ഡല്‍ഹി എന്‍ സി ആറില്‍ രണ്ടു പുതിയ ഓഫീസുകള്‍ തുറന്ന് യു എസ് ടി ഇന്ത്യ സാന്നിധ്യം വിപുലീകരിച്ചു
ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി, ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളില്‍ രണ്ട് പുതിയ ഓഫീസുകള്‍ തുറന്നു. 256 സീറ്റുകളുള്ള ഗുരുഗ്രാം ഓഫീസ് വോക്കോ വാണിജ്യ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 215 സീറ്റുകളുള്ള നോയിഡ ഓഫീസ് ലോജിക്‌സ് സൈബര്‍ പാര്‍ക്കിലും പ്രവര്‍ത്തിക്കും.
ഗുരുഗ്രാമിലെയും നോയിഡയിലെയും ഓഫീസുകള്‍ യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ഗ്ലോബല്‍ മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍; എച്ച്ആര്‍ ബിസിനസ് സക്‌സസ് ഇനേബ്‌ളര്‍ മേധാവി ശരത് രാജ്; ഡല്‍ഹി കേന്ദ്രം മേധാവി ചന്ദ്രശേഖരന്‍ സുന്ദരേശന്‍; മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
'യുഎസ് ടിയുടെ ഡല്‍ഹി എന്‍സിആറിലെ വിപുലീകരണത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഇത് ഇന്ത്യയുടെ ഉത്തര മേഖലയില്‍ ഞങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തുന്നു. നോയിഡയിലും ഗുരുഗ്രാമിലും ഓഫീസുകളുള്ളതിനാല്‍, മേഖലയിലുടനീളം ഐടി മേഖലയില്‍ ഉണ്ടാകുന്ന മികച്ച വളര്‍ച്ചയില്‍ യു എസ് ടി സുപ്രധാന പങ്ക് വഹിക്കുമെന്ന് ഉറപ്പുണ്ട്. ഈ വിപുലീകരണം ഞങ്ങളുടെ കഴിവുകളെ കൂടുതല്‍ ശക്തിപ്പെടുത്തും, ഒപ്പം ഉപഭോക്തൃ കമ്പനികള്‍ക്ക് മികവോടെയുള്ള സേവനങ്ങള്‍ നല്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും വിശ്വാസമുണ്ട്,' യുഎസ് ടി ഡല്‍ഹി കേന്ദ്രം മേധാവി ചന്ദ്രശേഖരന്‍ സുന്ദരേശന്‍ പറഞ്ഞു.
നോയിഡ ക്യാമ്പസിനുള്ളില്‍ ഒരു ടര്‍ഫും കഫറ്റീരിയയും സജ്ജീകരിച്ചിട്ടുണ്ട്. ഗുരുഗ്രാം ഓഫീസിലും സമാനമായ സൗകര്യങ്ങള്‍ ഒരുക്കും. ടെലികോം, ആരോഗ്യ സംരക്ഷണം, റീട്ടെയില്‍, ഹൈടെക് എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഉപഭോക്തൃ സ്ഥാപനങ്ങള്‍ക്ക് ഡല്‍ഹി എന്‍സിആര്‍ ഓഫീസുകളില്‍ നിന്ന് യുഎസ് ടി സേവനങ്ങള്‍ നല്‍കും.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും സാങ്കേതിക സേവനങ്ങളിലും ആഗോള തലത്തില്‍ത്തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചുകൊണ്ട് ഇന്ത്യയിലുടനീളം തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുക എന്നതാണ് യുഎസ് ടി ലക്ഷ്യമിടുന്നത്. അടുത്തകാലത്ത്, ബെംഗളൂരുവില്‍ 300 സീറ്റുള്ള നാലാമത്തെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ ജോലിസ്ഥലങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലീകരണം സാധ്യമാക്കുന്നത്. 2025 മാര്‍ച്ചില്‍, പൂനെയില്‍ 1,000 സീറ്റുള്ള ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം, ഡിസൈന്‍ എക്‌സ്പീരിയന്‍സ് സെന്ററിനൊപ്പം ബെംഗളൂരുവില്‍ രണ്ടാമത്തെ ഓഫീസും തുറന്നു. കൊച്ചിയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികളോടെ, തങ്ങളുടെ രണ്ടാമത്തെ സ്വന്തം കാമ്പസിനും കമ്പനി നിര്‍മാണം തുടങ്ങിക്കഴിഞ്ഞു.
യുഎസ് കമ്പനിയായ യു എസ് ടിയുടെ ഇന്ത്യ ആസ്ഥാനം 1999 മുതല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, പൂനെ, മുംബൈ, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി എന്‍സിആര്‍, അഹമ്മദാബാദ്, ഹൊസൂര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ ഓഫീസുകള്‍ സ്ഥാപിച്ച് രാജ്യത്തുടനീളം തങ്ങളുടെ സാന്നിധ്യം ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 20,000-ത്തിലധികം ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്.