യു എസ് ടി ജെന്‍സിസ് 2025 നോടനുബന്ധിച്ച് 'ക്യാപ്ചര്‍ ദി ഫ്‌ലാഗ്' മത്സരം സംഘടിപ്പിക്കും; വിജയികള്‍ക്ക് 7.5 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

Update: 2025-07-01 12:19 GMT

സൈബര്‍ സുരക്ഷാ മേഖലയില്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, നിര്‍മിത ബുദ്ധി മേഖലയിലെ പുത്തന്‍ സങ്കേതങ്ങളിലുള്ള മുന്നേറ്റങ്ങള്‍ തുടരുന്നതിനുമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി ഒരു ആഗോള വെര്‍ച്വല്‍ സൈബര്‍ സുരക്ഷാ സമ്മേളനം സംഘടിപ്പിക്കും. ജെന്‍സിസ് 2025 എന്ന പേരില്‍ നടക്കാനിരിക്കുന്ന സൈബര്‍ സുരക്ഷാ സമ്മേളനം ഈ വര്‍ഷം ഓഗസ്റ്റ് 23-24 തീയതികളിലാണ് നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള മികച്ച സൈബര്‍ സുരക്ഷാ പ്രതിഭകളെ കണ്ടെത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ക്യാപ്ചര്‍-ദി-ഫ്‌ലാഗ് (സിടിഎഫ്) മത്സരം സംഘടിപ്പിക്കും. വിജയികളാകുന്ന ടീമിന് 1.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഹാക്ക് ദി ബോക്‌സ്, ലെറ്റ്‌സ് ഡിഫെന്‍ഡ് തുടങ്ങിയ പങ്കാളികളില്‍ നിന്നുള്ള നോണ്‍-ക്യാഷ് പ്രൈസുകളും ഉള്‍പ്പെടെ 7.5 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കും. ഇത് കൂടാതെ, വിജയികള്‍ക്ക് യു എസ് ടി യില്‍ സോപാധിക ജോലി അവസരവും ലഭിക്കും.

സിടിഎഫ് മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ജൂലൈ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഓഗസ്റ്റ് 2ന് ഓണ്‍ലൈനായി പ്രാഥമിക റൗണ്ട് മത്സരം ആരംഭിക്കും. ആദ്യ റൗണ്ടിന് ശേഷം, മികച്ച 50 ടീമുകള്‍ 2025 ഓഗസ്റ്റ് 23-24 തീയതികളില്‍ തിരുവനന്തപുരത്തെ യു എസ് ടി കാമ്പസില്‍ സംഘടിപ്പിക്കുന്ന 24-മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഗ്രാന്‍ഡ് ഫിനാലെയിലേയ്ക്ക് യോഗ്യത നേടും.

മറഞ്ഞിരിക്കുന്ന പ്രശ്‌നങ്ങള്‍ അന്വേഷിച്ചു കണ്ടു പിടിക്കുക എന്ന ദൗത്യമാണ് ക്യാപ്ചര്‍-ദി-ഫ്‌ലാഗ് മത്സരാര്‍ത്ഥികള്‍ക്കു മുന്നിലുള്ളത്. പസിലുകള്‍, സ്‌ക്രിപ്റ്റുകള്‍, സിസ്റ്റങ്ങള്‍ എന്നിവയിലടങ്ങുന്ന കോഡുകള്‍ കണ്ടെത്തി തങ്ങളുടെ വിശകലന, സാങ്കേതിക, പ്രശ്‌നപരിഹാര കഴിവുകള്‍ പരീക്ഷിക്കുന്നതിനായി സങ്കീര്‍ണ്ണമായ സുരക്ഷാ പ്രശ്നങ്ങളുടെ ഒരു പരമ്പര തന്നെ പരിഹരിക്കേണ്ടതായുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍മ്മിത ബുദ്ധിയിലൂന്നിയുള്ള വിപുലമായ സുരക്ഷാ വെല്ലുവിളികളും നേരിടേണ്ടതുണ്ട്. മത്സരാര്‍ത്ഥികളുടെ കഴിവുകള്‍ പരീക്ഷിക്കുന്നതിനും അവ ഉയര്‍ത്തുന്നതിനുമുള്ള ഒരു വേദിയാകും ഇത്.

'സൈബര്‍ സുരക്ഷയുടെ ഭാവി എന്നത് മനുഷ്യന്റെ ചാതുരിയുടെയും നിര്‍മ്മിത ബുദ്ധി നവീകരണത്തിന്റെയും കൂടിച്ചേരലായി ഞങ്ങള്‍ വിഭാവനം ചെയ്യുന്നു. അനുഭവപരിചയ പഠനത്തിലൂടെ യഥാര്‍ത്ഥ ലോകത്തിലെ സൈബര്‍ സുരക്ഷാ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് അടുത്ത തലമുറയിലെ സൈബര്‍ സുരക്ഷാ പ്രഫഷണലുകളുടെ വികസനത്തിനായുള്ള ഞങ്ങളുടെ സ്ഥിരമായ പ്രതിബദ്ധതയാണ് ജെന്‍സിസ് 2025 സമ്മേളനം പ്രതിഫലിപ്പിക്കുന്നത്. സിടിഎഫ് മത്സരത്തോടൊപ്പം പാനല്‍ ചര്‍ച്ചകള്‍, പ്രബന്ധ അവതരണങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ജെന്‍സിസ് 2025 ലൂടെ സൈബര്‍ സുരക്ഷാ മേഖലയില്‍ യുഎസ് ടിയുടെ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ സൈബര്‍ സുരക്ഷാ പ്രതിഭകള്‍ക്ക് വേദിയൊരുക്കുകയും ചെയ്യും,' യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കമ്പനിയുടെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള കളേഴ്സ് സംഘടന ഒരുക്കുന്ന ജെന്‍സിസ് 2025, വ്യവസായ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും, പാനല്‍ ചര്‍ച്ചകള്‍, അത്യാധുനിക സുരക്ഷാ നവീകരണങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയുടെ അവതരണം കൊണ്ടും സമ്പന്നമാകും. പ്രായോഗിക പഠനം, സൈബര്‍ സുരക്ഷാ വെല്ലുവിളികള്‍, സുരക്ഷയില്‍ നിര്‍മ്മിത ബുദ്ധിയുടെ പ്രയോഗങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന, വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള, ശില്പശാലകള്‍ക്കും സമ്മേളനം വേദിയാകും.രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും, വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Tags:    

Similar News