കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമയിലെ വൻകിട ഹവാല ഇടപാടുകളെ കുറിച്ചുള്ള കണ്ണികളെ കുറിച്ചാണ് പുറത്തുവരുന്നത്. കള്ളപ്പണം വെളുപ്പിക്കലും ഹലാവ ഇടപാടുകളും നികുതി വെട്ടിപ്പു മലയാള സിനിമയിൽ സ്ഥിരമായി നടക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പിന് വ്യക്തമായത്. താരസംഘടനയെ പോലും മറയാക്കി കള്ളപ്പണം വെളുപ്പിക്കൽ നടന്നതിന് തെളിവു ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

'അമ്മ'യുടെ സാമ്പത്തിക ഇടപാടുകളിൽ ആദായ നികുതി വിഭാഗം ക്രമക്കേടു കണ്ടെത്തിക്കഴിഞ്ഞു. സംഘടനയുടെ സ്റ്റേജ് ഷോകളിലൂടെ ലഭിച്ച വരുമാനത്തിലാണു നികുതി വെട്ടിപ്പു കണ്ടെത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിൽ തുക വരവുവച്ചു ക്രമക്കേടു നടത്തിയെന്നാണ് ആദായ നികുതി വിഭാഗത്തിന്റെ നിലപാട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുമ്പോൾ ഏത് വിധേയനയു അതിന് തടയിടനുള്ള ശ്രമങ്ങളും ശക്തമാണ്.

നിയമനടപടികൾക്കെതിരെ അമ്മ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചില നടീനടന്മാർ അമ്മയിൽനിന്നു ലഭിച്ച തുകയുടെ കണക്കു വകുപ്പിനു കൈമാറിയിട്ടുണ്ട്. എന്നാൽ, ഇവർക്കു നൽകിയതായി അമ്മയുടെ കണക്കിൽ പറയുന്ന തുകയും നടീനടന്മാരുടെ വെളിപ്പെടുത്തലുമായി ഒത്തുപോവുന്നില്ല. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമ്പത്തിക ഇടപാടുകൾ ഒട്ടും സുതാര്യമല്ലെന്നാണു നികുതി വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്.

കേരളത്തിലെ പല ചലച്ചിത്ര പ്രവർത്തകരുടേയും ശരിയായ ആസ്തി അവർക്കു സിനിമയിൽനിന്നു ലഭിച്ചതായി പറയുന്ന തുകയുടെ പല മടങ്ങാണെന്നാണു സൂചന. പ്രദർശന നഷ്ടം സംഭവിച്ച സിനിമകളുടെ വരുമാനത്തിൽ വൻലാഭം കാണിച്ചതിന്റെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അമ്മയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 12 കോടിയിൽ ഒൻപതു കോടി രൂപയാണ് ആദായനികുതി വകുപ്പ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിപ്രകാരം പിടിച്ചെടുത്തത്. അതേസമയം പണം കണ്ടുകെട്ടിയത് പുറത്തറിയാതിരിക്കാൻ അംഗങ്ങളെ പോലും അറിയിക്കാതെ താരരാജാക്കന്മാരുടെ നേതൃത്വത്തിലുള്ള അമ്മയുടെ നിലവിലെ നേതൃത്വം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

ചാരിറ്റബിൾ ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്യാതിരുന്നതാണ് പണം നഷ്ടമാക്കാൻ ഇടയാക്കിയത്. താരങ്ങൾ സ്റ്റേജ്‌ഷോ നടത്തിയും സംഭാവന സ്വീകരിച്ചും സമാഹരിച്ച പണം നിലവിലെ നേതൃത്വത്തിന്റെ അശ്രദ്ധയെ തുടർന്ന് നഷ്ടമായത് സംഘടനയ്ക്കുള്ളിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം സംഘടനയിലെ പ്രധാനികളൊഴികെ പലർക്കും ഇതേക്കുറിച്ച് കാര്യമായ അറിവില്ലെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മയിലെ രണ്ട് അംഗങ്ങളെ ചേദ്യം ചെയ്ത പശ്ചാത്തലത്തിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യം ചർച്ചയായതായും വിവരമുണ്ട്. ഇക്കാര്യം മനസിലൊളിപ്പിച്ചാണ് നടിയുടെ വിഷയം ചർച്ച ചെയ്തോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അതിലും വലിയ വിഷയങ്ങൾ ചർച്ച ചെയ്‌തെന്ന് അമ്മയുടെ നേതാക്കൾ പറഞ്ഞതെന്നാണ് സൂചന.

കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചതിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയപ്പോഴാണ് അമ്മയുടെ നേതൃത്വവും ഇക്കാര്യം ശ്രദ്ധിക്കുന്നത്. സംഘടനയുടെ രജിസ്‌ട്രേഷനിൽ പ്രശ്‌നമുണ്ടെന്ന് ഓഡിറ്റർമാരും മുന്നറിയിപ്പ് നൽകാത്തത് താരങ്ങൾക്കിടയിൽ കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കിയത്. പണം നഷ്ടപ്പെടാതിരിക്കാൻ താരരാജാക്കന്മാർ തന്നെ രംഗത്തിറങ്ങിയെങ്കിലും വഴങ്ങാൻ ആദായനികുതി വകുപ്പ് തയാറായില്ല. ഇതോടെ ഈ പണമുപയോഗിച്ച് പാവപ്പെട്ടവർക്ക് വീടു വച്ചുനൽകാൻ ശ്രമമുണ്ടായെങ്കിലും അതും വിജയിച്ചില്ല.

ഇതിനിടെ പ്രധാനമന്ത്രിയെ നേരിക്കണ്ട് സംഭവം വിശദീകരിക്കാൻ തീരുമാനിച്ചെങ്കിലും ഇത് നടക്കില്ലെന്നും ബോധ്യമായതോടെ പിഴയടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിന് പിഴയായി ആദായനികുതി വകുപ്പ് ഈടാക്കിയത് മൊത്തം തുകയുടെ 80 ശതമാനമായിരുന്നു. ഇതോടെ 12 കോടിയുടെ സമ്പാദ്യം മൂന്നുകോടിയായി ചുരുങ്ങി.

അതേസമയം മലയാള സിനിമയിലും ദാവൂദിന്റെ 'ഡി കമ്പനിയുടെ' സജീവ ഇടപെടലെന്ന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജൻസിയുടെ ഇടപെടൽ നടക്കുന്നതെന്നാണ് വ്യക്തമായിരുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പങ്കുവെച്ചിരുനന്ു. ഇതിന് പിന്നിൽ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തൽ. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളിൽ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടൽ സജീവമായിരുന്നു.

മുമ്പ് ബോളിവുഡിൽ മാത്രമാണ് ഡി കമ്പനി ഇടപെട്ടിരുന്നത്. എന്നാൽ മുംബൈ സ്ഫോടനക്കേസും അനുബന്ധ പ്രശ്നങ്ങളും ഹിന്ദി സിനിമയുടെ നിയന്ത്രണം ഡി കമ്പനിയിൽ നിന്ന് ഏതാണ് അകറ്റി. ബോളിവുഡ് സൂപ്പർതാരങ്ങൾ സഞ്ജയ് ദത്തിന്റെ അറസ്റ്റോടെ അധോലോകത്ത് നിന്ന് അകലം പാലിച്ചു. ഇതോടെ മറ്റ് പ്രാദേശിക ഭാഷകളിലേക്ക് ഡി കമ്പനി തിരിയുകയായിരുന്നു. കൂടുതൽ സേഫ് ആയ മലയാളത്തിലേക്ക് കണ്ണെത്തി. ഗൾഫിലെ മലയാളി പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ടു തന്നെ സിനിമകൾ വിജയിക്കുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ വിദേശത്തെ റൈറ്റുകളെല്ലാം ഡി കമ്പനിയിലൂടെ നീങ്ങി. കള്ളപ്പണവും ഹാവാല പണവും നടന്മാരുടേയും നിർമ്മാതക്കാളുടേയും പോക്കറ്റിലേക്ക് ഒഴുകി.

