കുവൈത്ത് സിറ്റി: രാജ്യത്തുള്ള അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് പോകാൻ അവസരം തുറക്കുന്നു. നിലവിലുള്ള ഒരുലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാർക്കാണ് താമസാനുമതിരേഖ സാധുതയുള്ളതാക്കി മാറ്റാനോ പിഴ കൂടാതെ രാജ്യംവിട്ടുപോകാനോ സാധിക്കുംവിധം പൊതുമാപ്പ്  പ്രഖ്യാപിക്കുന്നത്.

ഏറെക്കാലമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്ന പൊതുമാപ്പ് ഉടൻ പ്രഖ്യാപിക്കുമെന്ന് ഉന്നത വക്താവ് വെളിപ്പെടുത്തിയതായി ദേശീയ ദിനപത്രം ആണ് റിപ്പോർട്ട് ചെയ്തത്. തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന് കരാർപ്രകാരമുള്ള തൊഴിലവസരം നൽകാതെ മറ്റ് ജോലിസ്ഥലങ്ങളിലേക്ക് വിടുന്ന പ്രവണത വർധിച്ചുവരുന്നു. അത്തരത്തിൽ തൊഴിൽ ചെയ്യുന്നവർ കാലാവധികഴിഞ്ഞ് വിസ പുതുക്കാനാകാതെ രാജ്യത്ത് അനധികൃതമായി താമസിക്കുകയാണ്. ഈ തരത്തിൽ ഒരു ലക്ഷത്തിലധികം അനധികൃതരാണ് രാജ്യത്ത് പ്പോഴുള്ളത് എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ.

നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയും ഒളിവിൽ താമസിക്കുന്നവരെയും കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിൽ കർശനമായ പരിശോധന ഉണ്ടാവുമെന്നും രാജ്യത്തിലെ ആറ് വിവിധ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ച് പരിശോധന ഉണ്ടാവുമെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.