ഗുജറാത്തിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ വിജയം ചെറിയ നാണക്കേടൊന്നുമല്ല അമിത് ഷാക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഈ നാണക്കേട് മറികടക്കാനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പുതിയ ശപഥവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിക്കാരൻ അല്ലാത്ത ഒരാൾ പോലും ഇനി ഗുജറാത്തിൽ നിന്ന് രാജ്യസഭ കാണരുതെന്നാണ് ഷായുടെ ശപഥം. അതിന്റെ ഭാഗമായി ഗുജറാത്തിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 182ൽ 150 സീറ്റും നേടി വിജയിക്കണമെന്ന കർശന നിർദ്ദേശമാണ് അമിത് ഷാ ബിജെപി ഗുജറാത്ത് നേതൃത്വത്തിന് നൽകിയിരിക്കുന്നത്.

ബിജെപി അധ്യക്ഷസ്ഥാനത്തെ മൂന്നാം വാർഷികാഘോഷത്തിനായി അമിത് ഷാ കരുതിയ അമിട്ടാണു ഗുജറാത്തിൽ ചീറ്റിയത്. ബിജെപി അധ്യക്ഷസ്ഥാനത്ത് ഇന്നു മൂന്നുവർഷം പൂർത്തിയാക്കുന്ന അമിത് ഷായ്ക്ക് സ്വന്തം രാജ്യസഭാ പ്രവേശനം പോലും ആഘോഷിക്കാൻ കഴിയാത്ത സ്ഥിതി. പത്മവ്യൂഹം തകർത്ത് അഹമ്മദ് പട്ടേൽ താരവുമായി. ഗോവ, മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ അമ്പരപ്പിച്ച വേഗത്തിൽ കേവലഭൂരിപക്ഷം തട്ടിക്കൂട്ടി ബിജെപിയെ അധികാരത്തിലെത്തിച്ച അമിത് ഷായുടെ തന്ത്രങ്ങൾ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിസ്സാരമായി കാണാനാകില്ല.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182ൽ 150 സീറ്റിൽ വിജയിക്കണമെന്നാണു സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി മിഷൻ 150 എന്ന പദ്ധതിയും അദ്ദേഹം ആരംഭിച്ചു. പാർട്ടി സംസ്ഥാന ആസ്ഥാനമായ കമലത്ത് അമിത് ഷായ്ക്കും സ്മൃതി ഇറാനിക്കും അഹമ്മദ് പട്ടേലിനോടു പരാജയപ്പെട്ട ബൽവന്ത്‌സിങ് രാജ്പുത് എന്നിവർക്കും നൽകിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻ 150 ലക്ഷ്യമിട്ടുവേണം പ്രവർത്തിക്കാനെന്ന് അമിത് ഷാ നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നൽകി. അങ്ങനെയെങ്കിൽ ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലെല്ലാം ബിജെപിക്കു വിജയിക്കാനാകും. നേരിയ ശതമാനം വോട്ടിനാണു ബൽവന്ത് സിങ് പരാജയപ്പെട്ടതെന്ന് നിയമസഭാ സെക്രട്ടറി തന്നോടു പറഞ്ഞു. അദ്ദേഹത്തിനു വേണമെങ്കിൽ ജയിക്കാമായിരുന്നു. അത്രത്തോളം വോട്ടുകൾ ലഭിച്ചിരുന്നു. 150 നിയമസഭാ സീറ്റുകൾ നേടുകയാണെങ്കിൽ നമ്മുടെ സ്ഥാനാർത്ഥികളെല്ലാം തിരഞ്ഞെടുപ്പിൽ വിജയിക്കും. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഡിസംബറിൽ നമ്മളിതു നേടും. ഗുജറാത്തിൽ ബിജെപി നടത്തുന്ന വികസനപ്രവർത്തനങ്ങളിൽ ജനങ്ങൾ പിന്തുണയേകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ശങ്കർ സിങ് വഗേലയെ കോൺഗ്രസ് പാളയത്തിൽനിന്ന് അടർത്തിയെടുത്ത അമിത് ഷായുടെ നീക്കങ്ങൾ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായകമാകുമെന്നാണു ബിജെപി ആശ്വസിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുക്ത ഭാരതമെന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി എന്തു മാർഗങ്ങളും സ്വീകരിക്കാൻ മടിയില്ലെന്ന അമിത് ഷായുടെ നയത്തിന്റെ ഉത്തമോദാഹരണമായി രാജ്യസഭാ തിരഞ്ഞെടുപ്പു നാടകം. എന്നാൽ ഗുജറാത്ത് തിരിച്ചടി അമിത് ഷായുടെ തന്ത്രങ്ങളിലും നയത്തിലും മാറ്റമെന്തെങ്കിലും വരുത്തമെന്നു കരുതാനാകില്ല.