ആലക്കോട്: കണ്ണൂരിന്റെ മലയോരങ്ങളിൽ എണ്ണമറ്റ കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വിപ്‌ളവ വനിത ഓർമ്മയായി. കർഷകത്തൊഴിലാളിയൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന കെ എസ് അമ്മുക്കുട്ടിയാണ് (88) മരണമടഞ്ഞത്. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

വാർദ്ധ്യകാല അവശതകളെ തുടർന്ന് ആലക്കോട് അരങ്ങത്തുള്ള മകളുടെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ച് ഭേദമായതാണ്. വെള്ളിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആലക്കോട് സഹകരണ ആശുപത്രിയിലും തുടർന്ന് എ കെ ജി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കണ്ണൂർ ജില്ലയിലും കിഴക്കൻ മലയോരത്തും കർഷകതൊഴിലാളികളെയും മഹിളകളെയും സംഘടിപ്പിക്കുന്നതിൽ ത്യാഗോജ്ജ്വല പ്രവർത്തനം നടത്തിയ അമ്മുക്കുട്ടി അവിഭക്ത സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം, ഉദയഗിരി പഞ്ചായത്തംഗം, ആലക്കോട് സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ ബോർഡംഗം, ഉദയഗിരി പഞ്ചായത്ത് വനിത സർവ്വീസ് സഹകരണ സംഘം ഡയരക്ടർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

പരേതരായ ശങ്കരന്റെയും ലക്ഷ്മിയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുഞ്ഞപ്പ. മകൾ: സരോജിനി. മരുമകൻ: സിപി എം നേതാവും മുൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ ജയപുരം രാജു.

സഹോദരങ്ങൾ: പരേതരായ മീനാക്ഷി, കൃഷളണൻ. മൃതദേഹം സിപി എം ആലക്കോട് ഏരിയാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തിൽ പൊതുദർശനത്തിന് വെച്ചശേഷം പയ്യാമ്പലത്ത് സംസ്‌കരിക്കും. കെ എസ് അമ്മുക്കുട്ടിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കർഷക തൊഴിലാളി രംഗത്തെ ആദ്യ കാല നേതാക്കളിലൊരാളാണ് അമ്മുക്കുട്ടി കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനമായിരുന്നു അമ്മുക്കുട്ടിയുടെ തെന്ന് മുഖ്യമന്ത്രി അനുശോചിച്ചു