ഉപതിരഞ്ഞെടുപ്പ് ഹാങ്ഓവര്‍ മാറിയപ്പോള്‍ ബാര്‍ക്കില്‍ മൂക്കുംകുത്തി വീണ് റിപ്പോര്‍ട്ടര്‍ ടിവി; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് എത്തിപ്പോള്‍ 38 പോയിന്റ് ഇടിഞ്ഞ് റിപ്പോര്‍ട്ടര്‍ മൂന്നാം സ്ഥാനത്തേക്ക്; രണ്ടാം സ്ഥാനത്ത് 24ന്യൂസ് ചാനല്‍; കോടികള്‍ എറിഞ്ഞ് ബാര്‍ക്കില്‍ മുന്നിലെത്തുന്ന റിപ്പോര്‍ട്ടര്‍ തന്ത്രത്തിന് തിരിച്ചടി

ഉപതിരഞ്ഞെടുപ്പ് ഹാങ്ഓവര്‍ മാറിയപ്പോള്‍ ബാര്‍ക്കില്‍ മൂക്കുംകുത്തി വീണ് റിപ്പോര്‍ട്ടര്‍ ടിവി

Update: 2025-07-10 06:54 GMT

കൊച്ചി: മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ജനപ്രീതിയില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ശക്തമായ തിരിച്ചു വരവ്. ഉപതിരഞ്ഞെടുപ്പ് ഹാങ്ഓവര്‍ മാറിയപ്പോള്‍ ബാര്‍ക്കില്‍ ഒന്നാമതായിരുന്ന റിപ്പോര്‍ട്ടര്‍ ടിവി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 38 പോയിന്റിന്റെ നഷ്ടമാണ് റിപ്പോര്‍ട്ടറിന് ഉണ്ടായത്.

പോയവാരം എടുത്തുപറയാവുന്ന വലിയ വാര്‍ത്തകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വാര്‍ത്താ ചാനലുകളില്‍ നിന്നും പൊതുവേ ആളൊഴിയുന്ന കാഴ്ച്ചയാണ് കണ്ടത്. മിക്ക ചാനലുകളും പോയിന്റില്‍ പിന്നോക്കം പോയി. എന്നാല്‍ ആഘോഷമില്ലാത്ത സ്വാഭാവിക വാര്‍ത്തകളിലേക്ക് ആളുകള്‍ മടങ്ങിയതോടെ റിപ്പോര്‍ട്ടര്‍ ചാനലിന് വന്‍ വീഴ്ച്ചയാണ് സംഭവിച്ചത്. ഏഷ്യനെറ്റ് ന്യൂസ് 95 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ട്വന്റി ഫോണ്‍ ന്യൂസ് ചാനലിന് 85 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. റിപ്പോര്‍ട്ടര്‍ 80 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

26ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗ് പുറത്തുവന്നപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായി ഒന്നാം സ്ഥാനത്ത് റിപ്പോര്‍ട്ടറായിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും അതിന്റെ ഹാങ് ഓവറുകളും മറ്റുമായി വാര്‍ത്താ ചാനലുകള്‍ കാണുന്ന ആളുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. ഇതോടെ ശക്തമായ മത്സരമാണ് ഉണ്ടായത്. അധികം വന്ന കാഴ്ച്ചക്കാരുടെ ബലത്തില്‍ റിപ്പോര്‍ട്ടര്‍ ഒന്നാമതെത്തിയിരുന്നു. ഇതിനിടെ കുറച്ചുകാലമായി മൂന്നാം സ്ഥാനത്തായിരുന്ന 24 ന്യൂസ് ചാനല്‍ രണ്ടാം സ്ഥാനം തിരികെ പിടിക്കുകയും ചെയ്തു.


 



കഴിഞ്ഞ ആഴ്ച്ച 118 പോയിന്റുകള്‍ സ്വന്തമാക്കിയാണ് റിപ്പോര്‍ട്ടര്‍ ടിവി 25-ാം ആഴ്ചയില്‍ ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള ട്വന്റിഫോര്‍ ന്യൂസിന് 113 പോയിന്റുകളാണ് ഉണ്ടായിരുന്നത്. ഏഷ്യാനെറ്റിന്റെ റേറ്റിങ് 106 പോയിന്റുകളോടെ മൂന്നിലായിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ പുറത്തുവന്ന ആഴ്ചയിലെ കണക്കുകളാണ് പുറത്തുവന്നത്.

26ാം ആഴ്ചയിലെ കണക്കുകളില്‍ 44 പോയിന്റുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്തും 41 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. 33 പോയിന്റുമായി ന്യൂസ് മലയാളം ആണ് ആറാം സ്ഥാനത്തുളളത്. 18 പോയിന്റുമായി കൈരളി ന്യൂസ് ഏഴാമതും ജനം ടിവിക്ക് 17 പോയിന്റുകളുമായി എട്ടാം സ്ഥാനവും നിലനിര്‍ത്തി. ന്യൂസ് 18 കേരളത്തിന് 13 പോയിന്റും മീഡിയാ വണ്ണിന് 9 പോയിന്റ് മാത്രമാണുള്ളത്.

ബാര്‍ക്ക് റേറ്റിങ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. നേരത്തെ നാല് ആഴ്ചകളിലെ ആവറേജ് പോയിന്റുകളാണ് ബാര്‍ക്ക് കണക്കായിരുന്നത്. അതില്‍ മാറ്റം വരുത്തി ഇപ്പോള്‍ ഓരോ ആഴ്ചയിലേയും കണക്കുകളാണ് പുറത്തുവിടുന്നത്. കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്തു വാങ്ങിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍, ഈ തന്ത്രം വിജയിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അതേസമയം കേരളാ വിഷനില്‍ രണ്ടാം ലാന്‍ഡിംഗ് പേജ് എടുത്തിരിക്കുന്നത് 24 ന്യൂസ് ചാനലാണ്.

Tags:    

Similar News