ന്യൂഡൽഹി: ഏഷ്യാനെറ്റ് ന്യൂസ് ചാനലും ബിജെപിയും തമ്മിലെ ഭിന്നത രൂക്ഷമാകുന്നു. പ്രശ്‌നത്തിൽ ബിജെപി ദേശീയ നേതൃത്വവും ഇടപെട്ടെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നിലപാടിൽ നിന്ന് ഏഷ്യാനെറ്റ് പിൻവാങ്ങണമെന്നാണ് ആവശ്യം. ചാനൽ ഉടമയും എംപിയുമായ രാജീവ് ചന്ദ്രശേഖറിനോട് പാർട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി പിന്തുണയോടെയാണ് കർണ്ണാടകത്തിൽ നിന്ന് രാജ്യസഭാ അംഗമായി രാജീവ് ചന്ദ്രശേഖർ പാർലമെന്റിൽ എത്തിയത്. മോദി വിരോധം അവസാനിപ്പിച്ചില്ലെങ്കിൽ എംപിക്കു പാർട്ടിയുടെ പിന്തുണ നഷ്ടമാവുമെന്നു അമിത് ഷാ സൂചന നൽകിയതായാണു വിവരം. നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. വിവാദത്തിൽ രാജീവ് ചന്ദ്രശേഖറും ഇടപെട്ടിട്ടുണ്ട്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് എഡിറ്റോറിയൽ വിഭാഗത്തെ ഏഷ്യാനെറ്റ് ന്യസ് ചാനലിന്റെ ഉടമ അറിയിച്ചു.

ഇതിനെ തുടർന്ന് ബിജെപിക്കെതിരായ പല വാർത്തകളും ഒഴിവാക്കി. ഏഷ്യാനെറ്റിനെ കടന്നാക്രമിച്ച് മുതിർന്ന നേതാവ് ഒ രാജഗോപാൽ എഫ് ബിയിൽ എഴുതിയതിനെതിരെ പോലും പ്രതികരിച്ചില്ല. ബിജെപി വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ വേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തെറ്റിധാരണയുടെ പേരിലാണ് ബിജെപി ബഹിഷ്‌കരണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റേയും നിലപാട്. മോദിയുമായി ബന്ധപ്പെട്ട വാർത്തകൾ തിരസ്‌കരിക്കുന്നുവെന്നതും അദ്ദേഹം അംഗീകരിക്കുന്നില്ല. എന്നാൽ ബിജെപിയെ പൂർണ്ണമായും തള്ളിക്കളയുന്നത് തന്റെ പ്രവർത്തനങ്ങൾക്ക് ഗുണകരമാകില്ലെന്ന് രാജീവ് ചന്ദ്രശേഖറിന് അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റിനോട് വിവാദമുണ്ടാക്കരുതെന്ന നിർദ്ദേശം നൽകിയത്.

നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന ചാനലിന്റെ വീഡിയോ ക്ലിപ്പിംഗുകൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ അമിത് ഷായ്ക്ക് നൽകിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പാർട്ടിക്ക് 15 ശതമാനം വോട്ടു മാത്രമേ ലഭിക്കൂ എന്ന രീതിയിൽ സർവേ ഫലം പുറത്തുവിട്ടത് മനഃപൂർവമാണെന്നും പാർട്ടി സംസ്ഥാന ഘടകം ആരോപിക്കുന്നു. ബിജെപി ബഹിഷ്‌കരണത്തെ പരിഹസിച്ചു ചാനൽ പുറത്തിറക്കിയ സർക്കുലറും അമിത് ഷായുടെ ശ്രദ്ധയിൽപെടുത്തി. ഈ സാഹചര്യത്തിലാണ് പാർട്ടിയെയും മോദിയേയും മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് തടയണമെന്ന് ബിജെപി. കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണു ചാനലും ബിജെപിയും തമ്മിലുള്ള ഭിന്നത ഉടലെടുത്തത്. പാർട്ടി അധികാരത്തിലെത്തിയതിനുശേഷവും ചാനൽ മോദി സർക്കാറിനെ നിരന്തരം അപകീർത്തിപ്പെടുത്തും വിധത്തിലാണു വാർത്തകൾ നൽകുന്നതെന്നാണു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം. ഇതിനെ തുടർന്നാണ് ബിജെപി സംസ്ഥാന സമിതി യോഗം ഏഷ്യാനെറ്റ് ബഹിഷ്‌കരണ തീരുമാനം എടുത്തത്.