നു ഇതിന് കാരണം. ഈ ക്ഷീണം മാറ്റാൻ അമിത് ഷാ ഓടിയെത്തുന്നതും കർണ്ണാടകയിലേക്കാണ്.

അടുത്തവർഷം നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടി സംസ്ഥാന ഘടകത്തെ സജ്ജമാക്കുന്നതിനായി അമിത് ഷാ ഇന്ന് ബെംഗളൂരുവിലെത്തും. വിവിധ മേഖലകളിൽനിന്നുള്ള 600-ഓളം പ്രമുഖരെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. കന്നഡ സിനിമയിലെ പ്രമുഖ നടന്മാരായ ശിവരാജ് കുമാർ, പുനീത് രാജകുമാർ, ഉപേന്ദ്ര തുടങ്ങിയവരും ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടും. എല്ലാ മേഖലയിൽ നിന്നുള്ളവരേയും പാർട്ടിയുമായി അടുപ്പിക്കാനാണ് നീക്കം. പണത്തിനൊപ്പം ആളും അർത്ഥവും ഇറക്കി കർണ്ണാടകയെ ഒപ്പം നിർത്താനാണ് നീക്കം. ബിജെപി ദക്ഷിണേന്ത്യയിൽ ആദ്യം അധികാരത്തിലെത്തിയത് കർണ്ണാടകയിലാണ്. എന്നാൽ ഉൾപാർട്ടി പ്രശ്‌നങ്ങൾ ബിജെപിക്ക് തടസ്സമായി. അധികാരം നഷ്ടമാവുകയും ചെയ്തു.

ഇത്തവണ അത് തിരിച്ചു പിടിക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം. കർണ്ണാടകത്തിൽ സ്ഥാനാർത്ഥിനിർണയത്തിനായി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിക്കാൻ മുപ്പതിനായിരത്തോളം വോളന്റിയർമാരെ പാർട്ടി നിയോഗിച്ചിരുന്നു. പ്രവർത്തകരുടെ അഭിപ്രായം സ്വരൂപിക്കാനായി ഡൽഹിയിൽനിന്ന് എട്ടംഗസംഘവും എത്തിയിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നേതാക്കളുമായി അമിത് ഷായുടെ ചർച്ച. സ്ഥാനാർത്ഥികളെ എല്ലാം ഉടൻ പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽനിന്നുള്ളവരെ ബിജെപി.യിൽ എത്തിക്കാനാണ് ശ്രമം. മുതിർന്ന നേതാക്കളായ ബി.എസ്. യെദ്യൂരപ്പയും കെ.എസ്. ഈശ്വരപ്പയും തമ്മിലുള്ള ഭിന്നതയ്ക്ക് പരിഹാരം കാണാനും നീക്കമുണ്ടാകും. സ്ഥാനാർത്ഥിനിർണയവും ചർച്ചയാകും. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകണമെന്നാണ് അമിത് ഷാ നിർദ്ദേശം നൽകിയിട്ടുള്ളത്. സിറ്റിങ് എംഎ‍ൽഎ.മാർക്ക് സീറ്റ് നഷ്ടപ്പെടാനും സാധ്യതയുണ്ട്.