വിനു മങ്കാദ് ട്രോഫി: ഏഴ് വിക്കറ്റ് നേട്ടവുമായി കേരള താരം ആദിത്യ ബൈജു

Update: 2024-10-11 12:46 GMT

തിരുവനന്തപുരം: അണ്ടര്‍ 19 വിനു മങ്കാദ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കേരള താരം ആദിത്യ ബൈജു. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്.

ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ തന്റെ ഉജ്ജ്വല സ്‌പെല്ലിന് തുടക്കമിട്ടത്. ഉത്തരാഖണ്ഡ് ക്യാപ്റ്റന്‍ ആരവ് മഹാജനെയും തുടര്‍ന്നെത്തിയ ആയുഷ് ദേസ്വാളിനെയും ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു ആദിത്യ. തുടര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ ഉത്തരാഖണ്ഡിനെ 297ല്‍ പിടിച്ചു കെട്ടിയതും ആദിത്യയുടെ ബൗളിങ് മികവാണ്. 45ആം ഓവറിലും 47ആം ഓവറിലും ആദിത്യ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പത്ത് ഓവറില്‍ 67 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ആദിത്യ സ്വന്തമാക്കിയത്. വിനു മങ്കാദ് ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നാണ് ആദിത്യയുടേത്. ആദിത്യയുടെ മികച്ച പ്രകടനത്തിനും പക്ഷെ ടീമിന് വിജയമൊരുക്കാനായില്ല. മത്സരത്തില്‍ കേരളം 131 റണ്‍സിന്റെ തോല്‍വി വഴങ്ങി.

കോട്ടയം കുമരകം സ്വദേശിയായ ആദിത്യ കളിച്ചു വളര്‍ന്നത് ദുബായിലാണ്. അച്ഛന്റെ ക്രിക്കറ്റ് ആവേശം പിന്തുടര്‍ന്നാണ് ആദിത്യയും ക്രിക്കറ്റിലേക്ക് ചുവട് വയ്ക്കുന്നത്. അച്ഛനായ ബൈജു ജില്ല, സോണ്‍ തലങ്ങളില്‍ വരെയുള്ള ടീമുകളില്‍ കളിച്ചിട്ടുണ്ട്. സ്മിതയാണ് അമ്മ.

കേരളത്തില്‍ നിന്ന് എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനത്തിന് സെലക്ഷന്‍ ലഭിച്ച ആദിത്യ കേരളത്തിന്റെ ഭാവി പേസ് ബൗളിങ് പ്രതീക്ഷയാണ്. അടുത്തിടെയാണ് ആദിത്യയ്ക്ക് സെലക്ഷന്‍ ലഭിച്ചത്. മികച്ച വേഗവും ലൈനും ലെങ്തുമാണ് ആദിത്യയുടെ കരുത്ത്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ വിക്കറ്റെടുക്കാനുള്ള കഴിവാണ് മറ്റൊരു മികവ്.

കഴിഞ്ഞ വര്‍ഷവും കേരളത്തിന്റെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു ആദിത്യ. ഇതിനു പറമെ കെസിഎയുടെ എലൈറ്റ് ടൂര്‍ണ്ണമെന്റുകളായ കോറമാന്റല്‍ ട്രോഫിയിലും സെലസ്റ്റിയല്‍ ട്രോഫിയിലും മികച്ച പ്രകടനവും കാഴ്ച വച്ചു. കോറമാന്റല്‍ ട്രോഫിയില്‍ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, സെലസ്റ്റിയല്‍ കപ്പിലെ പ്രോമിസിങ് പ്ലെയറായിരുന്നു ആദിത്യ. ഈ മികവാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അണ്ടര്‍ 19 ടീമിലേക്ക് വഴി തുറന്നത്.

Tags:    

Similar News