- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ ദിനത്തിൽ 'ഭീഷ്മ പർവ്വത്തിൽ' എത്തിയത് വ്യാജ യൂത്ത് കോൺഗ്രസ് നേതാവ്; മാസ് വയ്ക്കാതെ അമൽ നീരദിന്റെ സെറ്റിൽ താരമാകാൻ ശ്രമിച്ചത് പച്ചക്കള്ളവുമായി; അംജത് അടൂർ എന്നൊരു സംസ്ഥാന നേതാവില്ലെന്ന് യൂത്ത് കോൺഗ്രസ്; മമ്മൂട്ടി സെറ്റിലെ 'വില്ലനെ' കണ്ടെത്താൻ പൊലീസ്
കൊച്ചി: അനുമതിയില്ലാതെ ലോക്ക് ഡൗൺ ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തിയ മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷന് സംരക്ഷണം നൽകിയത് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന വ്യാജൻ. അംജത് അടൂർ എന്ന ഗുണ്ടയായിരുന്നു വ്യാജ ഐഡന്റിറ്റിയുമായി സെറ്റിന് സംരക്ഷണം നൽകിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഷൂട്ടിങ്. അന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന അവകാശവാദവുമായെത്തിയ ഗുണ്ടയും അണിയറ പ്രവർത്തകരും മറുനാടൻ കൊച്ചി റിപ്പോർട്ടറെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറുനാടൻ മലയാളി കൊച്ചി ചീഫ് റിപ്പോർട്ടർ ആർ പീയൂഷിന് നേരെയാണ് ഗുണ്ടകൾ ഭീഷണിമുഴക്കി തടഞ്ഞത്.
സംഭവത്തിൽ മട്ടാഞ്ചേരി എ.സി.പിക്ക് പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ അക്രമത്തിന് നേതൃത്വം കൊടുത്ത ആൾ യുത്ത് കോൺഗ്രസ് നേതാവല്ലെന്ന് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് അറിഞ്ഞെത്തിയതായിരുന്നു മറുനാടൻ ലേഖകൻ. സ്ഥലത്ത് എത്തിയപ്പോൾ ലോക് ഡൗൺ ലംഘനവും വ്യക്തമായി. എന്നാൽ ദൃശ്യങ്ങൾ എടുക്കാൻ അനുവദിക്കാതെ അംജദ് തടഞ്ഞു. ചോദിച്ചപ്പോൾ താൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയെന്നായിരുന്നു അവകാശ വാദം.
അംജത് അടൂർ എന്ന പേരിൽ ഒരു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കേരളത്തിൽ ഇല്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മറുനാടനോട് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊച്ചിയിൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിന്റെ ഷൂട്ടിങ് നടന്നത്. മട്ടാഞ്ചേരി ബസാർ റോഡിന് സമീപത്തുള്ള ഒരു ഗോഡൗണിലായിരുന്നു ഷൂട്ടിങ്.
കർശന നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് മമ്മൂട്ടി ഉൾപ്പെടെ അഭിനേതാക്കളും സംഘവും ഇവിടെയെത്തി ഷൂട്ടിങ് നടത്തിയത്. ഇതിനിടയിലാണ് മറുനാടൻ മലയാളി പ്രതിനിധി ആർ പീയൂഷ് ഷൂട്ടിങ് സ്ഥലത്തെത്തുന്നത്. ബസാർ റോഡിൽ ഇരുപതിലധികം വാഹനങ്ങളും മമ്മൂട്ടിയുടെ കാരവനും ഉണ്ടായിരുന്നു. ഈ സമയം രണ്ടുപേർ എത്തി ഇവിടെ നിൽക്കരുതെന്ന് ആവശ്യപ്പെട്ടു.
