കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ മോഹൻലാൽ നടത്തിയ ഒത്തുതീർപ്പ് നീക്കങ്ങൾ ഫലം കണ്ടില്ല. താര സംഘടനയിലെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാൻ ദിലീപ് തയ്യാറായതു പോലുമില്ല. പൃഥ്വി രാജും കൂട്ടരും ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള ചിലരുടെ നീക്കത്തിൽ അതൃപ്തരുമാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടിയില്ലെന്നാണ് ആവരുടെ പക്ഷം. ഈ സാഹചര്യത്തിൽ 'അമ്മ'യുടെ യോഗം അനിശ്ചിതമായി തുടരും. എക്‌സിക്യൂട്ടീവോ ജനറൽ ബോഡിയോ ചേരുന്ന കാര്യത്തിൽ ആർക്കും എത്തും പിടിയുമില്ല. പ്രസിഡന്റായ ഇന്നസെന്റോ ജനറൽ സെക്രട്ടറി മമ്മൂട്ടിയോ പോലും അമ്മയെ കുറിച്ച് പരസ്പരം സംസാരിക്കുന്നില്ലെന്നാണ് സൂചന. ഇതോടെ അമ്മ ഏതാണ്ട് ഇല്ലാതായ അവസ്ഥയിലുമായി.

നേതൃത്വത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് ഇതിന് കാരണം. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ പ്രതിചേർത്തോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒരു വിഭാഗം ദിലീപ് കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചു. പൃഥ്വി രാജും കൂട്ടരും നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഈ സമ്മർദ്ദമാണ് തുടക്കത്തിൽ വിജയിച്ചത്. ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കി. ഈ സാഹചര്യത്തിൽ തനിക്ക് അമ്മയുമായി ബന്ധമില്ലെന്നാണ് ദിലീപ് പറയുന്നത്. അതുകൊണ്ട് തന്നെ ഒത്തുതീർപ്പ് ചർച്ചകൾക്ക് തയ്യാറാവുന്നതുമില്ല. എന്നാൽ ദിലീപിനെ അനുകൂലിക്കുന്നവരാണ് സംഘടനയിൽ ഭൂരിഭാഗവും. അവർ ദിലീപിനെ പുറത്താക്കിയ നടപടിയെ അംഗീകരിക്കുന്നുമില്ല. അമ്മയുടെ യോഗം ചേർന്നാൽ ചേരിതിരിവ് ശക്തമാകും. ഇത് പരിഹരിക്കാനായിരുന്നു മോഹൻലാലിന്റെ ശ്രമം.

ഒടിയന്റെ ഷൂട്ടിംഗിന് ഇടവേള നൽകി തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് മോഹൻലാൽ. ഇതിനിടെയിലാണ് ലാൽ അനുരജ്ഞന ശ്രമങ്ങൾക്ക് നീക്കം തുടങ്ങിയത്. എന്നാൽ ആരും അടുക്കാൻ തയ്യാറല്ല. ഇതോടെ താൻ ഉദ്യമത്തിൽ നിന്ന് പിന്മാറിയെന്ന് മോഹൻലാൽ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഇന്നസെന്റും മമ്മൂട്ടിയും താൽപ്പര്യം കാട്ടുന്നുമില്ല. ഇതോടെ താരസംഘടനയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായി. അടുത്ത വാർഷിക പൊതുയോഗം പോലും ചേരുമോ എന്ന സംശയമാണ് ഇപ്പോൾ നിലവിലുള്ളത്. ഇന്നസെന്റും മമ്മൂട്ടിയും അടക്കമുള്ള നിലവിലെ ഭാരവാഹികൾ സ്ഥാനം ഒഴിയാൻ സന്നദ്ധരാണ്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ സംഘടനയെ നയിക്കാൻ ആരും തയ്യാറല്ല. ദിലീപ് അറസ്റ്റിലാകുമ്പോൾ അതോടെ താരത്തിന്റെ കഥ കഴിഞ്ഞുവെന്ന നിരീക്ഷണം പുറത്തുവന്നു. എന്നാൽ കുടുതൽ കരുത്തനാവുകയാണ് ദിലീപ് ചെയ്തത്. ഈ സാഹചര്യത്തിൽ നേതൃത്വത്തിലേക്ക് വരാൻ ആരും തയ്യാറാകുന്നുമില്ല.

