മൂന്നാനി ഗാന്ധിപ്രതിമയ്ക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം
പാലാ: മൂന്നാനി ഗാന്ധി പ്രതിമയ്ക്കും കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നതിനും സമീപമുള്ള കൈതോട്ടിലേയ്ക്ക് സാമൂഹ്യ വിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു.
ശുചിമുറി മാലിന്യ നിക്ഷേപകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതാണ് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജി ടോണി, ജയിസണ്‍ മാന്തോട്ടം, ടോണി തൈപ്പറമ്പില്‍, വേണു വേങ്ങയ്ക്കല്‍, താഷ്‌കന്റ് പൈകട, വൈശാഖ് പാലാ, ബിനു പെരുമന, ജ്യോതിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ജോബി മാത്യു, അമല്‍ കെ ഷിബു, ബിസ്‌മോന്‍ ബിനു, അക്ഷയ് ഷാജു എന്നിവര്‍ നേതൃത്വം നല്‍കി.
ഈരാറ്റുപേട്ട ഹൈവേയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്ന കൈത്തോട്ടിലാണ് കഴിഞ്ഞ രാത്രി വന്‍തോതില്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. രാത്രി 11 മണിക്കു ശേഷമാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് നാട്ടുകാര്‍ പറയുന്നു. ടാങ്കര്‍ ലോറിയില്‍ എത്തിച്ച മാലിന്യമാണ് തള്ളിയതെന്ന് പറയപ്പെടുന്നു. ഇതോടെ ഈ മേഖലയില്‍ ദുര്‍ഗന്ധം വമിച്ചു. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ശുചീകരണ നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഗാന്ധി പ്രതിമയ്ക്ക് പിന്നില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേയ്ക്കും ശുചിമുറി മാലിന്യം തള്ളിയിരുന്നു. ഇതിനു തൊട്ടു സമീപത്താണ് കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നത്.
ഏറെ നാളുകള്‍ക്കു മുമ്പ് സ്ഥിരമായി ഈ ഭാഗത്ത് ക്കൂസ് മാലിന്യം തള്ളിയിരുന്നു. അന്ന് പ്രതിക്ഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നു ഏറെ നാളുകളായി മാലിന്യം നിക്ഷേപിക്കുന്നത് നിറുത്തിവച്ചിരുന്നു.