തിരുവനന്തപുരം: സിബിഐയെ ഉപയോഗിച്ച് കേരളം പിടിക്കാൻ അമിത് ഷാ പ്രത്യേക പദ്ധതിക്ക് രൂപം നൽകിയതായി റിപ്പോർട്ട്. കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) നേതാവ് പി ജയരാജനെ പ്രതി ചേർക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിന്റെ അടിത്തറ ഇളകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റുരണ്ടും നേതാക്കളെക്കൂടി അറസ്റ്റ് ചെയ്യാനും സിപിഐ(എം) കൊലപാതകികളുടെയും ഗുണ്ടകളുടെയും പാർട്ടിയാക്കി ചിത്രീകരിക്കാനുമാണ് നീക്കം. ടിപി ചന്ദ്രശേഖരൻ വധക്കേസ് കൂടി സിബിഐയെ ഏൽപ്പിക്കാൻ അമിത് ഷാ ആലോചന സജീവമാക്കിയിട്ടുണ്ട്. ടിപി വധക്കേസിന്റെ പേരിൽ രണ്ട് നേതാക്കളെ കൂടി പിടിക്കാം എന്നാണ് കണക്ക്.

ഒരു സമയത്ത് സിപിഎമ്മിനെ ലക്ഷ്യമാക്കുമ്പോൾ തന്നെ മറുവശത്ത് കോൺഗ്രസിനെതിരെയുള്ള നീക്കവും സജീവമാണ്. ബാർ കോഴ അടക്കമുള്ള ചില അഴിമതി കേസുകൾ ഏറ്റെടുക്കാൻ സിബിഐ ആലോചിക്കുന്നു എന്നാണ് സൂചന. ദേശീയ ഗെയിംസ് അഴിമതിയുടെ കേന്ദ്രഫണ്ട് വിനിയോഗം മാത്രമാണ് സിബിഐ ഇതുവരെ അന്വേഷണത്തിന് വിധേയമാക്കിയിട്ടുള്ളത്. സംസ്ഥാന ഫണ്ട് വിനിയോഗത്തിൽ വൻ ക്രമക്കേട് നടന്നു എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതുകൊണ്ട് ദേസീയ ഗെയിംസ് അഴിമതി കൂടി ഏറ്റെടുത്താലോ എന്ന ആലോചന സജീവമാണ്. സിപിഎമ്മിനെ കൊലയാളികളുടെ പ്രതിയാക്കിയും കോൺഗ്രസിനെ അഴിമതിക്കാരുടെ പ്രതിയാക്കിയും ചിത്രീകരിച്ചാൽ ബദലായി ബിജെപി ഉയർത്തിക്കാട്ടാം എന്നാണ് ചിന്ത.

സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തിന് കോൺഗ്രസും ബിജെപിയോട് ഒപ്പമുണ്ട്. കതിരൂർ മനോജ് വധക്കേസ് സിബിഐ അന്വേഷണത്തിനെത്തിയത് അങ്ങനെയാണ്. ദേശീയ സുരക്ഷാ നിയമം ചുമത്തി ആഭ്യന്തരമന്ത്രി കാര്യങ്ങൾ എളുപ്പത്തിലാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കണ്ണൂരിൽ സിപിഐ(എം) നേതൃത്വത്തെ വേഗത്തിൽ കുടുക്കാൻ ബിജെപിക്കായി. വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ നിലപാട് പ്രഖ്യാപനങ്ങൾ ഈ വിഷയത്തിൽ സിബിഐ നടത്തും. അരുവിക്കരയിൽ ബിജെപി നേടിയ വോട്ടുകളാണ് ഈ പദ്ധതി വേഗത്തിൽ നടപ്പാക്കാൻ തീരുമാനം. സിപിഐ(എം) അണികളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഇത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയിലേക്ക് വൻതോതിൽ വോട്ടുകൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.