ദിലീപിന്റെ പിന്തുണയുണ്ടെങ്കിൽ മാത്രമേ അമ്മയെ മുന്നോട്ട് നയിക്കാനാവൂ എന്നതാണ് അവസ്ഥ. തിയേറ്റർ സംഘടനയുൾപ്പെടെ ദിലീപിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ ദിലീപിനെ പിണക്കി സിനിമയിലെ താരങ്ങളുടെ സംഘടനയെ മുന്നോട്ട് നയിക്കാനാവില്ല. ഇത് മനസ്സിലായതോടെ പൃഥ്വിയും കൂട്ടരും സംഘടനാ നേതൃത്വത്തിൽ സജീവമാകാനുള്ള നീക്കം ഉപേക്ഷിച്ചു. വനിതകളുടെ കൂട്ടായ്മയ്ക്കും ദിലീപിന്റെ സ്വാധീനത്തെ കുറിച്ച് അറിയാം. അതുകൊണ്ട് തന്നെ ദിലീപിനെ വിശ്വാസത്തിലെടുത്തു മാത്രമേ അമ്മയ്ക്ക് മുന്നോട്ട് പോകാനാകൂ. കേസും മറ്റ് വിഷയങ്ങളും തീർന്ന ശേഷം മാത്രമേ താൻ ഇനി മറ്റുകാര്യങ്ങളിൽ ഇടപെടൂവെന്നാണ് ദിലീപിന്റെ പക്ഷം. ജയിൽ മോചിതനായ ദിലീപുമായി മോഹൻലാൽ നേരിട്ടും ആന്റണി പെരുമ്പാവൂർ വഴിയും ആശയ വിനിമയും നടത്തിയതാണ് സൂചന.

ദിലീപ് ജയിലിലായതിന്റെ അടുത്ത ദിവസം അവൈലബിൾ എക്‌സിക്യൂട്ടീവാണ് ചേർന്നത്. ദിലീപിനെ പുറത്താക്കിയ തീരുമാനത്തിന് അംഗീകരാം നൽകാൻ എക്‌സിക്യൂട്ടീവ് വിളിക്കാനും തീരുമാനിച്ചു. എന്നാൽ ദിലീപിനെ അനുകൂലിക്കുന്നവർ ഇതിന് സമ്മതം മൂളിയില്ല. ദിലീപ് ജയിലിൽ നിന്ന് മോചിതനായ ശേഷം യോഗം മതിയെന്നായിരുന്നു അവരുടെ നിലപാട്. ഇത് പൊതുവേ അംഗീകരിക്കപ്പെടുകയും ചെയ്തു. ദിലീപ് പുറത്തെത്തിയ ശേഷം എല്ലാ വിഭാഗങ്ങളേയും ഒരുമിപ്പിക്കേണ്ട ചുമതല മോഹൻലാലിന് നൽകി. ഒടിയന്റെ ഇടവേളയിൽ ഇത് ചെയ്യാമെന്ന് താരം സമ്മതിക്കുകയും ചെയ്തു. ദിലീപിന്റെ ഡിസ്മിസൽ സസ്‌പെൻഷനാക്കിയുള്ള ഫോർമുലയാണ് ചർച്ചയാക്കാൻ ഉദ്ദേശിച്ചത്. എന്നാൽ ദിലീപും ദിലീപ് അനുകൂലികളും ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ പ്രതിസന്ധി കൂടി.

