കൊച്ചി: ദിലീപിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടിമാർ നൽകി കത്തിൽ നടപടി കൈക്കൊള്ളാതെ താരസംഘടനയായ 'അമ്മ'. ഇന്ന് ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിലും ബാലാത്സംഗ കേസ് പ്രതിയായ ദിലീപിനെതിരെ സംഘടന നടപടി കൈക്കൊണ്ടില്ല. നടിമാർ കത്ത് നൽകിയ കത്തിൽ ഉടൻ നടപടി കൈക്കൊള്ളാൻ ആകില്ലെന്നാണ് 'അമ്മ' പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിയത്.

ദിലീപിനെതിരെ നടപടി സ്വീകരിക്കാൻ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് അധികാരമില്ലെന്നും ഇതിനായി ജനറർ ബോഡി വിളിക്കേണ്ടതുണ്ടെന്നും മോഹൻലാൽ പറഞ്ഞു. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കത്തു തന്ന നടിമാരെ രേഖാമൂലം അറിയിക്കാനുമാണ് അമ്മ അധ്യക്ഷൻെ നിലപാട്.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിൽ ചർച്ച നടന്നിരുന്നു. എ.എം.എം.എ അംഗങ്ങൾ എന്ന നിലയിൽ നടിമാർ മറ്റു ചില നിർദ്ദേശങ്ങളും വച്ചിരുന്നു. എന്നാൽ സംഘടനയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാൽ നടിമാർ മൂന്നാമതും കത്ത് നൽകിയിുന്നു. തങ്ങൾ സംഘടനയിൽ വച്ച നിർദ്ദേശങ്ങൾക്ക് ഉടൻ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നൽകിയത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നു.

കോടതി കുറ്റവിമുക്തനാക്കുന്നതു വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നതാണ് നടിമാർ സംഘടനയ്ക്ക് മുൻപിൽ വച്ച പ്രധാന നിർദ്ദേശം. ഇതിനായി നിയമോപദേശം തേടണം എന്നും മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇവർ ആവശ്യപ്പെട്ടു. പാർവതി, പത്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടൻ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഗസ്റ്റ് 7 ന് നടന്ന ചർച്ചയിൽ തൃപ്തിയുണ്ടെന്ന് നടിമാർ പ്രതികരിച്ചിരുന്നു. എ.എം.എം.എയിൽ നിന്ന് രാജിവെച്ചുപോയ ഡബ്ല്യു.സി.സി. അംഗങ്ങൾ തിരിച്ചുവരുന്ന കാര്യത്തിലുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയ്‌ക്കെടുത്തിരുന്നു. കഴിഞ്ഞ എ.എം.എം.എ. ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേർക്കുനേർ കൊണ്ടുവന്നത്. തീരുമാനത്തെ തുടർന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരും എ.എം.എം.എയിൽ നിന്ന് രാജിവെച്ചിരുന്നു.

അതേസസമയം താരസംഘടനയിലെ വമ്പനായ ദിലീപിനെതിരെ നടപടി കൈക്കെള്ളാൻ സംഘടനക്ക് താൽപ്പര്യമില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. മുമ്പ് നടൻ തിലകനെതിരെ നടപടിയെടുത്തപ്പോൾ ഈ നടപടി ക്രമങ്ങളിൽ പലതും പാലിച്ചില്ലെന്നാണ് രേഖകൾ പറയുന്നത്. നേരത്തെ ഇതേ കാര്യം വ്യക്തമാക്കി തിലകന്റെ മകൾ സോണിയ രംഗത്തെത്തിയിരുന്നു. അമ്മയുടെ മുൻ നിലപാടുകളെ തെളിയിക്കുന്ന രേഖകളും സോണിയ പുറത്തുവിട്ടിരുന്നു.

താരസംഘടയുടെ ഒരു അച്ചടക്ക സമിതിയുടെ ശുപാർശയുടെ പുറത്താണ് 2010 ഏപ്രിൽ 5ാം തിയ്യതി തിലകനെ താരസംഘടനയിൽ നിന്ന് പുറത്താക്കുന്നത്. തിലകൻ വിഷയത്തിൽ ഒരു ജനറൽ ബോഡി വിളിക്കുകയോ നിയമപരമായ കൗൺസിലിന്റെ ഉപദേശം തേടുകയോ ചെയ്തിരുന്നില്ല. 2010 ഫെബ്രുുവരി 10ാം തിയ്യതിയാണ് അന്നത്തെ സെക്രട്ടറി ഇടവേള ബാബു താരങ്ങൾക്കെതിരെയും സംഘടനയെയും അപകീർത്തിപ്പെടുത്താൻ തിലകൻ ശ്രമിച്ചതിനാൽ പരസ്യമായി മാപ്പ് പറയാൻ നിർദ്ദേശിച്ചു 9-2-2010 ന് ചേർന്ന എക്‌സിക്യൂട്ടീവ് തീരുമാനം കത്തായി നൽകിയത്. ഏഴു ദിവസത്തിനുള്ളിൽ മറുപടി പറയാനായിരുന്നു നിർദ്ദേശം.

തുടർന്ന് താൻ എവിടെ, എപ്പോൾ എന്ത് പറഞ്ഞു എന്ന് വ്യക്തമാക്കാതെ ഈ ആരോപണത്തിന് മറുപടി പറയാൻ കഴിയില്ലെന്നും തനിക്ക് ഉണ്ടായ ദുരനുഭവം വ്യക്തമാക്കി കൊണ്ടും വിവിധ സ്ഥലങ്ങളിൽ നിന്ന് തനിക്കുണ്ടായ ഭീഷണികൾ വ്യക്തമാക്കി കൊണ്ടും തിലകൻ മറുപടി നൽകുകയുണ്ടായി. തുടർന്ന് മാർച്ച് 1ന് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ മുന്നിൽ തിലകനോട് ഹാജരാകാൻ പറഞ്ഞെങ്കിലും മറ്റ് ചില കാരണങ്ങളാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

തുടർന്ന് മാർച്ച് 15 ന് അച്ചടക്ക സമിതി തിലകനെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും കത്ത് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ അംഗത്വം പിൻവലിക്കാതിരിക്കാൻ കാരണം കാണിക്കണമെന്നും കത്ത് നൽകുകയുണ്ടായി. തുടർന്നായിരുന്നു തിലകനെതിരായ നടപടികൾ. എന്നാൽ ദിലീപ് വിഷയത്തിൽ ഇത്തരത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നും നിയമോപദേശം അടക്കം വിവിധ നടപടി ക്രമങ്ങളുടെ പേര് പറഞ്ഞ് ദിലീപിന് എതിരായ നടപടി വൈകിക്കുകയാണെന്നും തിലകന്റെ മകൾ സോണിയ വ്യക്തമാക്കുകയുണ്ടായി.