ദാവൂദിന്റെ വിശ്വസ്താനാണ് ഗുൽഷൻ. ഗുൽഷനാണ് ദുബായിലിരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. ഓരോ താരങ്ങൾക്കും പറഞ്ഞുറപ്പിക്കുന്നതിൽ നാമമാത്ര തുകയാണ് കേരളത്തിൽ കൊടുക്കുക. ബാക്കി തുക ഇടാപാട് നടത്തുന്നത് ഗുൽഷനാണെന്നാണ് കണ്ടെത്തൽ. അതായത് ബാക്കി തുക ഗുൽഷൻ ഹാവാല ഇടപാടുകളിലൂടെ കേരളത്തിലെത്തിക്കും. അല്ലാത്ത പക്ഷം എൻ ആർ ഐ അക്കൗണ്ടിലൂടെ മാറ്റിയെടുക്കും. മലയാള സിനിമയിലെ പല വമ്പൻ ഇടപാടുകളും പൊലീസിന്റെ സംശയ നിഴലിലാണ്. ഒരു നടൻ പൊലീസിന്റെ വലിയൽ ആയിരുന്നു. ഇതോടെ ഈ ഇടപാടുകളിലെ സംശയങ്ങൾ ഉയർന്നു. എന്നാൽ ഒന്നും ആരും അന്വേഷിച്ചില്ല. എന്നാൽ കേന്ദ്ര ഏജൻസികൾ ഇതൊക്കെ പരിശോധിക്കുകയാണ്.

നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പുതന്നെ ദിലീപിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിരുന്നു. ദിലീപടക്കമുള്ള ചില താരങ്ങൾ ആറേഴുവർഷം കൊണ്ട് കുന്നുകൂട്ടിയ സമ്പത്തിന്റെ യഥാർഥ സ്രോതസ്സെന്താണെന്ന വിവരവും തേടുന്നുണ്ട്. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങൾ ഏജൻസികൾക്ക് ലഭിച്ചതായി അറിയുന്നു. ചില സിനിമകൾ നിർമ്മിച്ച ശേഷം പ്രൊഡക്ഷൻ കൺട്രോളർമാർ നിർമ്മാതാക്കളാകുന്നു. പത്ത് കോടി പോലും മുടക്കി സിനിമ എടുക്കുന്നു. ഇതെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കും.

ഒരു സിനിമയിൽ അഭിനയിക്കാൻ ദിലീപ് രണ്ടര മുതൽ മൂന്ന് കോടി വാങ്ങുമെന്നാണ് കണക്ക്. ഇതും രണ്ട് കൊല്ലത്തിനപ്പുറം. നൂറു സിനിമകളോളം അഭിനയിച്ചുള്ള ദിലീപിന് പിന്നെ എങ്ങനെ 800് കോടി രൂപ ആസ്തിയുണ്ടായി എന്നതാണ് കേന്ദ്ര സാമ്പത്തിക അന്വേഷണ സംഘങ്ങളെ ഞെട്ടിക്കന്നത്. നടിയെ ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അവലോകന റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ദിലീപിന്റെയും ബന്ധുക്കളുടെയും പേരിൽ 800 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്.

ഈ പണമാണ് ഹവാലയായി കണക്കാക്കുന്നത്. മലയാളത്തിൽ കഴിഞ്ഞ അഞ്ചു വർഷം നിർമ്മിച്ച മുഴുവൻ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താനും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ നീക്കം തുടങ്ങി. ഇതോടെയാണ് ദാവൂദിന്റെ കമ്പനിയുടെ ഇടപെടൽ വ്യക്തമായത്. എല്ലാ സിനിമയുടേയും വിദേശ റൈറ്റ് ഇവർക്ക് കൊടുക്കും. തുച്ഛമായ തുക കണക്കിൽ കാണിക്കും. ബാക്കി തുക ഹവാലയായിരിക്കും. ഇതും നടന്മാരുടെ അക്കൗണ്ടിലേക്കാകും മാറ്റുക. സിനിമാ അഭിനയത്തിന് മുമ്പ് തന്നെ നിർമ്മാതാവും വിതരക്കാരുമായെല്ലാം നടന്മാർ ഇതു സംബന്ധിച്ച ധാരണയുണ്ടാകും. അങ്ങനെ വിദേശത്തെ അക്കൗണ്ടിലാകുന്ന അനധികൃത പണം ഹവാല ചാനലുകളിലൂടെ റിയൽ എസ്റ്റേറ്റിലേക്ക് ഒഴുകും.