കൊച്ചി: നവകേരള നിർമ്മാണത്തിൽ പങ്കാളികളാകാനും ഫണ്ട് ശേഖരിക്കുന്നതിനുമായി താരസംഘടനയായ 'എ.എം.എം.എ' നടത്തുന്ന താരനിശക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പച്ചക്കൊടി. താരസംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ തന്നെ വിഷയത്തിൽ ഇടപെട്ടതോടെയാണ് തർക്കം തീർന്നത്. കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഫണ്ട് ശേഖരിക്കുവാൻ വേണ്ടി നടത്തുന്ന വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ 'എ.എം.എം.എ'യും തമ്മിലുണ്ടായിരുന്ന തർക്കം നിലനിൽക്കുകയായിരുന്നു.

ഡിസംബർ ഏഴിന് അബുദാബിയിൽ നടത്താൻ ഉദ്ദേശിച്ച താരനിശയിലേക്ക് നവംബർ 28 മുതൽ താരങ്ങളെ വിട്ടുനൽകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പ്രകോപിതരാക്കിയത്. താരങ്ങൾ ഷോയുമായി പോയാൽ അത് തങ്ങളുടെ സിനിമകളെ ബാധിക്കുമെന്നാണ് ഇവർ പറഞ്ഞത്.

ഇതേ തുടർന്നാണ് ചർച്ച നടന്നത്. എന്നാൽ, മോഹൻലാലിനെ തുറന്നെതിർക്കാൻ നിർമ്മാതാക്കൾ തയ്യാറായില്ല. അനുര്ഞന പാതയിൽ നീങ്ങിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒടുവിൽ സമ്മതം അറിയിക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബർ ഏഴിനു അബുദാബിയിൽ വെച്ച് തന്നെ 'എ.എം.എം.എ'യുടെ താരനിശ നടക്കും. കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായി.
കൂടാതെ 2019 മാർച്ച് അവസാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി മലയാള സിനിമയിലെ എല്ലാ സംഘടനകളും ചേർന്ന് കേരളത്തിൽ താരനിശ നടത്താമെന്ന ധാരണയിലാണ് തീരുമാനം വന്നത്.

താരങ്ങൾ താരനിശയ്ക്കും അതിന്റെ പരിശീലനത്തിനും പോയാൽ ഷൂട്ടിങ് ഷെഡ്യൂളുകൾ നീളുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിചിരുന്നു. വേണ്ടത്ര ചർച്ച നടത്താതെ 'എ.എം.എം.എ'യ്ക്ക് അന്തിമ തീരുമാനമെടുക്കാനാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് 'എ.എം.എം.എ'യ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ഒത്തുതീർപ്പ് ചർച്ച വേണ്ടി വന്നത്. വിവാദത്തിൽ നേരത്തെ പ്രതികരിക്കാൻ താരസംഘടന തയ്യാറായിരുന്നില്ല.