ചക്കമല ഷാനവാസിനെ കയ്യേറ്റം ചെയ്ത സംഭവം: കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2025-12-11 14:58 GMT

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടി വാമനപുരം മണ്ഡലം സെക്രട്ടറി ചക്കമല ഷാനവാസിനെ തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന് സമീപത്ത് വെച്ച് കയ്യേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കല്ലറ പറഞ്ഞു. സി.പി.എം - എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പാങ്ങോട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഇരു പാര്‍ട്ടികളുടെയും പരാജയഭീതി മൂലമാണ് സ്ഥാനാര്‍ത്ഥി കൂടിയായ ചക്കരമല ഷാനവാസിന് നേരെ അക്രമം അഴിച്ചുവിട്ടത്.

പാങ്ങോട് പഞ്ചായത്തിലെ കാക്കാണിക്കര വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ചക്കമല ഷാനവാസിനെ പൊലീസ് സാന്നിധ്യത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. അക്രമി സംഘം വെല്‍ഫെയര്‍ പാര്‍ട്ടി വാമനപുരം മണ്ഡലം പ്രസിഡന്റ് ഷബീര്‍ പാലോടിന്റെ വാഹനം തടയുകയും കേടുവരുത്തുകയും ചെയ്തു. അക്രമം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ ചക്കമല ഷാനവാസിന്റെ കുടുംബത്തെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു.

സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാനവാസിനെ ഭരതന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പ്രസിഡന്റ് അഷ്‌റഫ് കല്ലറ അറിയിച്ചു.

Similar News