കൊച്ചി: തമ്മിലടികൾക്കും ചേരി തിരിവുകൾക്കും ശേഷം താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് ഭാരവാഹികളുടെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ നടക്കും. അമ്മയുടെ മുന്നിൽ പരിഹാരം കാണേണ്ട വിഷയങ്ങൾ പലതാണ്. ഡബ്‌ള്യൂ.സി.സിയുമായുള്ള നിലപാടിനെ ചൊല്ലി സിദ്ദിഖും ജഗദീഷും തമ്മിൽ കടുത്ത വാക്‌പോര് നടന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. അമ്മ-ഡെബ്‌ള്യൂ.സി.സി തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഭാരവാഹികൾ കൊച്ചിയിൽ യോഗം ചേരുന്നത്. അടിയന്തരസാഹചര്യത്തിൽ വിളിച്ചു ചേർത്തതിനാൽ മുഴുവൻ എക്‌സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിന് എത്തിയേക്കില്ല.

ഡെബ്‌ള്യൂ.സി.സി അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകിയതിനെ തുടർന്ന് അമ്മയുടെ ട്രഷറർ ജഗദീഷും സെക്രട്ടറി സിദ്ദിഖും തമ്മിൽ ഭിന്നതയുണ്ടായിരുന്നു.ഇതിനെ തുടർന്ന് നടൻ ബാബുരാജ് അടക്കമുള്ളവരുടെ എതിർ സ്വരങ്ങൾ പുറത്തു വന്നിരുന്നു. ഒരു വിഭാഗം ദിലീപിനെ പൂർണമായി പിന്തുണയ്ക്കുമ്പോൾ മറ്റൊരു വിഭാഗം പ്രസിഡന്റായ മോഹൻലാലിനോടൊപ്പമാണ്. എന്നാൽ ആരോപണങ്ങൾ തന്റെ പേര് അനാവശ്യമായ വലിച്ചിഴയ്ക്കുന്നതിനോട് മോഹൻലാലിന് താൽപ്പര്യമില്ലെന്നാണ് സൂചന. അതിനാൽ താരം രാജിവയ്ക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ജഗദീഷ്-സിദ്ദീഖ് തർക്കം പരിഹരിക്കുന്നതിന് ചർച്ചയിൽ ശ്രമങ്ങളുണ്ടാകുമെന്നാണ് സൂചന. കോഴിക്കോട് ഷൂട്ടിംഗിലായതിനാൽ നടൻ സിദ്ദിഖ് യോഗത്തിന് എത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.എന്നാൽ യോഗത്തിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കണമെന്നാണ് അമ്മ നിർദ്ദേശിച്ചിരിക്കുന്നത്.

യോഗത്തിന് എത്തുമെന്നും നിലപാട് വ്യക്തമാക്കുമെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡെബ്‌ള്യൂ.സി.സി ഉന്നയിച്ച ആരോപണങ്ങളും യോഗം ചർച്ച ചെയ്യും. മലയാള സിനിമയിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡെബ്‌ള്യൂ.സി.സി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി അമ്മയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെ ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. നടി ദിവ്യ ഗോപിനാഥ് നടൻ അലൻസിയറിനെതിരെ ഉന്നയിച്ച മീ റ്റൂ ആരോപണവും ചർച്ച ചെയ്‌തേക്കും.

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ 13ന് നടത്തിയ വാർത്താസമ്മേളനമാണ് അടിയന്തിര എക്‌സിക്യൂട്ടീവ് വിളിക്കാൻ കാരണമായത്. ദിലീപിനെതിരായ അച്ചടക്കനടപടി വൈകുന്നതുൾപ്പെടെ തങ്ങൾ ഉന്നയിച്ച കാര്യങ്ങളോടുള്ള വിമുഖതയും മലയാളസിനിമ കാലാകാലങ്ങളായി വച്ചുപുലർത്തുന്ന സ്ത്രീവിവേചനവുമൊക്കെ ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനത്തിൽ അംഗങ്ങൾ ആരോപിച്ചിരുന്നു.

ഡബ്ല്യുസിസി വാർത്താസമ്മേളനം 'അമ്മ' അംഗങ്ങളിൽ സൃഷ്ടിച്ച ചേരിതിരിവ് വെളിപ്പെടുത്തുന്നതായിരുന്നു പിന്നാലെ ഒരേദിവസം ജഗദീഷും സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ അഭിപ്രായപ്രകടനങ്ങൾ. ആക്ഷേപമുയർത്തിയ വനിതാ അംഗങ്ങളുമായി രമ്യതയിലെത്തണമെന്ന അഭിപ്രായത്തോടുകൂടിയായിരുന്നു ജഗദീഷിന്റെ കുറിപ്പ്. എന്നാൽ നേർ വിപരീതമായ അഭിപ്രായമായിരുന്നു സിദ്ദിഖും കെപിഎസി ലളിതയും ചേർന്നുനടത്തിയ വാർത്താസമ്മേളനത്തിൽ അവർ ഉയർത്തിയത്. ഡബ്ല്യുസിസിയുമായി ചർച്ചയ്ക്കില്ലെന്നും വനിതാ അംഗങ്ങളെ തിരിച്ചെടുക്കണമെങ്കിൽ മാപ്പ് പറയണമെന്നുമാണ് ഇരുവരും പറഞ്ഞത്.

