വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

Update: 2024-10-05 13:11 GMT

വയനാട്: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. വയനാട് സുല്‍ത്താന്‍ ബത്തേരി മാങ്കുറ്റി കുറുമ ട്രൈബല്‍ കോളനിയിലെ 42 കാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 5 മണിയോടെയാണ് സംഭവം. ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി.

ആംബുലന്‍സ് പൈലറ്റ് എല്‍ദോ കെ.ജി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ അനീഷ് സി.ഡി എന്നിവര്‍ കോളനയില്‍ എത്തി. തുടര്‍ന്ന് അനീഷ് അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് എല്‍ദോ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Tags:    

Similar News