റോഡിന് വശത്ത് മറ്റാരും ഇല്ലാത്ത സ്ഥലത്ത് ഒഴിഞ്ഞു മാറി നിൽക്കുകയായിരുന്ന റിപ്പോർട്ടർ ഇവിടെ നിന്നാൽ ആർക്കും ഒരു ബുദ്ധിമുട്ടും വരില്ലല്ലോ എന്ന് മറുപടി പറഞ്ഞു. ഇതോടെ ഇവർ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതു. സമീപത്ത് തന്നെ ഇതെല്ലാം നിയന്ത്രിച്ചു നിന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് എന്ന് അവകാശപ്പെട്ട അംജത് അടൂർ എന്നയാളോട് യൂത്ത് കോൺഗ്രസ്സിന്റെ ആരാണ് എന്ന് ചോദിച്ചപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് എന്ന് മറുപടി പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട ഒരു പൊതു പ്രവർത്തകൻ ഇത്തരത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഷൂട്ടിങ് നടത്താൻ ഒത്താശ ചെയ്തു കൊടുക്കുന്നത് ശരിയാണോ എന്ന് റിപ്പോർട്ടർ ചോദിച്ചു. ഇതോടെ ക്ഷുഭിതനായ ഇയാൾ നീയാരാ എന്നോട് ചോദിക്കാൻ എന്ന് പറഞ്ഞു തട്ടിക്കയറി. ഒരു സാധാരണക്കാരനായ പൊതു ജനമാണെന്ന് റിപ്പോർട്ടർ മറുപടിനൽകി. ഉടൻ തന്നെ ഇയാൾ നേരത്തെ റിപ്പോർട്ടറോട് തട്ടിക്കയറിയ അണിയറ പ്രവർത്തകരെ വിളിച്ചു വരുത്തി വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇയാൾ ഷൂട്ടിങ് സ്ഥലത്ത് മാസ്ക്ക് വെയ്ക്കാതെ ചുറ്റിപ്പറ്റി നിൽക്കുകയും സിനിമയിലെ സഹനടന്മാരുമൊത്ത് സെൽഫി എടുക്കുന്നുമുണ്ടായിരുന്നു. അവരോടെല്ലാം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോട്ടോ എടുപ്പ്. പിന്നീട് അവിടെ നിന്നും മടങ്ങിയ ഞങ്ങളുടെ പ്രതിനിധി ഷൂട്ടിങ് സംബന്ധിച്ച് പൊലീസിനോട് വിവരം തിരക്കിയപ്പോൾ അറിയില്ലെന്നായിരുന്നു ആദ്യ പ്രതികരണം.
വിവരം മട്ടാഞ്ചേരി സിഐയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഷൂട്ടിംഗിന് അനുമതി ലഭിച്ചിട്ടില്ലെന്നും പൊലീസ് സ്ഥലത്തെത്തി ഷൂട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും മറുനാടനോട് പ്രതികരിച്ചു. ഷൂട്ടിങ് നടക്കുന്ന വിവരം പൊലീസ് കൺട്രോൾ റൂമിൽ നിന്നും അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയും ഷൂട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എതെങ്കിലും തരത്തിൽ അനുമതി നൽകിയിരുന്നോ എന്ന് ഷൂട്ടിങ് സംഘത്തിലുള്ളവരോട് പൊലീസ് ചോദിച്ചപ്പോൾ അനുമതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞുവെന്നും മട്ടാഞ്ചേരി സി ഐ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഷൂട്ടിങ് നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടുവെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ട് എങ്കിൽ അവർക്കെതിരെ കേസെടുക്കും എന്ന് അറിയിച്ചു. എന്നാൽ പൊലീസ് എത്തി മുന്നറിയിപ്പ് നൽകിയിട്ടും ഷൂട്ടിങ് തുടർന്നതായാണ് വിവരം.
ഞായറാഴ്ച ദിനത്തിലെ സമ്പൂർണ ലോക്ഡൗണിന്റെ പേരിൽ സാധാരണക്കാർക്ക് വഴി നടക്കാൻ പോലും അവകാശം നിഷേധിക്കുകയും, അവശ്യ സാധനം വാങ്ങാൻ പുറത്തിറങ്ങുന്നവരിൽ നിന്നു പോലും പെറ്റി ചുമത്തുകയും ചെയ്യുമ്പോഴും പൊതു ഗതാഗതത്തിനുള്ള റോഡ് തടസ്സപ്പെടുത്തിയും ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് ഷൂട്ടിങ് നടത്തുകയും ചെയ്തിട്ടും പൊലീസ് അനങ്ങിയിട്ടില്ല.
പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി, കേവലം ഷൂട്ടിങ് സ്ഥലം സന്ദർശിച്ച് മുന്നറിയിപ്പ് നൽകി മടങ്ങുക മാത്രമാണ് പൊലീസ് ചെയ്തത്. എന്നാൽ ഞങ്ങളുടെ ലേഖകൻ പരാതി നല്കിയതോടെ പിന്നീട് പൊലീസ് കേസെടുത്തു.
മറുനാടന് മലയാളി ബ്യൂറോ