പൃഥ്വിരാജും കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. എന്നാൽ പൂർണ്ണമായും അടിയറവ് പറയുകയുമില്ല. വിചാരണ പൂർത്തിയാകും വരെ ദിലീപ് സംശയ നിഴലിലാണെന്നാണ് അവരുടെ പക്ഷം. ദിലീപിനെ അറസ്റ്റു ചെയ്തപശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇതിനൊടുവിലാണ് കേസിൽ അകപ്പെട്ട ദിലീപിനെ സംഘടനയുടെ പ്രഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി മമ്മൂട്ടി മാധ്യമങ്ങളെ അറിയിച്ചത്. ഈ യോഗത്തിന് ശേഷം യുവ താരങ്ങൾ പെട്ടെന്ന് പുറത്തു പോയി. മമ്മൂട്ടിയുടെ വീട്ടിൽ മോഹൻലാൽ തുടർന്നു. അതിന് ശേഷമാണ് ഭാവി കാര്യങ്ങളിൽ തീരുമാനം എടുത്തത്. അമ്മയുടെ നേതൃത്വം പുതു തലമുറയ്ക്ക് കൈമാറാനാണ് തീരുമാനം എടുത്തത്.

ദിലീപ് അറസ്റ്റിലായപ്പോൾ തന്നെ പൊതു സമൂഹത്തിന്റെ എതിർപ്പ് മാനിച്ച് സ്ഥാനം ഒഴിയാൻ മോഹൻലാൽ തയ്യാറായിരുന്നു. ഇത് മമ്മൂട്ടിയെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് അടിയന്തര യോഗം ചേർന്നത്. ഇതിൽ പൃഥ്വി രാജും ആസിഫ് അലിയും എടുത്ത നിലപാട് മോഹൻലാലിനേയും മമ്മൂട്ടിയേയും ഞെട്ടിച്ചു. ദിലീപിനെ പരസ്യമായി തള്ളിപ്പറയേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. നേരത്തെ നടിയെ ആക്രമിച്ച കേസിൽ അമ്മ എക്‌സിക്യൂട്ടീവും ജനറൽബോഡിയും ആരോപണവിധേയനായ ദിലീപിന് പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ദിലീപിന്റെ അറസ്്‌റ്റോടെ തിരുത്തി പറയേണ്ടി വന്നത്.

സൂപ്പർ താരങ്ങളുടെയും ഒരുപറ്റം വൻകിട താരങ്ങളുടെയും പിടിയിലാണ് അമ്മ എന്ന സംഘടനയെന്ന ആരോപണം സജീവമാണ്. അവർ പറയുന്നത് കേട്ട് കൈയടിക്കുന്നവർക്ക് മാത്രമാണ് അവിടെ നിലനിൽപ്പ്. കുറച്ചു കൈനീട്ടം നൽകുന്നതുകൊണ്ട് അവർ ചെയ്യുന്നതിനെല്ലാം കൂട്ടുനിൽക്കണമെന്ന അടിമത്വ മനോഭാവമുള്ള സംഘടനയാണിത്. തിലകൻ ചേട്ടൻ പറഞ്ഞപോലെ, മാഫിയാ ഗ്രൂപ്പുകളെപ്പോലെ പെരുമാറുന്നവരും ധാർഷ്ട്യവും തൻപ്രമാണിത്തവും കാണിക്കുന്ന സൂപ്പർ താരങ്ങളുമടങ്ങിയ സംഘടനയാണ് അമ്മയെന്ന് സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. താരങ്ങളുടെ തൻപ്രമാണിത്തത്തിന്റെയും അഹങ്കാരത്തിന്റെയും പരിണതഫലമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്.

രാജാവിനെപ്പോലെയാണ് അതിലെ പല സൂപ്പർ താരങ്ങളും. തങ്ങൾക്കെതിരെ ആരും വിരൽ ചൂണ്ടാൻ പാടില്ലെന്ന നിലപാടാണ്. നടിയെ അപമാനിച്ച ദിലീപിനും ആ അഹങ്കാരമുണ്ടായിക്കാണും. താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ദിലീപ് ചിന്തിച്ചതും സിനിമാസംഘടനയിലെ ഈ വൃത്തികെട്ട അവസ്ഥയുടെ ഫലമാണെന്നും വിനയൻ ആരോപിച്ചിരുന്നു.