മുമ്പ് രക്തസാക്ഷി പരിവേഷം സിപിഐ(എം) അണികൾക്ക് പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ പ്രതികാര കൊലപാതകങ്ങളും അണികളെ സന്തോഷിപ്പിച്ചു. എന്നാൽ ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിലൂടെ കാര്യങ്ങൾ മാറി മറിഞ്ഞു. പാർട്ടിക്ക് വേണ്ടി രാപകൽ കഷ്ടപ്പെട്ട ടിപിയൊന്നത് സഖാക്കളെ മുഴുവൻ വേദനിപ്പിച്ചു. ഇതിന്റെ പ്രതിഫലനമായിരുന്നു നെയ്യാറ്റികര തെരഞ്ഞെടുപ്പിലെ തോൽവി. ഇപ്പോഴും അതിന്റെ അലകൾ സിപിഎമ്മിനെ വിട്ടു മാഞ്ഞിട്ടില്ല. സിപിഎമ്മിന്റെ എതിരാളികൾ കൊല്ലപ്പെടുമ്പോൾ വീണ്ടും ടിപി ചർച്ചകളിൽ നിറയുന്നു. കതിരൂർ മനോജും ഓർമ്മപ്പെടുത്തിയത് ടിപിയുടെ ദാരുണ കൊലപാതകത്തെയാണ്. കണ്ണൂരിൽ ഈയിടെയുണ്ടായ ബോംബ് സ്‌ഫോടനവും സിപിഎമ്മിന് പ്രതിച്ഛായാ നഷ്ടമുണ്ടാക്കി.

കൊലപാത രാഷ്ട്രീയമാണ് സിപിഐ(എം) കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പിക്കാനാണ് സിബിഐയിലൂടെ ബിജെപിയും ലക്ഷ്യമിടുന്നത്. ഇതിലൂടെ ഉണ്ടാകുന്ന വോട്ട് ചോർച്ച തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് കിട്ടുമെന്നാണ് വിലയിരുത്തൽ. നായർ-ഈഴവ വോട്ട് ബാങ്കുകളാണ് സിപിഎമ്മിന്റെ പ്രധാന കരുത്ത്. ഈ വോട്ടുകളാണ് ബിജെപിയും കേരളത്തിൽ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. അതിനായി കൊലപാത രാഷ്ട്രീയ ചർച്ച ഉയർത്തണമെന്നാണ് അമിത് ഷായുടെ കണ്ടെത്തൽ. ഇതിലൂടെ ഈഴവ-നായർ വോട്ടുകൾ ബിജെപി പാളയത്തിലെത്തും. നെയ്യാറ്റിൻകരയിലും അരുവിക്കരയിലും ബിജെപിക്ക് കിട്ടിയ വോട്ടിന്റെ പാറ്റേൺ മനസ്സിലാക്കിയാണ് അമിത് ഷായുടെ തന്ത്രമൊരുക്കൽ.

പത്തുകൊല്ലം മുമ്പ് ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടിയാൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന അവസ്ഥയായിരുന്നു. സിപിഎമ്മിന് ഉറച്ച കേഡർ വോട്ടുകൾ ഉണ്ടായിരുന്നു. ഈ കേഡർ വോട്ടുകളിൽ ഭൂരിഭാഗവും നായർ-ഈഴവ സമുദായക്കാരായിരുന്നു. ടിപിയുടെ കൊലപാതകത്തോടെ ഈ കേഡർ വോട്ടുകൾക്ക് വിള്ളൽ വീണു. സിപിഎമ്മിന്റെ കടുത്ത അനുയായികളിൽ നാൽപ്പത് ശതമാനത്തോളം പേർക്കും പാർട്ടിയോട് താൽപ്പര്യമില്ല. ഇവർക്ക് കോൺഗ്രസിന് വോട്ട് ചെയ്യാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ഈ വോട്ടുകൾ പെട്ടിയിലാക്കാൻ ബിജെപി തന്ത്രങ്ങൾ ഒരുക്കുന്നത്. കോൺഗ്രസിനെ അഴിമതിയിൽ തളച്ച് സിപിഎമ്മിനെ കൊലപാത രാഷ്ട്രീയത്തിൽ പ്രതിസ്ഥാനത്താക്കിയും മുന്നേറാനാണ് പദ്ധതി.

എന്നാൽ കോൺഗ്രസിനെ അഴിമിതിയിൽ കുടുക്കാനുള്ള നീക്കങ്ങളൊന്നും നടക്കില്ലെന്നാണ് അവരുടെ വിലയിരുത്തൽ. ദേശീയ ഗെയിംസിൽ സിബിഐ പരിശോധിച്ചിട്ട് ഒന്നും കിട്ടിയില്ലായെന്നും ഒരു കെപിസിസി നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ കാത്തിരുന്ന് കാണാനാണ് ബിജെപി നേതാക്കളുടെ വെളിപ്പെടുത്തൽ. ബാർ കോഴയിലെ എൻഫോഴ്‌സ് അന്വേഷണവും കോൺഗ്രസുകാരെ കുടുക്കുമെന്നാണ് ബിജെപിക്കാരുടെ പക്ഷം.