ലോക ഭിന്നശേഷി ദിനംസ്പെഷ്യല്‍ സ്റ്റുഡന്റസ് ഗാലയുമായി ആസ്മാന്‍
താമരശ്ശേരി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ സ്റ്റുഡന്റസ് ഗാലയുമായി പൂനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്മാന്‍ സെന്റര്‍ ഫോര്‍ ഹാപ്പിനസ്. പരിപാടിയുടെ ഭാഗമായി ക്യാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും എബിലിറ്റി ഘോഷയാത്രയും ബോധവത്കരണവും നടത്തി. ഭിന്നശേഷി വിദ്യാര്‍ഥികളുടെ ദഫ് പ്രദര്‍ശനവും ഫ്ളവര്‍-പ്ലക്കാര്‍ഡ് ഷോ, ബലൂണ്‍ റൈസിംഗ് തുടങ്ങിയവയും ഘോഷയാത്രയെ വര്‍ണാഭമാക്കി.
സമൂഹത്തില്‍ പരിഗണിക്കപ്പെടാതെ പോവുന്ന ഭിന്നശേഷി വിദ്യാര്‍ഥികളുടെ മികവിനെയും പരിശ്രമങ്ങളെയും മുഖ്യധാരയില്‍ എത്തിക്കുക എന്ന സന്ദേശത്തിലാണ് സ്റ്റുഡന്റസ് ഗാല സംഘടിപ്പിച്ചത്. സാമൂഹിക ഉത്തരവാദിത്വം, പൗരബോധം, അവകാശം തുടങ്ങി ഭിന്നശേഷി സമൂഹത്തിന്റെ ആവശ്യകതകള്‍ വിളംബരം ചെയ്യുന്നതായിരുന്നു ഘോഷയാത്ര.
പൂനൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ പങ്കാളിത്തത്തോടെയാണ് ഗാല സംഘടിപ്പിച്ചത്. വഴി നീളെ മിഠായികളും മധുര പലഹാരങ്ങളും നല്‍കി പൂനൂര്‍ നിവാസികളും അടിയന്തിര ആതുര സേവനത്തിന് സന്നദ്ധരായി റിവര്‍ഷോര്‍ ആശുപത്രി ജീവനക്കാരും ഘോഷയാത്രക്ക് പിന്തുണ നല്‍കി.
പൂനൂര്‍ അങ്ങാടിയില്‍ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് സെക്രട്ടറി മുനവ്വര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് റെഡ് ടാഗ് അധ്യക്ഷത വഹിച്ചു. സികെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍ ഭിന്നശേഷി ദിന സന്ദേശം നല്‍കി. ജബ്ബാര്‍ നരിക്കുനി, രമേശന്‍ മാസ്റ്റര്‍, അബി, സജിത, ഇര്‍ഫാന, ഗിരിജ ടീച്ചര്‍, അജു റെഡ് ടാഗ് ആശംസകള്‍ നേര്‍ന്നു. ആസ്മാന്‍ ഡയറക്ടറേറ്റ് മെമ്പര്‍ ഷമീര്‍ വട്ടക്കണ്ടി സ്വാഗതവും സലാമുദ്ദീന്‍ നന്ദിയും പറഞ്ഞു.