മെഡിക്കല്‍ ഫ്രറ്റേണ്‍സ് മെഡിക്കല്‍ സമ്മിറ്റ് ഏപ്രില്‍ 26 ന്
കോഴിക്കോട്: 'കെയര്‍ ആസ് എ ഫ്രറ്റേണല്‍ പ്രാക്ടീസ്' എന്ന തലക്കെട്ടില്‍ മെഡിക്കല്‍ ഫ്രറ്റേണ്‍സ് സംഘടിപ്പിക്കുന്ന മെഡിക്കല്‍ സമ്മിറ്റ് ഏപ്രില്‍ 26 ന് തൃശൂരില്‍ വെച്ചുനടക്കും. കോഴിക്കോട് വെച്ചുനടന്ന പരിപാടിയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ സമ്മിറ്റിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു.
സമ്മിറ്റിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ വര്‍ക്ക്‌ഷോപ്പില്‍ ഡോ. പി.കെ.സാദിഖ്, ഡോ. എ.കെ.സഫീര്‍, അന്‍വര്‍ സലാഹുദ്ദീന്‍ എന്നിവര്‍ സെഷനുകള്‍ നയിച്ചു. കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന വര്‍ത്തമാനകാല വെല്ലുവിളികളും വിദ്യാര്‍ത്ഥി പക്ഷത്തുനിന്നുള്ള പരിഹാരങ്ങളും വര്‍ക്ക്‌ഷോപ്പില്‍ ചര്‍ച്ച ചെയ്തു. മുഹമ്മദ് സഈദ് ടി.കെ, ബാസിത് താനൂര്‍, ഫയാസ് ഹബീബ്, ഡോ. അഹ്‌സന്‍ അലി, ഇഷ്മ സാലിം, ഡോ. നബീല്‍ അമീന്‍, നബ്ഹാന്‍ താജ് എന്നിവര്‍ സംസാരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ രംഗഞ്ഞ പ്രതിസന്ധികളും ചികിത്സ മേഖലയിലെ നീതിനിഷേധങ്ങളും സമ്മിറ്റിലെ പ്രധാന ചര്‍ച്ച വിഷയമാക്കുമെന്ന് മെഡിക്കല്‍ ഫ്രറ്റേണ്‍സ് ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദഗ്ധര്‍ എന്നിവരെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനവും പരിപാടികളുമാണ് സമ്മിറ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.