ശബരിമലയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ സ്വീകരിച്ച 23 കാരന്‍ വീട്ടിലേക്ക് മടങ്ങി

Update: 2025-12-12 14:11 GMT

കൊച്ചി : ശബരിമല ദര്‍ശനത്തിന് ശേഷം പമ്പയില്‍ വെച്ചാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ അനീഷ് എ.ആര്‍ അപസ്മാരത്തെ തുടര്‍ന്ന് വീഴുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച അനീഷിന്റെ ആഗ്രഹപ്രകാരം തന്നെയാണ് കുടുംബം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് അനീഷ് ദാനം ചെയ്ത ഇരുകൈകളും ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചത് സേലം സ്വദേശിയായ 23 കാരനായിരുന്നു.

കുടുംബമായി ചെയ്യുന്ന കോഴിഫാമിലെ മേല്‍ക്കൂര ഉറപ്പിക്കുന്നതിനിടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് വൈദ്യുതാഘാതം ഏറ്റാണ് ഗോകുലപ്രിയന് ഇരു കൈകളും നഷ്ടമായത്. കൂടെയുണ്ടായിരുന്ന മുത്തശ്ശന്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തു. 2018ലെ അപകടത്തിനുശേഷം ഗോകുലപ്രിയന്‍ കൃത്രിമ കൈകള്‍ വച്ചുപിടിപ്പിച്ചെങ്കിലും സാധാരണ ജീവിതം അപ്പോഴും ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു.

കൊച്ചി അമൃത ആശുപത്രിയില്‍ എത്തിയ ഗോകുലപ്രിയന് വീണ്ടും കാത്തിരിപ്പിന്റെ നാളുകള്‍. ചികിത്സ അമൃതയില്‍ ആരംഭിച്ചതോടെ യാത്ര സൗകര്യം എളുപ്പമാക്കാന്‍ ഹരിപ്പാടുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് താമസം മാറി. ഇതിനിടെയാണ് അനീഷിന്റെ കൈകള്‍ മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഗോകുലപ്രിയന് ലഭിക്കുന്നത്. 2025 ഒക്ടോബര്‍ 22 നു ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ കൈകള്‍ ഗോകുലപ്രിയന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയയ്ക്കും അതിനു ശേഷമുള്ള ചികിത്സക്കും വിവിധ വിഭാഗങ്ങള്‍ ഒറ്റമനസ്സോടെ പ്രവര്‍ത്തിച്ചു. കൊച്ചി അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് വിഭാഗം മേധാവി ഡോ.സുബ്രമണ്യ അയ്യര്‍ നേതൃത്വം നല്‍കിയ ശസ്ത്രക്രിയയിലും ശേഷമുള്ള ചികിത്സയിലും ഡോ. കിഷോര്‍ പുരുഷോത്തമന്‍, ഡോ. ജിമ്മി മാത്യു, ഡോ. മോഹിത് ശര്‍മ്മ, ഡോ. ജനാര്‍ദ്ദനന്‍, ഡോ. സാം തോമസ്, ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. ബാലു സി ബാബു , അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ജെറി പോള്‍, ഡോ. സുനില്‍ രാജന്‍, നെഫ്രോളജി വിഭാഗം ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ജോര്‍ജ് കുര്യന്‍, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം മേധാവി ഡോ.രവി ശങ്കരന്‍ തുടങ്ങിയവര്‍ പങ്കാളികളായി.

മുപ്പത്തി രണ്ടു നാളുകള്‍ നീണ്ട ആശുപത്രിവാസത്തില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും കുടുംബത്തിനൊപ്പം ഗോകുലപ്രിയന്റെ തിരിച്ചുവരവിന് സാധ്യമായതെല്ലാം ഒരുക്കി നല്‍കി. ഇത്രയും ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിടുന്ന ഗോകുലപ്രിയന് കൊച്ചി അമൃത ആശുപത്രി അധികൃതര്‍ സന്തോഷ സൂചകമായി കേക്കുമുറിച്ച് യാത്രയപ്പ് നല്‍കി. യാത്രയയപ്പു ചടങ്ങില്‍ അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍, കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (K-SOTTO) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് .എസ്.എസ്. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കൈകള്‍ ലഭിച്ചതോടെ തനിക്ക് പഴയ ജീവിതം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഗോകുല പ്രിയന്‍ പറഞ്ഞു. ഗോകുലപ്രിയന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ അഛനും മുത്തശ്ശിയും കൊച്ചി അമൃത ആശുപത്രിയില്‍ എത്തിയിരുന്നു. പത്തു വര്‍ഷം മുന്‍പ് ആരംഭിച്ച് ഇന്നേക്ക് ഇരു കൈകളും മാറ്റിവയ്ക്കുന്ന ലോകത്തെത്തന്നെ ഒന്നാമത്തെ സെന്റര്‍ ആയി അമൃത ആശുപത്രി മാറിയെന്ന് ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു. അമൃത കൊച്ചി, ഫരീദാബാദ് ആശുപത്രികളിലായി ഇരു കൈകളും മാറ്റിവയ്ക്കുന്ന 21 ശസ്ത്രക്രിയകളാണ് ഇതിനോടകം പൂര്‍ത്തിയായിട്ടുള്ളത്.

Similar News