പിന്നാലെ ആരാണ് 'അമ്മ'യുടെ യഥാർഥ വക്താവ് എന്നതിനെച്ചൊല്ലിയും ഇരുവരും തമ്മിൽ തർക്കം നടന്നു. ജഗദീഷ് 'അമ്മ'യുടെ ഖജാൻജി മാത്രമാണെന്നും വക്താവല്ലെന്നും അദ്ദേഹത്തിന്റെ വാർത്താക്കുറിപ്പ് കണ്ടിട്ടില്ലെന്നുമായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. എന്നാൽ മോഹൻലാലിനോട് ചോദിച്ചിട്ടാണ് വാർത്താക്കുറിപ്പ് ഇറക്കിയത് എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. അവെയ്‌ലബിൾ എക്‌സിക്യൂട്ടീവ് വരെ 'അമ്മ'യെ പ്രതിനിധീകരിച്ച് ആരും പരസ്യപ്രസ്താവന നടത്തരുതെന്ന് മോഹൻലാലിന്റെ നിർദേശമുണ്ടായിരുന്നു. ഡബ്ല്യുസിസി ഉയർത്തിയ വിഷയങ്ങളോട് സ്വീകരിക്കേണ്ട നിലപാടിനൊപ്പം 'അമ്മ' അംഗങ്ങൾക്കിടയിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും സിദ്ദിഖിന്റെ വാർത്താസമ്മേളനവുമൊക്കെ നാളത്തെ യോഗത്തിൽ ചർച്ചയാവും.

എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ശേഷം സിദ്ദിഖിന്റെ പ്രതികരണം വ്യക്തിപരമായിരുന്നുവെന്നും സംഘടനാ നിലപാടല്ലെന്നും വിശദീകരിച്ച് അമ്മയുടെ വാർത്താക്കുറിപ്പ് ഉണ്ടായേക്കും.ഈ രണ്ട് വിഷയങ്ങൾക്ക് പുറമെ അലൻസിയറിനെതിരായ മി ടൂ ആരോപണങ്ങളാണ് എക്‌സിക്യൂട്ടീവ് യോഗം ചേരുമ്പോൾ താരസംഘടനയ്ക്ക് മുന്നിലുള്ളത്. 'ആഭാസം' സിനിമയുടെ സെറ്റിൽ വച്ച് അലൻസിയറിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് നടി ദിവ്യ ഗോപിനാഥ് ആണ് ആദ്യം ആരോപണമുയർത്തിയത്.

പിന്നാലെ ദിവ്യ മാത്രമല്ല, അലൻസിയറിനെതിരേ വേറെയും പരാതികൾ കിട്ടിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ജുബിത്ത് നമ്രാഡത്ത് വെളിപ്പെടുത്തലുമായി എത്തി. അബി വർഗീസ് സംവിധാനം ചെയ്ത 2016 ചിത്രം മൺസൂൺ മാംഗോസിന്റെ സെറ്റിലും അലൻസിയർ മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണമാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ചിത്രത്തിന്റെ യുഎസ് ഷെഡ്യൂളിനിടെ കറുത്ത വർഗ്ഗക്കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ആരോപിക്കപ്പെട്ടതൊക്കെയും ഗൗരവമുള്ളതായതിനാൽ ആരോപണമേറ്റ ഒരു പ്രമുഖ നടനോട് 'അമ്മ' നിലപാട് സ്വീകരിച്ചുവെന്ന് പൊതുസമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉയരുക സ്വാഭാവികം.

എന്നാൽ വിശദീകരണം ചോദിക്കുന്നതിനപ്പുറം അലൻസിയറിനെതിരേ സംഘടന എന്തെങ്കിലും നടപടി സ്വീകരിക്കുന്നപക്ഷം അതും ചോദ്യംചെയ്യപ്പെട്ടേക്കും. കാരണം നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ആരോപണവിധേയനായ, ജയിൽവാസം അനുഭവിച്ച ദിലീപിനോട് ഇപ്പോഴും സംഘടന കാട്ടുന്ന മൃദു നിലപാട് തന്നെ.എല്ലാ അംഗങ്ങളും പങ്കെടുക്കാത്ത അവെയ്‌ലബിൾ എക്‌സിക്യൂട്ടീവ് ആയതിനാൽ അജണ്ട എന്തൊക്കെയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ഒരു എക്‌സിക്യൂട്ടീവ് അംഗം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. അതേസമയം അലൻസിയർ വിഷയത്തിൽ നാളെ വിശദമായ ചർച്ച ഉണ്ടാവില്ലെന്നും അറിയുന്നു. ഈ വിഷയത്തിൽ അടുത്ത മാസം 29ന് കൂടുതൽ അംഗങ്ങൾ പങ്കെടുക്കുന്ന ചർച്ച നടക്കും. ഡബ്ല്യുസിസി ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയെന്നോണം 'അമ്മ'യിൽ ഒരു വനിതാ സെൽ ഉടൻ ഉണ്ടാവുമെന്നും അറിയുന്നു.