തിരുവനന്തപുരം: പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേശ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോഹൻലാൽ പോയതിനെ ചൊല്ലിയുണ്ടായ വിവാദം മലയാള സിനിമാ രംഗത്തെ ചേരിതിരിവിനെ കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകുന്നതായി. ഗണേശിന് വേണ്ടി താരങ്ങളെല്ലാം ഒരുമിച്ച് നിന്നപ്പോൾ ജഗദീഷിനെ എല്ലാവരും കൈവിട്ടുവെന്നതും ശ്രദ്ധേയമായി. അമ്മയിലെ അപ്രഖ്യാപിതമായ നിയമം മറികടന്ന് ഗണേശിന് വോട്ടഭ്യർത്ഥിച്ച് മോഹൻലാൽ പോയതിനെ പ്രതിഷേധിച്ച് സലിം കുമാർ അമ്മ അംഗത്വം രാജിവച്ചതോടെയാണ് സംഭവം വിവാദമായത്. പിന്നാലെ മോഹൻലാൽ ഗണേശിന് വേണ്ടി പ്രചരണത്തിന് പോയതിൽ തനിക്ക് ദുഃഖമുണ്ടെന്ന് ജഗദീഷും വ്യക്തമാക്കിയിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ കൂടുതൽ താരങ്ങളാണ് ഗണേശിന് വേണ്ടി രംഗത്തെത്തിയത്. ഇന്നലെ ഗണേശിന് വോട്ടു ചോദിച്ച്് നടൻ ദിലീപ് എത്തിയതിന് പിന്നാലെ നിവിൻ പോൡും ഗണേശിനെ പിന്തുണച്ചെത്തി.

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നിവിൻ ഗണേശിന് വേണ്ടി വോട്ട് ചോദിച്ച് രംഗത്തെത്തിയത്. പത്തനാപുരത്ത് വരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും ചില തിരക്കുകൾ കാരണം അത് സാധിച്ചില്ലെന്നുമുള്ള ആമുഖത്തോടെയാണ് നിവിന്റെ വിഡിയോ തുടങ്ങുന്നത്. വ്യക്തിപരമായ അഭിപ്രായത്തിൽ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ തനിക്ക് ഏറ്റവും ആരാധനയും ബഹുമാനവും തോന്നിയിട്ടുള്ള ആളാണ് ഗണേശ് കുമാർ. അദ്ദേഹം നമുക്കുവേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ മന്ത്രിയായിരുന്നപ്പോൾ കണ്ടതാണ്. ഒരു പദ്ധതി ഏറ്റെടുത്താൽ യാതൊരു അഴിമതിയും കൂടാതെ കൃത്യമായി പഠിച്ച് ചങ്കൂറ്റത്തോടെ അത് നടത്തിത്തീർക്കുന്ന ആളാണ് അദ്ദേഹം. ഇതുപോലുള്ള വ്യക്തികൾ ഭരണത്തിൽ വരണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഗണേശ് കുമാറിനെ വോട്ടു ചെയ്തു വിജയിപ്പിക്കാനുള്ള നിവിൻ പോളിയുടെ അഭ്യർത്ഥനയോടെയാണ് വിഡിയോ അവസാനിക്കുന്നത്.

അതേസമയം, മോഹൻ ലാൽ പത്തനാപുരത്ത് പ്രചാരണത്തിനെത്തിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദങ്ങളെല്ലാം അനാവശ്യമാണെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. 'അമ്മ'യുമായി ആലോചിച്ചശേഷമല്ല ആരും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. നടന്മാർ പ്രചാരണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട് സംഘടനയിൽ ഔദ്യോഗിക തീരുമാനങ്ങളൊന്നുമില്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടി. താരസംഘടനയായ 'അമ്മ'യിലെ അംഗങ്ങൾ പ്രചരണത്തിനു പോകുന്നതു സംബന്ധിച്ചു നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നു 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് എംപി വ്യക്തമാക്കിയിരുന്നു.

എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചലച്ചിത്രതാരങ്ങൾ എത്തരുതെന്ന് 'അമ്മ'യിൽ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നുവെന്നാണ് പത്തനാപുരത്ത് ഗണേശിന്റെ മുഖ്യ എതിരാളിയായ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീഷിന്റെ ആരോപണം. അതിന് വിരുദ്ധമായ നിലപാട് മോഹൻലാൽ എടുത്തതിൽ വേദനയുണ്ട്. എല്ലാവർക്കും വിഷമവുമുണ്ട്. 'അമ്മ'യിലെ പലരും വിളിച്ചത് സംസാരിച്ചിരുന്നു. സലിംകുമാറിന് വളരെയധികം വിഷമമുണ്ടെന്ന് അറിയിച്ചിരുന്നു. ആ വികാരം തന്നെയാണ് അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കുമെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു.

മോഹൻലാലിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

അതിനിടെ വിവാദം മറുകുന്നതിനിടെ പത്തനാപുരത്തെ ഇടതു മുന്നണി സ്ഥാനാർത്ഥി കെ.ബി ഗണേശ് കുമാറിന് വേണ്ടി വോട്ടഭ്യർത്ഥിച്ച നടൻ മോഹൻലാലിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത് വഴി മോഹൻലാൽ തന്റെ ലഫ്റ്റനന്റ് കേണൽ പദവി ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സേനയുടെ ചട്ടങ്ങളും നിയമങ്ങളും മോഹൻലാൽ ലംഘിച്ചതായും കൊടിക്കുന്നിൽ ആരോപിച്ചു.

ജഗദീഷിനെ പിന്തുണച്ച് നിർമ്മാതാക്കൾ

ഗണേശിന് മോഹൻലാൽ വോട്ടു ചോദിച്ചതിനെ ന്യായീകരിച്ച് ഭൂരിപക്ഷം സിനിമാ താരങ്ങളും രംഗത്തെത്തിയപ്പോൾ പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീഷിനെ പിന്തുണച്ച് നിർമ്മാതാക്കൾ രംഗത്തെത്തി. നിർമ്മാതാക്കളെ ഒരിക്കലും ബുദ്ധിമുട്ടിക്കാത്ത നടൻ എന്ന നിലയിൽ ജഗദീഷിനു പിന്നിൽ അടിയുറച്ചു നിൽക്കുമെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജന. സെക്രട്ടറി എം. രഞ്ജിത്. ഇന്നു നടത്തുന്ന സമാപന പ്രചാരണത്തിൽ ജഗദീഷിനു പിന്തുണയുമായി നിർമ്മാതാക്കൾ അണിനിരക്കുമെന്നും രഞ്ജിത് അറിയിച്ചു.

സലികുമാറിന്റെ രാജിയും ജഗദീഷിന്റെ തുറന്നുപറച്ചിലും വിവാദമായ സാഹചര്യത്തിൽ മോഹൻലാലിനു പിന്തുണയുമായി കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മുകേഷ് രംഗത്തെത്തി. പല മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കു വേണ്ടി സലിംകുമാർ പ്രചാരണത്തിന് പോയപ്പോൾ ആരും രാജിവച്ചില്ലല്ലോയെന്ന് മുകേഷ് പറഞ്ഞു. തിരക്ക് കഴിഞ്ഞ് തന്റെ പ്രചാരണത്തിന് എത്താമെന്നും ലാൽ പറഞ്ഞിരുന്നുവെന്നും മുകേഷ് പ്രതികരിച്ചു.

ലാൽ പോയത് ബ്ലാക്ക്‌മെയിൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ജഗദീഷും പ്രതികരിച്ചിരുന്നു. എന്നാൽ അമ്മയിൽ അത്തൊരു അലിഖിത നിയമമില്ലെന്നാണ് ഭാരവാഹി കൂടിയായ നടൻ ഇടവേള ബാബുവിന്റെ പ്രതികരണം. പത്തനാപുരത്ത് മോഹൻലാൽ അല്ല അമിതാഭ് ബച്ചൻ വന്നാലും ബിജെപി തന്നെ ജയിക്കുമെന്ന് ഭീമൻ രഘുവും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മിക്ക സ്ഥാനാർത്ഥികൾക്കും വേണ്ടി താരങ്ങൾ രംഗത്തെത്തിയിരുന്നു

ബിജെപി ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾക്കു വേണ്ടി സുരേഷ്‌ഗോപി സജീവമായി പര്യടനത്തിലുണ്ട്്. നടൻ ജയറാം ബിജെപി, സിപിഐ(എം) സ്ഥാനാർത്ഥികൾക്കു വേണ്ടിയും കഴിഞ്ഞ ദിവസം എത്തിയിരുന്നു.