എന്റെ സമരങ്ങള്‍ ആദിവാസികള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല;എല്ലാവര്‍ക്കും വേണ്ടിയായിരുന്നു - സി.കെ. ജാനു
ഞാന്‍ നടത്തിയ സമരങ്ങള്‍ ആദിവാസികള്‍ക്ക് വേണ്ടിമാത്രമായിരുന്നില്ല; എല്ലാവര്‍ക്കും വേണ്ടിയായിരുന്നുവെന്ന് സി.കെ. ജാനു പറഞ്ഞു. ആ സമരങ്ങളിലൂടെ സാമൂഹിക വളര്‍ച്ചയുണ്ടായി. എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രയോജനമുണ്ടായി. എന്റെ സമരങ്ങള്‍ അടയാളപ്പെടുത്തലുകളായിരുന്നു. മനുഷ്യരുടെ മനസ്സിന്റെ വേദന എനിക്കറിയാം. അമ്മയുടെ രോഗവും മരണവുമായി ബന്ധപ്പെട്ട് ഞാന്‍ കുറേ നാളുകളായി പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തയാഴ്ച മുതല്‍ വീണ്ടും ഞാന്‍ സജീവമാകും; സി.കെ. ജാനു പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ പ്രദീപന്‍ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സി.കെ. ജാനു. അന്യഭാഷയ്ക്ക് വേണ്ടി അഭയാര്‍ത്ഥിത്വം സ്വീകരിക്കുന്നവരാണ് മലയാളികള്‍. മലയാള ഭാഷ കേരളത്തിന്റെ അസ്ഥിത്വവും വ്യക്തിത്വവുമാണ്. മലയാളഭാഷയെ നെഞ്ചോട് ചേര്‍ത്തിരിക്കുന്നവര്‍ ഗോത്രവര്‍ഗക്കാരാണ്. കേരളത്തില്‍ 36 വിഭാഗം ആദിവാസികളുണ്ട്. ഓരോ വിഭാഗത്തിനും അതത് ഗോത്രവര്‍ഗ്ഗ ഭാഷയുമുണ്ട്. എങ്കിലും എല്ലാവരും ഉപയോഗിക്കുന്നത് മലയാളഭാഷയാണ്. മലയാളഭാഷയുടെ തനിമ നിലനിര്‍ത്തുന്നതില്‍ ഗോത്രവര്‍ഗ്ഗങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്; സി.കെ. ജാനു പറഞ്ഞു.
കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കില്‍ സംഘടിപ്പിച്ച മാതൃഭാഷാവാരാചരണ സമാപന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി, പ്രദീപന്‍ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്‌കാരം സി.കെ. ജാനുവിന് സമ്മാനിച്ചു. സംസ്ഥാന ഭരണഭാഷാ പുരസ്‌കാരം ലഭിച്ച അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പി.ബി. സിന്ധുവിനെ ആദരിച്ചു.
പ്രൊഫ. സജിത കെ.ആര്‍. അധ്യക്ഷയായിരുന്നു. ഡോ. എം.സി. അബ്ദുള്‍ നാസര്‍ പ്രദീപന്‍ പാമ്പിരിക്കുന്ന് സ്മാരക പ്രഭാഷണം നിര്‍വ്വഹിച്ചു. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ്, പ്രൊഫ. വി. ലിസി മാത്യു, സില്‍വി കൊടക്കാട്, സുഖേഷ് കെ. ദിവാകര്‍, പ്രേമന്‍ തറവട്ടത്ത്, പി.ബി. സിന്ധു, കെ.ആര്‍. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മാതൃഭാഷാവാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തീര്‍ത്ഥ മോഹന്‍ കാവ്യാവിഷ്‌കാരം നടത്തി.